രചന : തോമസ് കാവാലം✍
നിശബ്ദതയിൽ മൂടി കിടക്കുകയായിരുന്നു ആ ഗ്രാമം. കൃഷികഴിഞ്ഞപാടങ്ങളെല്ലാം വെള്ളം കയറി മുങ്ങി അമർന്നു. കായലേത് തോടേത് എന്നറിയാൻ പാടില്ലാതെ കാലഭേദങ്ങളെ മറികടന്ന് ഒരു ഉറക്കത്തിൽ എന്നതുപോലെ… ഒരു ജനസമാധിയിൽ എന്നതുപോലെ കിടക്കുന്ന പാടങ്ങൾ. പ്രഭാതത്തിലെ വെയിലേറ്റ് ജലപ്പരപ്പ് അലക്കി വിരിച്ച ഒരു വെള്ള വസ്ത്രം പോലെ കിടന്നു. കുടിച്ചു കുടിച്ച് മതിവരാത്ത ആത്മാവിന്റെ ദാഹം പോലെ വെള്ളത്തിൽ മുങ്ങിയ പാടങ്ങൾ മറ്റൊരു ഊഴത്തിനായി ഇനിയും ഒരു ജന്മത്തിനു വേണ്ടിയെന്നപോലെ കാത്തു കിടന്നു.
പെട്ടെന്ന് ഒരു വള്ളം കടവിൽ വന്നടുത്തു. ഒരു കൂട്ടം താറാവ് അവയുടെ സ്വൈര്യ ജീവിതം ഹനിക്കപ്പെട്ടതുപോലെ ‘ക്വക്ക് ക്വക്ക്’ എന്നു കരഞ്ഞുകൊണ്ട് നീന്തിമാറി. അടുത്തുതന്നെ കന്നുകാലികൂട്ടിൽ നിന്നും രണ്ടു പശുക്കൾ അമറുകയും ചെയ്തു. സാമാന്യം അത്ര ചെറുപ്പമല്ലാത്ത ഒരു വള്ളം. വള്ളക്കാരനെ പരിചയം ഉള്ളതുപോലെ തോന്നി മാമ്മി ക്കുട്ടിയ്ക്ക്. കാഴ്ച മങ്ങിയ കണ്ണുകൾ കൊണ്ട് സൂക്ഷിച്ചുനോക്കി.വള്ളത്തിൽ വള്ളക്കാരനെ കൂടാതെ രണ്ടുപേർ കൂടി ഉണ്ടായിരുന്നു.
“ ആരാടീ മങ്കേ അത്.? ആരോ വിരുന്തക്കാരാണല്ലോ?”
മാമ്മിക്കുട്ടി വീട്ടിൽ സഹായത്തിന് നിൽക്കുന്ന അയൽക്കാരി മങ്കമ്മയോടാണ് ചോദിച്ചത്.
“ആരാണെന്ന് അറിയില്ല. ആരോ ദൂരനിന്നാണെന്നാ തോന്നുന്നത്”
പറഞ്ഞുനിന്ന സമയം കൊണ്ട് വള്ളത്തിൽ നിന്ന് ഇറങ്ങിയവർ വീട്ടുപടിക്കൽ എത്തി. അപ്പോഴാണ് മാമ്മിക്കുട്ടിക്ക് ആളെ മനസ്സിലായത്. അത് അവരുടെ തന്നെ കടിഞ്ഞൂൽ പുത്രി ആനിയായിരുന്നു.
പെട്ടെന്ന് മാമ്മിക്കുട്ടിയുടെ ഓർമ്മ വർഷങ്ങൾ പുറകോട്ട് പാഞ്ഞു. തന്റെ പതിനഞ്ചാം വയസ്സിൽ തനിക്ക് പിറന്ന പുന്നാരമകൾ. സുന്ദരിക്കുട്ടി. പത്താം ക്ലാസ് വരെ അവൾ നന്നായി പഠിച്ചു. നഴ്സിംങ്ങിന് പോകണം എന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷേ അമ്മ പ്രസവിച്ച ആ പ്രായത്തിൽ അവൾ മിഷൻ പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞു വച്ചു. വീട്ടിലെ ദാരിദ്ര്യം മറ്റെന്തിനെക്കുറിച്ചും ആലോചിക്കാൻ അവരെ സമ്മതിച്ചിരുന്നില്ല. ആ സമയത്തിനുള്ളിൽ ആനിയെ കൂടാതെ അഞ്ചു മക്കൾ പുറകെ പുറകെ ഉണ്ടായിക്കഴിഞ്ഞിരുന്നു. എല്ലാവരെയും തീറ്റിപ്പോറ്റാനുള്ള വക ആ വീട്ടിൽ അന്ന് ഉണ്ടായിരുന്നില്ല. ആകെയുള്ള വരുമാനം ഒരേക്കർ നെൽകൃഷിയിൽ നിന്നായിരുന്നു. അതുകൊണ്ട് കഷ്ടപ്പെട്ട് കഴിഞ്ഞ് പോകാൻ മാത്രമേ ഭർത്താവ് കുഞ്ഞച്ചന് കഴിഞ്ഞിരുന്നുള്ളൂ.
