രചന : ശിവൻ മണ്ണയം.✍

അവൾ ഭയം കൊണ്ട് വിറച്ച് തരിച്ചുനിന്നു.
വിജനമായ പ്രദേശം, സമയം രാത്രിയും.
സ്കൂട്ടർ പണിമുടക്കിയിരിക്കുന്നു.അവൾ ഭർത്താവിന് കോൾ ചെയ്തു, നശിച്ച സ്ഥലത്ത് റെയ്ഞ്ചുമില്ല.
തേമ്പാംമൂടിനും മണ്ണയത്തിനുമിടയിലുള്ള അപകടമേഖല, വള്ളിയർപ്പൻകാട്, അവിടെയാണിപ്പോൾ അവൾ. കിലോമീറ്ററുകൾ നീളുന്ന റബ്ബർ കാടുകൾ, പാലും ഒപ്പം ഭീതിയും ചുരത്തുന്ന ഭയത്തിന്റെ താഴ്വര .ദൈവത്തെപ്പോലും തടഞ്ഞ് നിർത്തി, പിശാചിന് കോട്ട കെട്ടിയ ,ആകാശം തൊടുന്ന കുന്നുകൾ. സന്ധ്യ മയങ്ങിയാൽ മനുഷ്യർ തിരിഞ്ഞു നോക്കാത്ത ഭീകരമേഖല !


അവൾക്ക് പ്രേതങ്ങളെയോ പിശാചുക്കളെയോ ഭയമുണ്ടായിരുന്നില്ല. പക്ഷേ ഇത്തരം സാത്താന്റെ സാമ്രാജ്യങ്ങളിൽ സാത്താന്റെ സന്തതികളായ മനുഷ്യർ കാണും, അവരെ അപേക്ഷിച്ച് സാത്താൻ എത്ര പാവം കുട്ടി!
അവൾ ഒന്നുകൂടി കോൾ ചെയ്യാൻ ശ്രമിച്ചു. ഇല്ല റെയ്ഞ്ച് ഇല്ല!മൊബൈൽ അവൾ അരിശത്തോടെ തറയിൽ വലിച്ചെറിഞ്ഞു,
എന്തു ചെയ്യണം… ഒരു ഊഹവുമില്ല. ഒരടി നടക്കാൻ കഴിയുന്നില്ല. ഇരുട്ടിൽ ചുറ്റും വേട്ടനായകൾ നിരന്ന് നില്ക്കുന്നതു പോലെ … ഒന്നനങ്ങിയാൽ അവ ചാടി വീഴുമെന്ന ഒരു ഭീതി …


പെട്ടെന്ന് ഒരു പ്രകാശം പരന്നു, ഒരു ഇരുചക്രവാഹനത്തിന്റെതാണ് …
അവളുടെ നെഞ്ച് പടപടാന്നിടിച്ചു. വരുന്നത് കാലനോ അതോ ദൈവമോ?
അവൾ തളർന്ന് അടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ ചാരി നിന്നു. വിയർപ്പ് കൊണ്ട് ചുരിദാറാകെ നനഞ്ഞു.
ഒരു ബുള്ളറ്റാണ്. കറുത്ത ബുള്ളറ്റ്‌.
വണ്ടിയോടിച്ചിരുന്ന ആളെ അവൾ ശ്രദ്ധിച്ചു നോക്കി, ആളെ മനസിലായ അവൾ മരവിച്ചു നിന്നു.
വണ്ടി അവളുടെ മുന്നിൽ നിന്നു.
കറുത്ത പോത്തിന്റെ മുകളിൽ ഇതാ തന്റെ കാലൻ!
അവൾക്കയാളെ അറിയാം, ബുള്ളറ്റിന്റെ പുറത്ത് ,തന്നെ തന്നെ തുറിച്ച്നോക്കിയിരിക്കുന്ന ആ കാലനെ !


