അവലോകനം : കൃഷ്ണകുമാർ മാപ്രാണം✍

അതല്ല, വെറുതെയൊന്ന് ആലോചിച്ചപ്പോൾ തോന്നിയതാണ് ചില അശുഭ ചിന്തകൾ. പറയാതെ തരമില്ലെന്നു വന്നാൽ പറയാതെയെങ്ങനെ.
ആര് മുഷിഞ്ഞാലും മുഖം ചുളിച്ചാലും എനിക്ക് പറയാനുള്ളത് പറയും. പ്രസംഗം കാര്യമായി വശമില്ലാത്തതുകൊണ്ട് ,അറിയപ്പെടാത്തവനായതുകൊണ്ട് ആരും നമ്മെപോലുള്ളവരെ വേദികളിൽ ഇരുത്തില്ല. പ്രസംഗ പീഠത്തിനു മുന്നിൽ കാണാപാഠം പഠിച്ച് പ്രസംഗിക്കണമത്രെ. ഒരു പുസ്തകം പരിചയപ്പെടുത്തുന്ന സമയത്ത് കടലാസ്സിൽ കുറിപ്പ് എഴുതിയതുകണ്ട് മുഖത്ത് പുച്ഛം നിഴലിക്കുന്നു ചിലർക്കൊക്കെ.

കാണാപാഠം പറഞ്ഞ് പ്രസംഗം നടത്തിയവർ വിഡ്ഢിത്തം പറഞ്ഞപ്പോഴും നീണ്ട കൈയ്യടിയായിരുന്നു. പറക്കും ഉമ്മകൊടുത്തും ചിലർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒന്നോർക്കുക. സദസ്സിലുള്ളവർക്ക് അഥവാ കാണികൾക്ക് ഒരു കാര്യം ശരിയായി പകർന്നു നൽകുകയാണ് പ്രാസംഗികൻ ചെയ്യേണ്ടത്. അല്ലാതെ തെറ്റായ കാര്യമല്ല.മാർഗമേതായാലും ലക്ഷ്യമാണ് കൈവരിക്കേണ്ടത്.

ഇന്ന് പല പ്രസംഗങ്ങളും കേൾക്കുമ്പോൾ തോന്നാറുണ്ട്. എന്തിനാണ് ഇയാൾ നിന്ന് ഘോരഘോരം പ്രസംഗിക്കുന്നതെന്ന്. ഒരാളും ശ്രദ്ധിക്കുന്നില്ലെങ്കിൽ പോലും മൈക്ക് കിട്ടിയാൽ വിടില്ല. ഒരാൾ സാഹിത്യ അക്കാഡമിയിലെ വൈലോപ്പിള്ളി ഹാളിലിരുന്ന് മാമ്പഴം ചങ്ങമ്പുഴയുടെ കൃതിയാണെന്ന് ഘോരഘോരം പ്രസംഗിക്കുന്നു .

വേദിയിലിരിക്കുന്നവർ മൊബൈലിൽ ചുണ്ണാമ്പുതോണ്ടുന്നു വിഷയത്തെ തൊട്ടുതലോടാത്ത കാടുകേറി പ്രസംഗങ്ങൾ കേട്ട് സദസ്സിലുള്ളവൻ ചോദ്യം ചെയ്യുമ്പോൾ ഒരു ഉളുപ്പില്ലാതെ തൻ്റെ വാക്സാമർത്ഥ്യം ശരിയെന്ന് നാലാൾ അറിയണമെന്ന ഹുങ്കിൽ എന്തൊക്കെയോ പുലമ്പുന്നു. പ്രസംഗലോകത്ത് സ്വർഗ്ഗം പണിയുന്നവരാണ് ഇവർ. വലിയൊരാളാണെന്ന നാട്യം.


പ്രാസംഗികരെ നിങ്ങളുടെ പ്രസംഗങ്ങൾ കാണികളില്ലാത്ത ശ്രോതാക്കളില്ലാത്ത കവലപ്രസംഗങ്ങളല്ലെ. ഒരുപാടു പരിപാടികളിൽ എന്നോടു പലരും ചോദിച്ചിട്ടുണ്ട് ചില പ്രാസംഗികരുടെ നീണ്ട ബോറൻ പ്രസംഗത്തെ കുറിച്ച്. പലരും പ്രസംഗം കേൾക്കുന്നില്ല. അവരുടെ മനസ്സ് പ്രാസംഗികനിൽ നിന്നും എത്രയോ ദൂരെയാണ്. പത്തോ പതിനഞ്ചോ മിനിറ്റു കഴിഞ്ഞാൽ നമ്മുടെ ശ്രദ്ധ മാറിപോവുന്നുണ്ട്. സദസ്സിലുള്ളവർ പലരുടേയും മനസ്സ് പ്രസംഗ സമയത്ത് മറ്റുകാര്യങ്ങളിലേയ്ക്ക് വ്യാപരിക്കുകയാണ്. പ്രസംഗം തീരുമ്പോൾ നൽകുന്ന കൈയ്യടി നിങ്ങൾ പ്രസംഗം അവസാനിപ്പിച്ചതിനാണെന്ന് മനസ്സിലാക്കിയാലും.


ഇയാൾക്കൊന്ന് നിറുത്തികൂടെയെന്ന്
നമ്മളിൽ പോലും പലരും ആഗ്രഹിച്ചിട്ടില്ലെ…
നിങ്ങളൊന്നു നേരുപറയൂ ഹേ….അതിനല്ലെ നിങ്ങളും കൈയ്യടിച്ചത്….ആയിരിക്കണം…

കൃഷ്ണകുമാർ മാപ്രാണം

By ivayana