“വാ കയറിയിരിക്ക്. “നീ എങ്ങനാ വന്നത്?”
മാമ്മിക്കുട്ടി വിളിച്ചുപറഞ്ഞു.
“എങ്ങനാ വന്നതെന്നോ, എന്തിനാ വന്നതെന്നോ? വന്നത് കണ്ടില്ലേ? പള്ളിജെട്ടിയിൽ ബോട്ടിറങ്ങി. ഒരു വള്ളം പിടിച്ചു. വീട്ടുപേര് പറഞ്ഞു. വള്ളക്കാരൻ ഇവിടെ കൊണ്ട് ഇറക്കി”.
ആനിയുടെ മേക്കിട്ട് കയറുന്ന ആ പഴയ സ്വഭാവം അപ്പോഴും മാറിയിരുന്നില്ല.
അവളുടെ അധ്യാപകർ അന്നേ പറഞ്ഞതാണ് അവൾക്ക് ചേരുന്ന സ്ഥലമല്ല കോൺവെന്റ് എന്ന്. പക്ഷേ മറ്റു മാർഗ്ഗങ്ങൾ ഒന്നും കുഞ്ഞച്ചന്റെയും മാമ്മിക്കുട്ടിയുടെയും മുൻപിൽ ഉണ്ടായിരുന്നില്ല.
“ഇതാരാ നിന്റെ കൂടെ”.
“അതാരാകാനാ സാധ്യത? കണ്ടാൽ മനസ്സിലാകത്തില്ലേ? എന്റെ കെട്ടിയോൻ”.
മാമ്മിക്കുട്ടി തലയിൽ കൈവച്ചില്ലെന്നേയുള്ളൂ. ഉള്ളൊന്നാളി.
“നീയെന്താ മഠം ചാടിയോ?”
“ചാടിയാലും പുറത്താക്കിയാലും ഫലം ഒന്ന് തന്നെയല്ലേ?”.
ചോദ്യങ്ങൾക്ക് ചോദ്യങ്ങൾ മറുപടിയായി ആനി നൽകികൊണ്ടിരുന്നു.
“ എന്നിട്ട് നീ അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലല്ലോ”.
“ എന്ത് പറയാനാണ്. എല്ലാം അങ്ങനങ്ങു സംഭവിക്കുകയായിരുന്നു”.
“ നീ ഇങ്ങോട്ട് വന്നത് ആരെങ്കിലും കണ്ടോ”.
അല്പം സ്വരം താത്തി മാമ്മിക്കുട്ടി ചോദിച്ചു.
നാട്ടിൽ നല്ല പേരുള്ള ഒരു കുടുംബമായിരുന്നു അവരുടേത്. ജനങ്ങളുടെയിടയിലെ മതിപ്പ് പോകുമോ എന്ന് ഭയമായിരുന്നു മാമ്മിക്കുട്ടിയ്ക്ക്. മകൾ ഉടുപ്പൂരി കല്യാണം കഴിച്ചെന്നു കേട്ടാൽ അവർക്കുണ്ടാകുന്ന അഭിമാനക്ഷതത്തെക്കുറിച്ച് ഓർത്തപ്പോൾ മാമ്മിക്കുട്ടിക്ക് എന്തെന്നില്ലാത്ത ഒരു വല്ലായ്മ തോന്നി.
“ കണ്ടെങ്കിൽ എന്താ? എന്നെ പിടിച്ചു കെട്ടുമോ? ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാ”.
“ എന്നിട്ട് നീ എന്തിനാണ് ഇങ്ങോട്ട് വന്നത്? കല്യാണം കഴിച്ച് സുഖമായിട്ടങ്ങ് ജീവിച്ചു പോയാൽ പോരാരുന്നോ”?
“ എനിക്ക് അവകാശപ്പെട്ടത്… ഇവിടുന്ന് കിട്ടാനുള്ളത് വാങ്ങിയിട്ടേ ഞാൻ പോകുന്നുള്ളു”.