അയാൾ മിഴികളടക്കുന്നേയില്ല, ആ നോട്ടം നേരിടാനാവാതെ അവൾ തലകുമ്പിട്ട് നിന്നു.
ശേഖരൻ …! നാട്ടിലെ സ്ത്രീലമ്പടൻ! അയാളെ പറ്റി നാട്ടിൽ പരന്ന കഥകൾ അവളും കേട്ടിട്ടുണ്ട്. തനിക്കൊരിക്കലും അയാളൊരു കാലനാകില്ല എന്ന ഉറപ്പിൽ, അതെല്ലാം കേട്ട് രസിച്ചിട്ടുണ്ട്! ദൂരെ നടക്കുന്ന മൃഗീയതകൾ നമുക്ക് കേട്ടും വായിച്ചും രസിക്കാൻ ഉത്സാഹമാണല്ലോ. അതെല്ലാം അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് രസം വേദനയായി മാറുന്നത്.


എത്രയെത്ര പെൺകുട്ടികളെ നശിപ്പിച്ചവൻ, എതിർത്തവരെ നിർദാഷിണ്യം കൊന്നവൻ, പെൺവേട്ടക്കാരൻ, അവനിതാ ആദ്യമായി തന്റെ തൊട്ടുമുന്നിൽ, അതും തീർത്തും നിസഹായമായ ഒരവസ്ഥയിൽ. സ്വയം കൊല്ലാൻ ഒരു ബ്ലൈഡ് പോലും കൈവശമില്ലല്ലോ ദൈവമേ.. അവൾ വിതുമ്പി പോയി.
എന്തു പറ്റി…? അയാൾ ചോദിച്ചു.


അയാളുടെ കണ്ണുകൾ തുറിച്ചു തന്നെയിരിക്കുന്നു, ആ നോട്ടം തൻ്റെ കണ്ണ് തുളച്ച് തലച്ചോറിലേക്ക് കയറുന്നതു പോലെ.തലമരവിക്കുന്നോ… ശരീരമാകെ ഒരു തണുപ്പ് പടർന്നു കയറുകയാണല്ലോ..ഇയാളെന്താ കണ്ണുകളടക്കാറില്ലേ?എന്തൊരു നോട്ടമാണ്. അയാളുടെ കണ്ണുകൾകണ്ട് അവൾ ആകെ ചകിതയായി.
പറയൂ… അയാൾ മുരണ്ടു.


സ്..കൂ.. ർ..
സ്കൂറോ…
അല്ല …..സ്കൂട്ടർ… പിന്നെയവൾക്കൊന്നും പറയാൻ പറ്റിയില്ല. പാനിക് അറ്റാക്ക് വന്നതു പോലെ അവൾ നിന്ന് വിറച്ചു.
അയാൾ കണ്ണുകൾ അമർത്തി അടച്ചു.പിന്നെ ഒന്ന് പുഞ്ചിരിച്ചു. അപ്പോൾ കൊമ്പൻ മീശക്ക് താഴെ നുണക്കുഴികൾ തെളിഞ്ഞു.
ഇങ്ങനെ നിന്ന് വിറക്കാൻ ഞാൻ പിശാചല്ല, മനുഷ്യനാണ്. വേണേൽ തൊട്ടു നോക്കാം. അയാൾ കൈകൾ നീട്ടി, എന്നിട്ട് ശബ്ദം കേൾപ്പിക്കാതെ ചിരിച്ചു, അപ്പോൾ ആ കണ്ണുകളടഞ്ഞു. അത് കണ്ടാൽ അയാളൊരു ശിശുവാണെന്ന് ആർക്കും തോന്നിപ്പോകും.


