രചന : മായ അനൂപ്✍
ചെമ്പകപ്പൂവിൻ നറുമണം പോലെന്നെ
പുൽകിയുണർത്തിയ വാസന്തമേ
എത്രയോ രാവുകൾ തോറും നീ വന്നെന്നിൽ
വാരിച്ചൊരിഞ്ഞു നിൻ സൗഭഗത്തെ
പണ്ടേതോ രാഗസരസ്സിൽ നാം രണ്ടിണ-
യരയന്നങ്ങൾ പോലെ നീന്തീടവേ
വേർപിരിഞ്ഞകലേയ്ക്ക് പോയതോ
വീണ്ടുമിന്നീ വഴിത്താരയിൽ കണ്ടുമുട്ടാൻ
സിന്ദൂരക്കുറി തൊട്ട സന്ധ്യയാം കാമിനി
പൊന്നിൻ കിരീടം ഒന്നണിഞ്ഞീടവേ
ഏതോ ദിവാസ്വപ്നത്തേരിലെൻ മാനസം
നിന്നരികത്തേയ്ക്കായ് ഓടിയെത്തും
നിന്റെയാ വർണ്ണച്ചിറകുകൾക്കുള്ളിൽ നീ
എന്റെയീ തളിരുടൽ ചേർത്തിരുത്തി
സ്നേഹത്തിൻ ചൂട് പകരുവാൻ വന്നതോ
പാറിപ്പറന്നൊരീ ചില്ലയിൻ മേൽ
തേനമൃതോലുമാ അധരങ്ങൾ എന്നുടെ
അധരത്തിൽ അമൃതമൊന്നിറ്റിക്കവേ
അതുവരെ അറിയാത്തൊരനുഭൂതി തൻ
ഹർഷപുളകത്തിൽ ഞാനിന്നലിഞ്ഞുപോയി
പാടാൻ മറന്നൊരീ വീണയിൽ പിന്നെയും
മോഹനരാഗം നീ ഉണർത്തീടവേ
സ്വരതന്ത്രികൾ എന്റെ മൃദു മന്ത്രണങ്ങളായ്
മദന സൗഗന്ധിക പൂക്കളായി
ഏതൊരു മാസ്മര ലോകത്ത് നിന്നു നീ
എന്നരികത്തേയ്ക്കായ് വന്നണഞ്ഞു
എന്നിലേയ്ക്കായിരമായിരം പൗർണ്ണമി
ചന്ദ്രിക തൻ സ്വർണ്ണ പ്രഭ ചൊരിഞ്ഞു
മനതാരിൽ പ്രേമത്തിൻ ചന്ദനംചാർത്തിയ
ഏഴഴകോലുന്ന മാരിവില്ലേ
മാഞ്ഞു പോയിടല്ലേ എൻ ജീവനേ പിരി-
ഞ്ഞൊരു നാളും അകലേക്കു മറഞ്ഞിടല്ലേ