“ഇവിടെനിന്ന് നിനക്ക് എന്ത് കിട്ടാനാണ്. കിട്ടാനുള്ളതെല്ലാം തന്നാണ് നിന്നെ പഠിപ്പിച്ചത്. നീ പോയതിന് ശേഷം ഞാൻ വേറെ അഞ്ചു പെറ്റു. ആകെ മക്കൾ പതിനൊന്ന്.അതെല്ലാം നീ വർഷാവർഷം അറിയുന്നുണ്ടായിരുന്നല്ലോ.”
“ വർഷാവർഷം പന്നികളെപ്പോലെ പെറാനറിയാം. ഈ മക്കളെയെല്ലാം എങ്ങനെ വളർത്തും എന്ന ചിന്തയില്ലായിരുന്നോ? എന്നിട്ട് ഇപ്പം എന്തുണ്ടായി?ആർക്കും ഒരു കുറവും ഇല്ലല്ലോ.പത്തു പേരും നല്ല സ്ഥാനത്തായില്ലേ? ഞാൻ മാത്രം ആർക്കും വേണ്ടാത്തവളായി”.
വിഷം മുറ്റിയ ഒരു മുർഖനെപ്പോലെ നിന്നു ചീറ്റുകയായിരുന്നു ആനി.
അതുവരെ ഉരുളയ്ക്കുപ്പേരി പോലെ സംസാരിച്ചുകൊണ്ടിരുന്ന മാമ്മിക്കുട്ടിയുടെ വായടഞ്ഞു പോയി. അവരുടെ മുഖം മ്ളാനമായി.
പെട്ടെന്നവർ വേച്ചു വേച്ചു അടുക്കളയിലേക്ക് നടന്നു. പുറകെ മകളും നടന്നു. അവിടെ അവർ പെട്ടെന്ന് രണ്ടു നാരങ്ങാവെള്ളം തയ്യാറാക്കി മങ്കമ്മയുടെ കയ്യിൽ കൊടുത്തു വിട്ടു. അവിടെ വെച്ച് തന്നെ ആനി ഒരു ഗ്ലാസ് വെള്ളം കയ്യിൽ വാങ്ങി. എന്നിട്ട് കുറെ നേരം ഒന്നും പറയാതെ മാറിയിരുന്നു കുടിച്ചു.എന്നിട്ട് ചോദിച്ചു:
“ അന്ന് ഞാൻ പോകുമ്പോൾ ഒരു ചെറ്റപ്പുര ആയിരുന്നല്ലോ?ഈ പുരവയ്ക്കാനുള്ള കാശെല്ലാം എങ്ങനെയുണ്ടായി?”
അതിനും മാമ്മിക്കുട്ടി ഒന്നും മറുപടി പറഞ്ഞില്ല.
ആനിയുടെ ഭർത്താവ് ആന്ധ്രപ്രദേശുകാരൻ ഒരു റിട്ടയേഡ് എൽഐസി ഉദ്യോഗസ്ഥൻ ആയിരുന്നു. നല്ലവണ്ണവും പൊക്കവുമുള്ള വ്യക്തി. അയാൾക്ക് ആവശ്യത്തിന് ആസ്തി അയാളുടെ നാട്ടിൽ ഉണ്ടായിരുന്നു. പണത്തോട് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. നല്ല പെൻഷൻ ഉണ്ടായിരുന്നു. കേരളം കാണാൻ വേണ്ടി വന്നതാണ് അയാൾ.
ആനിയാകട്ടെ ഒരു കൊച്ചു മനുഷ്യത്തിയായിരുന്നു. ചൂടത്തി. വെടിച്ചില്ലുപോലെയുള്ള സംസാരം. ഇത്രയും കാലം മഠത്തിൽ എങ്ങനെ കഴിഞ്ഞു എന്നുള്ളത് എല്ലാവർക്കും ഒരു അതിശയം ആയിരുന്നു.ഇപ്പോൾ വയസ്സ് അന്പത്തഞ്ചു കഴിഞ്ഞു.
നീണ്ട 40 വർഷങ്ങൾക്ക് ശേഷമാണ് വീട്ടിൽ വീതം ചോദിച്ചു വരുന്നത്. ഇതിന്റെ മുമ്പ് പലപ്രാവശ്യം വന്നിട്ടുണ്ടെങ്കിലും അത് കന്യാസ്ത്രീകളുടെ ഉടുപ്പിട്ടായിരുന്നു.
