രചന : വിജയൻ കുറുങ്ങാട്ട് ✍
സൂര്യൻ സ്വയമെരിയുന്ന പകലിലാവും മഴ കൂടുതൽ സുന്ദരിയാകുന്നത് എന്ന കാവ്യഭാഷ്യം കൂടുതൽ അന്വർത്ഥമാകുന്നത് മരുഭൂമിയിൽ മഴപെയ്യുമ്പോഴാണ്!
തീക്ഷ്ണമായ ചൂടിൽ വെന്തുനീറുന്ന മരുക്കാട്ടിൽ, ഉഷ്ണമേഘങ്ങൾ ഉരുണ്ടുകൂടിയ ആകാശത്തെ വകഞ്ഞുമാറ്റി, എങ്ങുനിന്നോ വരുന്ന മഴക്കാറ്റിൽനിന്ന് ഉരുണ്ടുവീണ നീർത്തുള്ളികളിൽ ഉഷ്ണശാന്തികണ്ടെത്തിയ മരുഭൂമി ഓരോ തുള്ളിയിലും കുളിരിന്റെ ഒരായിരം വിത്തുകളെ തേടുന്നു. ഇത്, മരുഭൂമിയിലെ മഴക്കാലം!
വെളിച്ചം മറഞ്ഞുപോകുന്നതും കാറ്റ് മരുഭൂമിക്കുമേൽ തലങ്ങും വിലങ്ങും വീശിവ്യാപിക്കുന്നതും ഉണക്കിലകളും പത്രത്തുണ്ടുകളും ഉയർത്തിയെടുത്തു താണ്ഡവമാടിക്കുന്ന ഭ്രാന്തൻകാറ്റ് പൊടിക്കാറ്റായി പരിണമിക്കുന്നതുമാണ് മഴയുടെ മരുഭൂമിയിലേക്കുള്ള വരവറിയിക്കൽ!
ആകാശത്തിന്റെ അങ്ങേച്ചരുവിൽ ഒരു കരിമേഘംപടലം പ്രത്യക്ഷപ്പെടും. നിമിഷങ്ങൾക്കകം അത് ആകാശം മുഴുവൻ പടർന്നുപന്തലിക്കുകയും മരുഭൂമിയെ ഒരു കരിമ്പുതപ്പിനുള്ളിലെന്നതുപോലെ ഇരുട്ടിലാക്കുകയും ചെയ്യും!
മഴയോടൊപ്പം ഇടിയും മിന്നലും വരും. മിന്നൽപ്പാളികൾ ആകാശത്തുനിന്ന് ഇറങ്ങിവന്നു മരുഭൂമിയെ തലങ്ങും വിലങ്ങും കീറിമുറിക്കും!
ജലത്തിന്റെ പിൻവാങ്ങലിലൂടെ ഒരു കാലത്ത് ഹരിതാഭമായിരുന്ന ഇടം മരുപ്പറമ്പായി. തന്റെ സമ്പന്നമായ ഭൂതകാലത്തെ ഇടയ്ക്കിടയ്ക്ക് ഓർത്തെടുക്കുന്നതാണ് മരുഭൂമിയിലെ മഴ!
ഊഷരതയുടെ ഉടലുരുക്കങ്ങളുള്ള മണലാരണ്യത്തിൽ മഴപെയ്യുംമുമ്പ്, കാറ്റു പെയ്യും മണലു പെയ്യും ഇരുട്ടു പെയ്യും മേഘം പെയ്യും ആലിപ്പഴം പെയ്യും, പിന്നെ, തുള്ളി പെയ്യും കാറ്റിനൊപ്പം ശരവർഷം പെയ്യും!
ഋതുകന്യകയുടെ കറുത്തമഴ, വെളുത്തമഴ, ആരോഹണത്തോടെ അവരോഹണത്തോടെ പെയ്തിറങ്ങുന്ന കാഴ്ച മനോഹരംതന്നെ!
മരുഭൂമിക്കുമുകളിൽ ഗ്രീഷ്മത്തിന്റെ വരവറിയിച്ചെത്തുന്ന മഴമേഘത്തുണ്ടുകളിൽ വസന്തിന്റെ പരാഗരേണുക്കളുണ്ട്!
മരുഭൂമിയിൽ മഴപെയ്തുതോർന്നാൽ, നനഞ്ഞു മണലടരുകൾ പരുക്കൻ പൗരഷത്തിൽനിന്നു കുളിർന്നുതളിർത്തുവളർന്നു ഹരിതാഭത്തോടെ കന്യാവനമായി പുഷ്പിണിയാകും!
