രചന : കെ ആർ സുരേന്ദ്രൻ ✍
നീയും ഞാനും
ഒരേ സ്ഥാപനത്തിന്റെ
വെവ്വേറെ ശാഖകളിൽ നിന്ന്
ഒരേ ദിവസമാണ്
പുതിയ ശാഖയിൽ
ജോലിയിൽ പ്രവേശിച്ചത്.
നമ്മൾ ആദ്യമായി
കണ്ടുമുട്ടുന്നതും അന്നാണ്.
പരസ്പരം
പരിചയപ്പെടുന്നതും അന്നാണ്.
സൗമ്യനും മിതഭാഷിയും
നാണം കുണുങ്ങിയുമായിരുന്നൂ നീ.
എന്നേക്കാൾ
ഏറെ സീനിയർ ആയിരുന്നു നീ.
എനിക്കന്ന്
തീരെ ചെറുപ്പം.
ഇളം ചന്ദന നിറമുള്ള ഷർട്ടും
ചാരനിറത്തിലുള്ള
അയഞ്ഞ പാന്റുമായിരുന്നൂ
നിന്റെ വേഷമെന്ന്
ഞാനോർക്കുന്നു.
കറുത്ത് കുടവയറോട് കൂടി,
അത്ര പൊക്കമൊന്നുമില്ലാത്ത നീ
പരിഷ്‌കാരങ്ങളെ
തീണ്ടാപ്പാടകലെ നിർത്തി.
സഹപ്രവർത്തകരെ
സമദൂരത്തിൽ നിർത്തി.
ആരോടും അധികമടുക്കാതെ
ആരിൽ നിന്നും അധികമകലാതെ
നിന്റെ ദിനങ്ങൾ.
പ്രായത്തിന്റെ പക്വത
എന്ന് പറയുന്നതിൽ തെറ്റില്ല.
എല്ലാവർക്കും നീ ചേട്ടനായിരുന്നു.
ഇങ്ങനെയൊക്കെയായിരുന്നെങ്കിലും
മറ്റുള്ളവരോടില്ലാത്ത മമത
നീയെനിക്ക് സമ്മാനിച്ചിരുന്നു.
ഞാൻ നിന്നിൽനിന്നും
തികച്ചും വിഭിന്നനായിട്ടും.
എല്ലാ അർത്ഥത്തിലും
എന്ന് പറഞ്ഞുകൂടെങ്കിലും
പട്ടണപ്പരിഷ്ക്കാരിയായി
ചെത്തി നടന്ന എന്നോടെന്തുകൊണ്ട്
ആ മമതയുടെ സ്പർശം
നീ പുലർത്തിയെന്നതിന് പിന്നിൽ
നിനക്കോ എനിക്കോ
വിശദീകരണമുണ്ടായില്ല.
കടും നിറങ്ങളിലുള്ള
വസ്ത്രങ്ങൾ ധരിച്ച്
വില കൂടിയ ഷൂസണിഞ്ഞ്
എല്ലാ ആഡംബരങ്ങളോടും കൂടി,
കാല്പനികനായി നടന്ന
ഒരു ചെറുപ്പക്കാരനോട്
നിനക്കെന്തുകൊണ്ടൊരു
ആഭിമുഖ്യം കൂടുതലായി
അനുഭവപ്പെട്ടൂ എന്നതിന്
നിനക്കൊരു വിശദീകരണമില്ലായിരുന്നു.
നിന്നോടെനിക്ക് തോന്നിയ
സ്നേഹവായ്പിന്
എനിയ്ക്കുമുണ്ടായില്ല വിശദീകരണം.
നിന്റെ സ്വകാര്യ ദു:ഖങ്ങളും,
ആഹ്ളാദനിമിഷങ്ങളും
എനിക്ക് മുന്നിൽ തുറന്ന് വെക്കാൻ
നിനക്കൊരു മടിയുമില്ലായിരുന്നു.
അതുപോലെ
എന്റെ സ്വകാര്യ ദു:ഖങ്ങളും,
ആഹ്ലാദനിമിഷങ്ങളും
നിന്നോട് പങ്കുവെക്കാൻ
എനിയ്ക്കും ഒരു മടിയുമുണ്ടായിരുന്നില്ല.
ബാഹ്യമായല്ലെങ്കിലും
നിന്റെ അന്തരംഗത്തിൽ
തികച്ചും
ഒരു റൊമാന്റിക് ആയിരുന്നു നീ.