പക്ഷേ അവൾക്ക് വിശ്വാസമായില്ല, ഭയന്ന് ഒതുങ്ങി നിന്നു.
കയറ്.. അയാൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. പെട്ടെന്നുള്ള ബുള്ളറ്റിന്റെ ആ ശബ്ദം കേട്ടാകണം അവൾ തളർന്നുവീണു.
മുഖത്ത് വെള്ളം വീണപ്പോൾ അവൾ ഞെട്ടി ഉണർന്നു. മുന്നിൽ ശേഖരൻ തന്റെ മേൽ കുനിഞ്ഞിരിക്കുകയായിരുന്നു. അവൾ വല്ലാതെകിടുങ്ങി.
ഭയപ്പെടണ്ട … അയാളുടെ ശബ്ദത്തിന് കടുവയുടെ മുരൾച്ചയുടെ ഘനമുണ്ടായിരുന്നു.
“സഹോദരാ…”എല്ലാ ആശയുമറ്റ ഒരാൾ, അവസാനകച്ചിത്തുരുമ്പിൽ കൈതൊട്ട് നോക്കുന്ന വിധത്തിലെന്നോണം, അയാൾക്കു നേരെ ഒന്ന് നോക്കി അവൾ വിളിച്ചു.
പേടിക്കണ്ട… അയാൾ കണ്ണുകൾ അടച്ചു.


എനിക്ക് വീട്ടിൽ പോണം… അവൾ വിതുമ്പി.
ഞാൻ കൊണ്ടാക്കാം സഹോദരീ… അയാൾ നുണക്കുഴികൾ കാട്ടി ചിരിച്ചു.
സഹോദരി എന്ന വിളി അവളിൽ ആശ്വാസത്തിൻ്റെ ഒരു തിരി തെളിച്ചു.എന്തുകൊണ്ടോയെന്തോ അവൾ നിർത്താതെ കരഞ്ഞു.
കിടന്ന് കരയാതെ കയറ്.. അയാൾ അക്ഷമനായി.
ആ അക്ഷമ അവളിൽ വീണ്ടും സംശയം ജനിപ്പിച്ചു. അവൾ അറച്ചു നിന്നു.
കേറുന്നെങ്കിൽ കേറ് … അയാൾ അലറി.അയാളുടെ കണ്ണുകൾ അടയാതെ തുറിച്ചു നിന്നു.


ഞാൻ നടന്നു പൊയ്ക്കൊള്ളാം..
കേറടീ … അതൊരലർച്ച തന്നെയായിരുന്നു.
അവൾ കരഞ്ഞുകൊണ്ടോടി ബുള്ളറ്റിന്റെ പിറകിൽ കയറി.
മിടുക്കി… അമിതമായ ഉത്കണ്ഠയോ ബുള്ളറ്റ് മുന്നോട്ടെടുത്തതിൻ്റെ ഒച്ചയോ എന്തോ അല്പനിമിഷം അവളുടെ ഹൃദയമിടുപ്പിനെ നിലപിച്ചുകളഞ്ഞു. അവൾ തളർന്ന് അയാളുടെ മുതുകിലേക്ക് ചാഞ്ഞു. അല്പ നിമിഷത്തിനകം ഭൂമിയിലെ സകല ജീവികളെയുമെന്ന പോലെ ശത്രുവിൽ നിന്നവൾ ഭയന്ന് വേർപെട്ടു.
അയാൾ ശബ്ദമുയർത്തി ചിരിച്ചു.എന്തിനാണ് ഇയാൾ ചിരിച്ചത് .. എങ്ങോട്ടേക്കാണി ചാൾ എന്നെ കൊണ്ടു പോകുന്നത് ?കൊടുങ്കാറ്റ്പോലെ ചോദ്യങ്ങളവളിൽ ആഞ്ഞുവീശി. ഭീതിയുടെ ഇടി മുഴക്കങ്ങൾ.


