രചന : വാസുദേവൻ കെ വി✍

“…മൂന്നുപേർ ചേർന്നവളേ കുറ്റിക്കാട്ടിനപ്പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നു. എന്നാൽ തന്നെ ബലാൽസംഗം ചെയ്ത മൂന്നുപോരോട് പിന്നീടുള്ള അവളുടെ സമീപനമാണ് എസ് സിതാര യുടെ ” അഗ്നി “എന്ന കഥയെ വേറിട്ടതാക്കുന്നത്

“എന്നെ ഏറെ അതിശയിപ്പിച്ചുകൊണ്ടാണ് സിതാര എന്ന പെൺകുട്ടി ലക്ഷ്മണരേഖകളെ ഒന്നൊന്നായി ചവിട്ടിപുറത്താക്കുന്നത്. ലൈംഗികതയെപറ്റി തുറന്നു സംസാരിക്കാൻപോലും തയ്യാറല്ലാത്ത കാപട്യം നിറഞ്ഞ സമൂഹത്തോട് ലൈംഗികത കേന്ദ്രപ്രമേയമാകുന്നു….. കാമുക സന്നിധിയിൽ ലജ്ജകൊണ്ടു വിവശയായി കാൽനഖംകൊണ്ട് വരച്ചുനിന്നിരുന്ന ‘പെൺകുട്ടി’യിൽ നിന്ന് അഗ്നി എന്ന കഥയിൽ, തന്നെ ബലാൽസംഗം ചെയ്തവനോട് നീയത്രക്കുപോരാ, ഒരു പെണ്ണിനെ പൂർണമായി തൃപ്തിപ്പെടുത്താൻ നിനക്കാവില്ല എന്നു പുച്ഛിക്കുന്ന പെണ്കുട്ടിയിലേക്കുള്ള മാറ്റം അത്ര നിസാരമല്ലല്ലോ.” സാറാ ജോസഫ് ഈ കഥാകാരിയെ വിലയിരുത്തിയതി ങ്ങനെ.

ഇണ മരണപ്പെട്ട സ്ത്രീ സ്വയം മറ സൃഷ്ടിച്ച് ദിവസങ്ങളോളം ഇരിക്കണം. ഗർഭിണിയെങ്കിൽ പ്രസവം വരെ. വിഹാഹാമോചിതയ്ക്കും ഇതു തന്നെ.
ഇദ്ദ എന്ന യാഥാസ്ഥിക മതാചാരം. ശാരീരികമായും മാനസികമായും തളർന്ന സ്ത്രീയ്ക്ക് വേണ്ടത് ഉറ്റവരുടെ സാമീപ്യമാണ്. സാന്ത്വനമാണ്..

“മറ”യിൽ ഇരിക്കുന്നവൾക്ക് മതം അത് ക്രൂരമായി.നിഷേധിക്കുന്നു. 2022 മാതൃഭൂമി ഓണപ്പതിപ്പിൽ വന്ന സിതാരയുടെ
‘മറ ‘എന്ന കഥ അതിൻ്റെ പൊള്ളത്തരമാണ് ചോദ്യം ചെയ്യുന്നത്. നല്ലൊരു സൗഹൃദത്തിൻ്റെ കഥ കൂടിയാണിത്.

തീവണ്ടി യാത്രക്കിടയിൽ പിറക്കപ്പെട്ട കഥയെന്ന് സിതാര പറഞ്ഞിരുന്നു.

“നെയ്ത്തുകാരൻ” എന്ന സിനിമ സമ്മാനിച്ച സാഹിത്യകാരൻ ശശിധരൻ മാഷിന്റെ മകൾ. കണ്ണൂരിൽ ജോലി ചെയ്യുന്ന നാളുകളിലാണ് എഴുത്തുകാരിയെ നേരിൽ കാണാനായത്. അവരുടെ പ്രിയതമൻ അബ്ദുൽ ഫഹീം ഇന്നവരെ വിട്ടുപിരിഞ്ഞിരിക്കുന്നു. അതിജീവിക്കാൻ ആവണ്ടേണ്ടതുണ്ട് ഓരോ വേർപിരിയലും. പരേതാത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ. തുടർന്നും നല്ല കഥകൾ കുറിച്ചിടാൻ കഥാകാരിക്ക് ദൈവം കരുത്തേകട്ടെ..

വാസുദേവൻ കെ വി

By ivayana