രചന : ഷാജു കെ കടമേരി ✍
അഗ്നിമഴ തുന്നിയ
ജീവിതത്തിന്റെ നെഞ്ചിലേക്ക്
ഇടിവെട്ടി പുണരുന്ന പേറ്റ്നോവിന്റെ
സാക്ഷ്യപത്രങ്ങളാണ് കവിത.
അനുഭവത്തിന്റെ നട്ടുച്ചയിൽ
തീമരക്കാടുകളിലേക്ക് നടന്ന് പോയ
ഉൾക്കയങ്ങളിൽ വിരിഞ്ഞ
നെഞ്ചിടിപ്പുകൾ.
പട്ടിണി വരച്ച് വച്ച
ചുവരുകൾക്കുള്ളിൽ വിങ്ങിപ്പൊട്ടി
പാതിരാമഴയിലേക്കിറങ്ങി പോയ
മുല്ലപ്പൂ ഉടലുകളുടെ
സ്മാരകശിലകൾ.
അധികാര ഹുങ്കിന്
വഴങ്ങിക്കൊടുക്കാത്ത.
ഓരോ ചുവട് വയ്പ്പിലും
പുതുവസന്തത്തിന് പകിട്ടേകിയ
നക്ഷത്രവെളിച്ചം.
ഒറ്റുകാരുടെ അന്തപുരങ്ങളിൽ
ഉയർത്തെഴുന്നേൽക്കുന്ന
കഴുക ജന്മങ്ങൾക്ക് നേരെ
നീട്ടിപ്പിടിച്ച ചൂണ്ടുവിരൽ.
സ്വപ്‌നങ്ങൾ വരഞ്ഞ
ഹൃദയപുസ്തകതാളുകൾക്കിടയിൽ
കെട്ടിപ്പുണർന്ന്
പ്രണയതാഴ്‌വരയിലേക്ക്
ചിറകടിച്ചുയരും ഇന്ദ്രജാലം
ചരിത്രപുസ്തകത്തിൽ നിന്നും
ഇറങ്ങിവന്ന വീരപുരുഷന്മാരുടെ
തോളത്ത് കയ്യിട്ട്
ന്നെറികേടുകളുടെ വേരറുത്ത്
സമത്വരാജ്യം കെട്ടിപ്പടുത്ത
വിപ്ലവചിറകുകൾ……….