ഇമ്പമേറിയ
പ്രണയ ഗാനങ്ങൾ
നീ പാടി.
നീ മനോഹരങ്ങളായ
കവിതകളെഴുതി.
ഓഫീസിലെ വിശേഷാവസരങ്ങളിൽ
നിന്നെക്കൊണ്ട് പാടിക്കാൻ
ആർക്കും അപേക്ഷയുടെയോ,
നിർബന്ധത്തിന്റെയോ സ്വരം
പുറപ്പെടുവിക്കേണ്ടതിന്റെയാവശ്യമുണ്ടായില്ല.
അപ്പോൾ മാത്രം
നീ സഹജമായ
നാണത്തെ പുറത്ത് നിർത്തി
ഒരു പ്രണയഗായകനായി
എല്ലാവരേയും വിസ്മയിപ്പിച്ചു,
ആഹ്ലാദിപ്പിച്ചു.
പ്രശംസകളുടെ പെരുമഴയിൽ
നീ സഹജമായ നാണത്തിൽ
സ്നാനം നടത്തി.
സ്വകാര്യതകളിലെ നിമിഷങ്ങളിൽ,
ലോകമുറങ്ങുന്ന വേളകളിൽ,
പ്രപഞ്ചസംഗീതമാസ്വദിച്ച്
നീ ഭാവഗീതങ്ങൾ
കടലാസിൽ പകർത്തി
മയിൽപ്പീലിയായി
നിൻ്റെ ഹൃദയത്തിൻ്റെ
പുസ്തകത്താളുകൾക്കിടയിൽ
ഒളിപ്പിച്ചു.
ഒരു നാൾ
എന്നേക്കാൾ
വളരെ മുമ്പ് തന്നെ
നിനക്ക് യാത്രാമംഗളം നേർന്ന്
വികാരനിർഭരമായി
പരസ്പരം യാത്ര പറഞ്ഞു.
ഒരു ഒറ്റപ്പെട്ട ദ്വീപായി
ഞാൻ മാറി.
പിന്നീട് മുതലാണ്
നീ എന്റെ സ്വപ്നങ്ങളിലേക്ക്
നിത്യ സന്ദർശനം
നടത്താനാരംഭിച്ചത്.
കണ്ണകന്നാൽ ആളകന്നു
എന്ന ചൊല്ല്
നമ്മുടെ ജീവിതത്തിൽ
ബാധകമാകാതെ
നീ എന്റെ സ്വപ്നങ്ങളിൽ
നാളുകൾക്ക് ശേഷവും
ഓടിയെത്തി.
വല്ലപ്പോഴുമുള്ള
ഫോൺ സമ്പർക്കം അവസാനിച്ചത്
നീ ബ്രിട്ടനിൽ
മകളോടൊപ്പം കുറച്ചു നാൾ
പാർക്കാൻ പോയതോടെയാണ്.
എങ്കിലെന്ത്,
നീ എന്റെ സ്വപ്നങ്ങളിൽ
നിത്യ സന്ദർശനം നടത്തി.
തെംസ് നദിയിലൂടെ,
നിളയിലൂടെ ഒഴുകിയ
വെള്ളത്തിന്റെ അളവ്
നിനക്കോ എനിയ്ക്കോ
അറിയില്ലല്ലോ.
നീ നിത്യസന്ദർശനം തുടർന്നു.
യാദൃശ്ചികമായി നിന്റെ
വീട്ടിലെക്കൊന്ന് വിളിക്കാൻ
ഒരു നാൾ
ഒരു ഉൾവിളി തോന്നി.
ഫോണെടുത്ത ഞാൻ
എപ്പോഴും ചേച്ചീയെന്ന് വിളിച്ചിരുന്ന
നിന്റെ ജീവിതപങ്കാളി
ഇടറുന്ന സ്വരത്തിൽ
നീ വിടവാങ്ങിയിട്ട്
കൊല്ലങ്ങളായെന്ന് പറഞ്ഞപ്പോൾ
ഫോൺ
എന്റെ വരുതിയിൽ നിന്നില്ല.
എന്ന് ഞാൻ
ചേച്ചിയിൽ നിന്ന്
നിന്റെ വിവരമറിഞ്ഞുവോ
അന്ന് മുതൽ
നീയെൻ്റെ സ്വപ്നങ്ങളിൽ
ഒരിക്കലും സന്ദർശകനായില്ല.