അപ്പോഴാണ് കുഞ്ഞച്ചൻ അവിടെ കയറി വന്നത്. അയാൾ ചങ്ങനാശ്ശേരി ചന്തയിൽ പോയിരിക്കുകയായിരുന്നു.
കുഞ്ഞച്ചൻ മുറിയിലേക്ക് കയറി ചെന്നപ്പോൾ ഒരു പരിചയവും ഇല്ലാത്ത ഒരാൾ അവിടെ ഇരിക്കുന്നതു കണ്ടു ഞെട്ടിപ്പോയി.
“ ആരാ, മനസ്സിലായില്ല.”
പക്ഷേ അയാൾക്ക് ആളെ മനസ്സിലായി.അയാൾ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
“ ഈ നാട്ടുകാരനല്ലേ?”
അതിനും അയാൾ മറുപടിയൊന്നും പറഞ്ഞില്ല. ഒന്നുകൂടി ചിരിച്ചു.
അപ്പന്റെ സ്വരം കേട്ട് മകൾ അവിടേക്ക് വന്നു. അപ്പോൾ മകൾ പറഞ്ഞു:
“അപ്പാ,എന്റെ വീതം വാങ്ങിക്കാൻ വന്നതാണ് ഞാൻ. ഇത്രയും നാൾ ഞാൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു. ഇപ്പോൾ ഞാൻ പുറത്താണ്. എനിക്ക് ജീവിക്കണം.”
“ അതിനെന്താ മോളെ. അക്കാര്യം നീ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് അയച്ചുതരുമായിരുന്നല്ലോ. നിന്റെ വീതം എപ്പോഴും ഇവിടെ ഉണ്ടാകും”.
അത് പറഞ്ഞിട്ട് അയാൾ അടുക്കളയിലേക്ക് പോയി.
അപ്പന്റെ വാക്കുകൾ കേട്ട് ആനി അന്ധാളിച്ചുപോയി.
അതിനിടയ്ക്ക് ആനിയും ഭർത്താവും തമ്മിൽ ചില സംസാരങ്ങൾ നടന്നു.
തന്റെ എഴുപതാം വയസ്സിൽ മകളുടെ വായിൽനിന്നു കേട്ട ചോദ്യങ്ങൾ മാമ്മിക്കുട്ടിയെ വളരെ വേദനിപ്പിക്കുകയും ആകെ അമ്പരപ്പിക്കുകയും ചെയ്തു. അമ്മ മനസ്സ് നീറി നീറി കത്തി. കത്തിയമരുന്ന ഒരു പച്ചവൃക്ഷംപോലെ.അവർ അടുക്കളയിൽ ഒരു കസേര വലിച്ചിട്ട് തേങ്ങി കരയാൻ തുടങ്ങി. കുഞ്ഞച്ചൻ അവരെ ആശ്വസിപ്പിക്കാൻ നോക്കി. കുഞ്ഞച്ചന്റെ ആശ്വാസവാക്കുകൾക്ക് അനുസരിച്ച് അവരുടെ ഏങ്ങലടി കൂടുതൽ ഉച്ചത്തിൽ ആകാൻ തുടങ്ങി. വീണ്ടും വീണ്ടും ആ വാക്കുകൾ അവരുടെ മനസ്സിലേക്കു വന്നു. ‘പന്നികളെപ്പോലെ……’ ‘ഇപ്പോൾ ഒന്നിനും ഒരു കുറവും ഇല്ലല്ലോ…’
മാമ്മിക്കുട്ടിയുടെ മനസ്സിലേക്ക് പെട്ടെന്ന് ആ ബൈബിൾ ഭാഗം കടന്നുവന്നു:
“ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്‌ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ്…….(ഉല്‍പത്തി 1 : 28)
പിന്നെ അധികസമയം ആനിയും ഭർത്താവും അവിടെ നിന്നില്ല. വന്നവള്ളത്തിൽത്തന്നെ കയറി സ്ഥലം വിട്ടു. മാമ്മിക്കുട്ടിയും ഭർത്താവും പിന്നെ അവരെക്കുറിച്ച് കേട്ടിട്ടേയില്ല.
“എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവും!” മാമ്മിക്കുട്ടി അവരെക്കുറിച്ച് ഇടക്കിടയ്ക്ക് ഓർക്കും. ജന്മം കൊടുത്ത അമ്മയല്ലേ, മറക്കാനൊക്കുമോ! അവർ തന്നെത്തന്നെയോർത്ത് സഹതപിച്ചു.