മരുഭൂമിയിലെ മഴ ഒരു കുളിരനുഭവമാണ്, ഉത്സവത്തിമിർപ്പിന്റെ നിമിഷങ്ങളാണ്, ദൈവത്തിന്റെ വരദാനമാണ്. ആ മഴയെ വരവേൽക്കേണ്ടത് ദൈവത്തോടുള്ള നന്ദിപ്രകാശനമാണ്!
അപൂർവമായി വിരുന്നെത്തുന്ന മഴ മണ്ണിനടിയിൽ ഉറങ്ങിക്കിടന്നിരുന്ന പുൽവിത്തുകളിൽ മഴവെള്ളം എത്തിച്ചുകുതിർത്തു ജീവന്റെ തുടിപ്പുനൽകി മരുഭൂമിക്ക് പച്ചപ്പിന്റെ മേലാട നൽകും!
പച്ചപ്പിന്റെ ആ പുൽനാമ്പുകൾ തളിർത്തും പൂത്തും ചുറ്റുമുള്ള ലോകത്തെ കൗതുകത്തോടെ നോക്കി തലയാട്ടിനിൽക്കും!
മഴ പെയ്യുന്നതോടെ മരുഭൂമിയുടെ ഭാവമാറ്റം വിസ്മയപ്പെടുത്തുന്നതാവും. മഴപെയ്ത് അന്തരീക്ഷത്തിലെ പൊടിയൊക്കെ അടങ്ങി പ്രകൃതി സൗമ്യഭാവം കൈവരിക്കും!
മരുഭൂമിയിലെ മഴ ഒരു നവ്യാനുഭവമാണ്.. ആ അനുഭവത്തിനു ഇടവപ്പാതിയുടെ തിമിർപ്പും കര്‍ക്കടകപ്പെയ്ത്തിന്റെ കാഠിന്യവും തുലാവർഷത്തിന്റെ ഘോഷവും ഒത്തൊരുമിച്ച ചടുലതാളം നിറഞ്ഞുനിൽക്കും!
എല്ലാം അവസാനിച്ച ഒരിടം എന്നർത്ഥത്തിൽ മരുഭൂമിയുടെ വന്യതയെ ഊഷരതയെ നോക്കിക്കാണുന്നവർക്ക് ഒരു തിരുത്തുകൂടിയാണ് മരുഭൂമിയിലെ മഴ!
മരുഭൂമിയിൽ മഴയ്ക്ക് എപ്പോഴും പ്രതീക്ഷയുടെ മുഖമാണ്. പ്രതീക്ഷയാണ് മരുഭൂമഴ നൽകുന്ന പാഠം. താൻ എന്നെങ്കിലും പഴയതുപോലെ പുൽമേടും പൂമേടും ആകുമെന്ന് മരുഭൂമി സ്വപ്നം കാണുന്നതുപോലെ അത് സംഭവിക്കുന്നു!
മരുഭൂമിയിലെ മഴ, മണ്ണിലേക്കാണ്ടുപോയ വിത്തുകളെ മുളപ്പിച്ച് പുതിയ തണലുകൾ ഉണ്ടാക്കുന്നു. കവി റഫീഖ് അഹമ്മദ് കുറിച്ചപോലെ, “മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻമനസ്സിൽ” ഇവിടെ അന്വർത്ഥമാകുന്നു!
ലഹരിപിടിപ്പിക്കുന്ന ഗന്ധമുണ്ട് മരുഭൂമിയിലെ മഴയ്ക്ക്. മണലടരുകളില്‍ ആദ്യമായി മഴവെള്ളം പതിയുമ്പോള്‍ നേര്‍ത്തൊരു പുകപടലം പ്രത്യക്ഷപ്പെടും. പുതുമഴയുടെ ചൂരില്‍ ലജ്ജയാല്‍ ഇക്കിളിപ്പെടുന്നതുപോലൊരു ഇളക്കമാണ് മണ്ണിന്.
മണലിനടിയിലെ നാമ്പുകളെ മുളപ്പിച്ചു പുറത്തേക്കു കൊണ്ടുവരുന്നത് മഴയാണ്. നാരും വേരും മഴയില്‍ കെട്ടിപ്പുണര്‍ന്ന് ഉന്മത്തരായി മുളച്ചുപൊങ്ങും. പുതുജീവനോടെ, നവോന്മേഷത്തോടെ!
മരുഭൂമിയിലെ മണ്ണിന് വെള്ളം മാത്രം കിട്ടിയാൽ മതി, അത് പൂക്കളും ഫലങ്ങളുമായി വസന്തത്തെ പകരം തിരിച്ചുതരും!