ബുള്ളറ്റ് കാട്ടുപാതയിൽ നിന്ന്, വേറൊരു കാട്ടുപാതയിലേക്ക് തിരിഞ്ഞു.
ഇതല്ലല്ലോ വഴി… അവൾ അലറി.
മിണ്ടാതിരിക്ക് … അയാൾ മുരണ്ടു.
ഭയം തലയിൽ കയറി അവൾക്ക് മിണ്ടാൻ കഴിയാതെയായി. അവൾ ദൈവിശ്വാസി അല്ലായിരുന്നു. പക്ഷേ അപ്പോൾ അവൾക്ക് ആശ്രയിക്കാൻ ദൈവമല്ലാതെ മറ്റാരും തന്നെ ഉണ്ടായിരുന്നതുമില്ല.
ബുള്ളറ്റ് കുറച്ചോടി ,ഒരു ‘എസ്’ വളവിൽ നിന്നു.
നീ.. ഇവിടെ നില്ക്ക്.. ഞാനിപ്പോൾ വരാം.. അയാൾ ഒരു ഊടുവഴിയിലേക്ക് നടന്നു.
ഇരുട്ടിൽ അവളും ഒരു ബുള്ളറ്റും മാത്രം. ആളെ കൂട്ടാനാണോ അയാൾ പോയിരിക്കുന്നത്? മദ്യത്തിനൊപ്പം അയാൾക്കും കൂട്ടർക്കും തൊട്ടുകൂട്ടാനുള്ള പെണ്ണിറച്ചിയാണോ താനിന്ന്?.. !


അവൾ ഫോണെടുത്തു. പക്ഷേ അത് പ്രവർത്തനരഹിതമായിരുന്നു. താൻ ഫോൺ മുൻപ് റോഡിൽ എറിഞ്ഞുടച്ചതിന്റെ ഫലം. ഭർത്താവിന്റെ മുന്നിൽ കാട്ടുന്നതൊന്നും നടുറോഡിൽ കാട്ടികൂടാ, എന്ന പാഠം അവൾക്ക് അപ്പാൾ മനസിലായി.
ഭയത്തിന്റെ നെരിപ്പോടിൽ ഉരുകി ഉരുകി, ചെറിയ ഒരു ശബ്ദത്തിൽ പോലും ഞെട്ടിവിറച്ച് അവളവിടെ നിന്നു.


സെക്കന്റുകൾ മണിക്കൂറുകൾ പോലെ കടന്നു പോയി.
കുറച്ച് സമയം കഴിഞ്ഞ് അയാൾ വന്നു. ഒറ്റക്കാണ്. അവളിലെ ആധി തെല്ലൊന്ന് കുറഞ്ഞു.അയാളുടെ കണ്ണുകളിലേക്ക് നോക്കാനാകാതെ അവൾ കുനിഞ്ഞു നിന്നു.
കയറ്.. അയാൾ മുരണ്ടു.
അവൾ പെട്ടെന്ന് ചാടി ബുള്ളറ്റിന്റെ പിറകിൽ കയറി. ഭയത്തിന്റെ തീരത്ത് നിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടണമവൾക്ക്.


ഞാൻ, ഒരു കുപ്പി മദ്യം കൊടുക്കാൻ പോയതാണ് .. എന്റെയൊരു സുഹൃത്തിന് … ഞാൻ പട്ടണത്തിൽ പോയതറിഞ്ഞ് അവൻ വിളിച്ചു പറഞ്ഞതാണ്.. സത്യത്തിൽ ഈ മൊബൈൽഫോൺ വല്ലാത്ത ശല്യമാണ്… അവളൊന്നും ചോദിക്കാതെ അയാൾ പറഞ്ഞു.
അവൾ മിണ്ടാതിരുന്നു. നാവ് തൊണ്ടക്കുഴിക്കും താഴെ പോയിരുന്നു.
ഞാൻ ഒന്നും പറയാതെ പെട്ടെന്ന് പോയപ്പോൾ പേടിച്ചു അല്ലേ? പേടിക്കണം.. അതാണ് ഞാനും ഉദേശിച്ചത്. പേടിച്ച് പേടിച്ചേ പേടിഇല്ലാതാകൂ. എനിക്കങ്ങനാരുന്നു… ധൈര്യം എങ്ങനേം ഉണ്ടാക്കാം.പക്ഷേ പേടി മാറണമെങ്കിൽ അനുഭവങ്ങൾ വേണം. നിന്റെ പേടി മാറിയോ?


