രചന : ജയേഷ് പണിക്കർ✍

ഇക്ഷിതിയിലേറ്റം വിലയെഴുന്ന
അക്ഷയഖനിയാണക്ഷരം
ഇഷ്ടമായീടുകിലങ്ങെങ്കിലോ
തൽക്ഷണം നമ്മെയനുഗമിക്കും
എത്ര വിശിഷ്ടമീയക്ഷരപ്പൂവുകൾ
അത്രയങ്ങേകും വസന്തവുമേ
നഷ്ടമാക്കീടരുതേയിവ നിങ്ങൾക്കു
പുഷ്ടി വരുത്തിടും ജീവിതത്തിൽ
എത്ര ലോകങ്ങളോ തീർത്തു നല്കും
പുത്തനറിവു പകർന്നു നല്കും
നശ്വരമായവയെന്നുമെന്നും
അക്ഷരമാണെന്നറിയുക നീ
പൊന്നിൻ വെളിച്ചം പകർന്നങ്ങനെ
മണ്ണിലെഴുന്ന സൗഭാഗ്യമല്ലേ
വിജ്ഞാന ചെപ്പു നിറക്കുന്നതാം
വിശ്വത്തിൻ മാണിക്യച്ചിപ്പിയല്ലേ
വിദ്യ തൻ ദീപം തെളിച്ചിടും നീ
വിശ്വത്തിനാനന്ദമേകിടുന്നു
വിജയിയായ്ത്തീർക്കുമീ മാനവരെ
ക്ഷരമില്ലാത്തതായി നീയൊന്നു മാത്രം
ക്ഷണികമീ ജീവിതയാത്രയിതിൽ
അന്ധകാരത്തിലേക്കാഴ്ന്നിറങ്ങി
ചിന്തകൾമെല്ലെയുണർത്തിടുന്നു
മായാതെ നില്ക്കുകയെന്നുമെന്നും
മാനവർ തന്നുടെയുള്ളിലായി..

ജയേഷ് പണിക്കർ

By ivayana