മഴപെയ്തകഴിയുമ്പോൾ മരുഭൂമിയിൽ പോകണം, മരുഭൂമി പൂക്കുന്നതുകാണാൻ, മഴക്കാലം മരുഭുമിയില്‍ ഋതുലഹരിയാണ്. മഴയ്ക്കുശേഷം ഒരാഴ്ച ഇടവേള കഴിയുമ്പോള്‍ നവവധുപോലെ മരുഭൂമി പുഷ്പലതാലങ്കൃതയാകും. ഭൂമീദേവി പുഷ്പിണിയായി എന്നുപറയില്ലേ!
കാലത്തിനൊപ്പം ഋതുഭേദങ്ങളറിഞ്ഞുവരുന്ന മഴ, ചിലപ്പോൾ കണക്കുകൾ തെറ്റിച്ചുമെത്തുന്ന മഴ, ഊഷരമരുവനത്തെ മാത്രമല്ല കണ്ടുനിൽക്കുന്നവരുടെ ഹൃദയവും തണുപ്പിക്കും!
മരുവനത്തിന്റെ ഗർഭഗേഹങ്ങളിൽനിന്നു മഴച്ചുംബനമേറ്റുണ്ടായ മണ്ണിളക്കത്തിന്റെ ഇക്കിളിയിൽനിന്നു മുളപൊട്ടിയ പുതുമുകളങ്ങൾ മരുഭൂമിക്കുമുകളിൽ ഹരിതപ്പുതപ്പാകുന്നു!
ഓരോ മഴയ്ക്കുശേഷവും മരുഭൂമികളിൽ, മരുഭൂമിയുടെ ഗർഭത്തിൽ അടയിരുന്ന വിത്തുകളിൽ, വരണ്ടുണങ്ങിയ വേരടരുകളിൽ, വെന്തുണങ്ങി ഒട്ടിപ്പോയ കാണ്ഡങ്ങളിൽ ഉണർവിന്റെ മുളപൊട്ടും, മുളകൾ ഹരിതമണിയും, ഹരിതത്തിനുമേൽ പലവർണ്ണപ്പൂക്കൾ വിരിക്കും!
മരുഭൂമിയെന്ന, വരണ്ട മണ്ണും ഉരണ്ട കല്ലുകളും നിറഞ്ഞ ഭൂമിക, ‘മരുഭൂമി പൂക്കുന്നു’ എന്ന, മഴയുടെ ബാക്കിപത്രമെന്ന പ്രവചനത്തിലേക്ക് സാക്ഷ്യപ്പെടും! അങ്ങനെ, മരുഭൂമിയിൽ കാലത്തിന്റെ പ്രതിപ്രവർത്തനം സംഭവിക്കും!
പുണ്യപ്രവാചകൻ പ്രവചിച്ച അറബ് ഭൂമിയിലെ ‘പൂക്കാലം’ മരുഭൂമിയിൽ മഴപെയ്തുകഴിയുമ്പോൾ കുറെക്കാലത്തേക്കുമാത്രമായി കൃത്യസമയത്ത് തിരിച്ചുവരുന്നു!
വരണ്ട മരുഭൂമിയെ മഴ നനച്ചുകഴിയുമ്പോൾ മുളച്ചുപൊങ്ങുന്ന പുല്‍മുകളങ്ങളിൽ ഉന്മാദം പരത്തുന്ന മായികവസന്തം ആനന്ദത്തെയും ആഘോഷത്തെയും കൊണ്ടുവരുന്നു!
മരുവസന്തത്തിന്റെ സുവർണ്ണോജ്ജ്വലമായ കാഴ്ചവിരുന്നാണ് മഴപെയ്തുകഴിഞ്ഞ് ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ മരുഭൂമിയെ കാത്തിരിക്കുന്നത്!
എന്തെന്തു നിറക്കാഴ്ചകളാണ് ഈ ഹസ്രവസന്തപ്പൂക്കൾ സമ്മാനിക്കുന്നത്! അവയുടെ ചാരുത, മനോഹരിത, ഹൃദ്യത എന്തെന്നില്ലാത്ത ആവേശമാണ് നൽകുന്നത്!
ഉച്ചവെയിലിൽ മണലുപൂക്കുന്ന മരുഭൂമി, മഴ പെയ്തുകഴിയുമ്പോൾ മഴച്ചുംബനങ്ങളില്‍മാത്രം വിരിയുന്ന മനോഹരമായ ബഹുവർണ്ണപ്പൂക്കളുടെ ഉദ്യാനമാകുന്നു! മരുഭൂമി പുഷ്പിണികളാകുന്ന മാസ്മരദ്യശ്യംതന്നു പ്രകൃതിയെ പുളകിതയാക്കുന്നു!