ഇല്ല … അവളത് പറയുമ്പോൾ കുറച്ച് പേടി വിട്ടകന്നിരുന്നു.
നീ എന്നെ പറ്റി കേട്ട കഥകൾ എനിക്ക് സങ്കല്പിക്കാനാകും… അത് നിന്റെ വർഗ്ഗം തന്നെ നിനക്ക് തന്ന എരിവും പുളിയുമുള്ള കഥകൾ. വിരസമായ ലൈംഗിക ജീവിതത്തെ ഉണർത്താൻ നിന്റെ വർഗ്ഗം തന്നെ പറഞ്ഞ് നടന്ന് കോൾമയിർ കൊണ്ട എന്റെ ജീവിതകഥ !


ഞാനൊരു ഭീകരനല്ല ! വെറുമൊരു സാധു. ഞാനൊര വിവാഹിതനാണ്.സെക്സ് ഒരു ശാരീരികാവശ്യവുമാണ്. എനിക്കിഷ്ടമുള്ളവരുമായി ഞാൻ ചങ്ങാത്തം കൂടും. പക്ഷേ എന്നെ ഇഷ്ടപ്പെട്ടു വരുന്ന പെണ്ണിനെയല്ലാതെ വേറാരോടും ഞാൻ ബന്ധം സ്ഥാപിക്കാറില്ല. ഒരു കുടുംബവും ഞാനിതുവരെ തകർത്തിട്ടുമില്ല… ഒന്നു നിർത്തി അയാൾ തുടർന്നു: ബലപ്രയോഗത്തിലൂടെയോ ചതിയിലൂടെയോ ഞാനിന്നുവരെ ഒന്നും സ്വന്തമാക്കിയിട്ടില്ല .. പക്ഷേ കഥകളിൽ എന്തെല്ലാം … എന്തെല്ലാം … ഏതുകഥകളിലാണ് സത്യമുള്ളത്….?
അവൾ ഒന്നും മിണ്ടിയില്ല.


ഞാൻ കേട്ട കഥകളൊക്കെ പെണ്ണുങ്ങളുടേതാണ്… അവൾക്ക് സംസാരിക്കാനുള്ള ധൈര്യം വന്നിരുന്നു.
ആണുങ്ങളുടെ കഥകളുമുണ്ട്, അത് മറ്റൊരു തരത്തിൽ, അതിൽ ഞാനൊരു വീരപുരുഷൻ! എല്ലാം കള്ളക്കഥകൾ. സത്യം ഇതാണ്.
എന്തിനിങ്ങനെ ഇമ വെട്ടാതെ തുറിച്ചു നോക്കുന്നു? ധൈര്യം വീണ്ടെടുത്ത അവൾ ചോദിച്ചു.
അയാൾ ചിരിച്ചു.


എനിക്ക് കേൾവി ശക്തി ഇച്ചിരി കുറവാണ്.. അതു കൊണ്ട് കണ്ണുകളെ കൊണ്ട് അധികം പണിയെടുപ്പിക്കുന്നു. അയാൾ ചിരിച്ചു.
വീടെത്തി .. അവൾ പറഞ്ഞു.
ബുള്ളറ്റിന്റെ ഒച്ച കേട്ട് വീട്ടിൽ ലൈറ്റ് തെളിഞ്ഞു.
അവളുടെ ഭർത്താവ് ഇറങ്ങി വന്നു. അയാളെ കണ്ടതും ഭർത്താവിന്റെ മുഖമിരുണ്ടു. ഈ ആഭാസനോടൊപ്പം ഈ രാത്രിയിൽ എവിടാരുന്നെടീ പിഴച്ചവളേ… ഭർത്താവ് ദേഷ്യത്തോടെ അലറി. വവ്വാല് തിന്ന പഴം മനോജിന് വേണ്ട… പൊക്കോ… അയാൾ ദേഷ്യം കൊണ്ട് വിറച്ചു.


