രചന : സന്ധ്യ.ഇ✍

ഞങ്ങടമ്മ കവിതയെഴുതിയിട്ട്
ഞങ്ങക്കൊരു ഗുണോം ഉണ്ടായിട്ടില്ല.
എല്ലാവരടമ്മേം ഉച്ചയൂണിന്
എറച്ചീം മീനും കൊടുത്തയച്ചപ്പൊ
ഞങ്ങsമ്മ ചമ്മന്തീം പയറും വെച്ചു.
പിള്ളേരു മൊത്തം ഞങ്ങളെ കളിയാക്കി
എല്ലാരടമ്മേം പരീക്ഷേടെ തലേന്ന്
കുത്തിയിരുന്ന് മക്കളെ പഠിപ്പിച്ചപ്പൊ
ഞങ്ങടമ്മ ഞങ്ങളെ വെറുതെ വിട്ടു
ഞങ്ങള് ക്ലാസില് ഒന്നാമതും രണ്ടാമതും പത്താമതുമായില്ല.
എല്ലാരടമ്മേം രാത്രീല് സീരിയല് കണ്ടോണ്ടിരുന്നപ്പൊ
ഞങ്ങsമ്മ പുറത്തേക്ക് നോക്കി ദു:ഖിച്ചിരുന്നു.
ടി വി പരസ്യത്തിലെ സാധനങ്ങളുടെ പേരുകൾ
ഞങ്ങൾക്ക് മാത്രമറിയാണ്ടായി.
എല്ലാരടമ്മേം വിശേഷാവസരങ്ങളിൽ
മക്കൾക്ക് പുതിയ ഉടുപ്പുകൾ വാങ്ങിച്ചു കൊടുത്തപ്പൊ
ഞങ്ങടമ്മ ഞങ്ങക്കെന്തൊക്കെയോ
പുസ്തകം കൊണ്ടു തന്നു
പുതിയതിടാണ്ട് സ്കൂളിൽ പോയ ഞങ്ങക്കെപ്പഴും നാണമായിരുന്നു.
എല്ലാരsമ്മേം അവധിക്ക്
ഊട്ടിക്കും കൊടൈക്കനാലിലേക്കും കൊണ്ടുപോയപ്പൊ
ഞങ്ങടമ്മ ഞങ്ങളെ അടുത്തുള്ള
കാടു കാണിക്കാൻ, പാടം കാണിക്കാൻ കൊണ്ടുപോയി
ഞങ്ങക്കു മാത്രം
നല്ല ഫോട്ടോയില്ലാതായി
എല്ലാം ഞങ്ങsമ്മ കവിതയെഴുതുന്നതു കൊണ്ടാന്നാ എല്ലാരും പറേണെ.
അമ്മ ചിലപ്പൊ ഞങ്ങളോടു പറയും
ഞങ്ങക്കൊക്കെ ചിറകുണ്ടെന്ന്
വേണമെന്നു വെച്ചാൽ പറക്കാനാവുമെന്ന്
വീട്ടിലിരുന്നാലും ആകാശത്തിനപ്പുറം പോകാനാവുമെന്ന്
കിളികൾ പറയുന്നത് മനസ്സിലാവുമെന്ന്
പുഴ കരയുന്നത് കാണാനാവുമെന്ന്
ഭൂമിയുടെ ഹൃദയമിടിപ്പുകൾ
നിലത്തോടമർന്ന് കിടന്ന് കാതോർത്താൽ കേൾക്കാമെന്ന്
ശംഖിനകത്ത് കടലിരമ്പുമെന്ന്
നക്ഷത്രങ്ങൾ ചിരിക്കാറുണ്ടെന്ന്
കുന്നുകൾ നടക്കാറുണ്ടെന്ന്
മരങ്ങൾ തേങ്ങാറുണ്ടെന്ന്
ഭൂമിക്കടിയിലാകാശമുണ്ടെന്ന്
മുകളിൽ കടലുണ്ടെന്ന്.
ചിലപ്പോൾ തോന്നും
അമ്മ പറയുന്നതൊക്കെ നുണയാണെങ്കിലും ശരിയാണെന്ന്.
അതും
ഞങ്ങടമ്മ കവിതയെഴുതുന്നതു കൊണ്ടാവുമോ?

സന്ധ്യ.ഇ (വാക്കനൽ )

By ivayana