രചന : രാജീവ് ചേമഞ്ചേരി✍

കത്തിയെരിയുമീ ഉച്ചവെയിലിൽ –
കണ്ണുകൾ പുകയുന്ന ചൂടു കാറ്റും !
കരുത്താർന്ന കരങ്ങളിൽ ബലക്ഷയവും –
കാലിൻ്റെ താളം പിഴയ്ക്കുന്ന വിയർപ്പും!

കൂട്ടമായ് നിരന്ന് തമാശകളോതിയെന്നും –
കമ്പിക്കൂടുകൾ നെയ്യുന്ന ജന്മങ്ങളായ് !
കാലാന്തരത്തിൻ്റെ മുഖച്ചിത്രം മാറ്റീടാൻ –
കനൽക്കട്ടയിൽവെന്തുരുകി പണി ചെയ്യവേ,

കിടങ്ങുകളായിരം കാതമേറീടിലും –
കാപട്യലോകത്തിൻ സ്വപ്ന സാഫല്യമായ്…
കരിപുരളുന്നയീ ജീവിതയാത്രയിലുടനീളം –
കുഴികൾ നിരത്തി രാജപാതയൊരുക്കയായ്?

കുതിരക്കച്ചവടക്കാർ ബഹുദൂരമിതിലെ-
കുതികാൽ വെട്ടുന്നോർക്കായ് പാഞ്ഞീടും!
കുറുക്കുവഴികളെല്ലാമടച്ചീടുകയായ് മുന്നിൽ-
കുരുക്ക് മാത്രമായ് ജനത്തിന് കറുത്തയീ പാതയിൽ ???

രാജീവ് ചേമഞ്ചേരി

By ivayana