അപമാനത്താലും സങ്കടത്താലും അവളുടെ കണ്ണുകൾ നിറഞ്ഞു.ശേഖരൻ ആർദ്രതയോടെ അവളെ നോക്കി.
മനോജേ.. വവ്വാല് തിന്ന പഴം ഇതിന് മുമ്പ് മനോജ് തിന്നിട്ടില്ല അല്ലേ.. ഞാൻ പഴയ കഥകൾ ഇവിടെ വിളമ്പണോ.. ചെറുചിരിയോടെ ശേഖരൻ മനോജിൻ്റെ അടുത്തേക്ക് ചെന്ന് കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി.ആ നോട്ടത്തെയും ചോദ്യത്തെയും നേരിടാനാവാതെ മനോജ് നിന്ന് പരുങ്ങി.
ശേഖരൻ തുടർന്നു: സംശയമൊക്കെ നല്ലതാണ്. പക്ഷേ അതൊരു രോഗമാകരുത്. എന്താണ് സംഭവിച്ചത് എന്നെങ്കിലും നിനക്കിവളോട് ചോദിക്കാമായിരുന്നു.വിചാരണയില്ലാതെ ശിക്ഷ വിധിക്കുന്ന സൈക്കോഏകാധിപതിയാകരുത് ഭർത്താവ്.പിന്നെ എന്നെ കുറിച്ച്.. മാന്യൻമാരെന്ന് പറഞ്ഞ് ഈ നാട്ടില് ഞെളിഞ്ഞു നടക്കുന്ന അവൻമാർക്ക് ഇല്ലാത്ത ഒരു കാര്യം എനിക്കുണ്ട്.. എനിക്കമ്മേം പെങ്ങളേം തിരിച്ചറിയാനുള്ള മൂളയുണ്ട്.. കേട്ടോടാ വവ്വാലേ


ശേഖരാ അത്… മനോജ് എന്തോ പറയാൻ ഒരുങ്ങി.
വായടക്കടാ … ഞാനൊന്നു പറഞ്ഞ് തീർക്കട്ടേ.8 വർഷം നിന്നോട് കഴിഞ്ഞ ഇവളെ നിനക്ക് വിശ്വാസമില്ല. നീ ഇവളെ ഇറക്കിവിട്ടാൽ ഞാൻ കൊണ്ടു പോകും. ഈ ഇരുട്ടത്ത് ഇവളെ തനിച്ചാക്കി ശേഖരൻ പോകില്ല.കാരണം, ഇവളെന്നെ സഹോദരാ എന്നൊരു വിളി വിളിച്ചു. സഹോദരാ എന്ന് വിളിച്ച ഏതൊരു പെണ്ണിനും ഞാൻ സഹോദരൻ തന്നെ .. നിന്നെപ്പോലുള്ള മഞ്ഞപ്പിത്തക്കാർക്കത് മനസിലാകില്ല.. നിങ്ങൾക്കൊക്കെ സ്ത്രീയെന്നും വെറും ശരീരം മാത്രം!


മനോജ് തരിച്ചുനിന്നു. അവൻ പറഞ്ഞു: സോറി… ഞാനൊരു ദേഷ്യത്തിന് ..
ശേഖരൻ ബുള്ളറ്റ് സ്റ്റാർട്ടാക്കി, തലചരിച്ച് മനോജിനെ നോക്കി ചോദിച്ചു “നിനക്കു വേണ്ടങ്കിൽ പറ, ഞാൻ കൊണ്ട് പോകാം.. “
മനോജ് പെട്ടെന്ന് അവളെ ചേർത്ത് പിടിച്ചു, എന്നിട്ടു പറഞ്ഞു “വേണ്ടാ “
ഒരു ചെറു ചിരിയോടെ ആ ബുള്ളറ്റകന്നു പോയി.

ശിവൻ മണ്ണയം.

By ivayana