വസന്തത്തിന്റെ വിശുദ്ധിയാണ് മരുഭൂമിയിലെ പൂക്കാലം. പുഷ്പിണിയായ മരുഭൂമിക്ക് പുതക്കപ്പെണ്ണിന്റെ നൈർമ്മല്യം!
മരുഭൂമിയിലെ മഴക്കാലമെന്നാൽ ചെടികളുടെയും പൂക്കളുടെയും വസന്തകാലം, വസന്തം വരച്ചിടുന്ന പൂക്കവിതാകാലം!
വസന്തം വിരുന്നെത്തിയ മുഭൂമിയിൽ, സൂര്യനുദിച്ചുപൊങ്ങുമ്പോൾ മരുഭൂമിയിലെ ചെടികൾക്കും പൂക്കൾക്കും വരുന്ന മാറ്റം അദ്ഭുതാവഹമാണ്!
മരുഭൂമിയിലെ മഴവിരിയിച്ച വർണ്ണവിസ്മയങ്ങളുടെ നിറച്ചാർത്തുകൾ പ്രകൃതിക്കുമുമ്പിൽ ഒരത്ഭുതലോകംതന്നെ തുറക്കുന്നു!
പച്ചപുതച്ച പുൽമേടുകളും പ്രണയം നിറഞ്ഞ പൂക്കാലങ്ങളുംകൊണ്ട് അദ്ഭുതപ്പെടുത്തുകയായിരിക്കും അപ്പോൾ മണലാരണ്യം!
മരുഭൂമിയെ കുളിരണിയിച്ചമഴയുടെ മാന്ത്രികത്തേരിൽ വരുന്നുവരുന്ന മരുഭൂവസന്തത്തിന് അകമ്പടിയായിവന്ന ഇളംതെന്നൽ പൂക്കളെക്കൊണ്ടു നൃത്തംചെയ്യിക്കുന്നത് നയനാനന്ദകരം!
വന്യതമൂടിയ ഉരുണ്ട കല്ലും വരണ്ട മണ്ണുംകൊണ്ട് അനന്തതയിലേക്കു നീണ്ടുകിടന്നിരുന്ന മരുവനത്തിന്റെ വർഷാനന്തരപ്പൂക്കാലവിസ്മയം ഒരനുഭവംതന്നെയാണ്!
കണ്ണെത്താദൂരത്തോളം അനന്തമായിക്കിടന്ന മണൽപ്പരപ്പുകൾ, മണൽപ്പാടങ്ങൾ, ചക്രവാളംമുതൽ ചക്രവാളംവരെ തിരയിളകിക്കിടക്കുന്ന മണൽക്കടലും എല്ലാം ബഹുവർണ്ണനിറമാർന്ന പരവതാനിപോലെ പരിശോഭിക്കും!
വസന്തത്തിന് ഭൂമിയിൽ എല്ലായിടത്തുമെത്തിപ്പെടാൻ ആവില്ലെന്നു പറയുന്നത് നുണയെന്ന് മരുഭൂമിയിലെ വർഷാനന്തരവസന്തം സാക്ഷ്യം!
മരുനിലം പൂത്തുമലര്‍ന്ന ഈ നാളുകളിൽ ചില പ്രദേശങ്ങള്‍ പല നിറത്തിലുള്ള പൂക്കളാല്‍ മൂടുമ്പോള്‍, മറ്റ് ചില പ്രദേശങ്ങള്‍ ഒരൊറ്റ പൂ(താഴുത്തെ ചിത്രം)കൊണ്ടുള്ള പരവതാനി വിരിച്ചുവച്ചതുപോലെയാകും. അങ്ങനെ മരുഭൂമിയിലെ മഴക്കാലം ‘പുഷ്പിക്കുന്ന മരുഭൂമി’ എന്ന പ്രകൃതിപ്രതിഭാസത്തെ ലോകത്തിനു കാട്ടിത്തരും!
വന്ധ്യമായ തിരിശിടങ്ങളായിരുന്ന മരുഭൂമിയിലെ ഈ പ്രതിഭാസത്തിന് അധികം ആയുസ്സുണ്ടാവില്ല. മഴയ്‌ക്കുശേഷം തുടങ്ങി ശീതകാലത്തേക്കുമാത്രം. വേനലിന്റെ കാഠിന്യമേറുന്നതിനുമുമ്പ് അവയൊക്കെ കരിഞ്ഞു മണ്ണിലേക്ക് സിദ്ധികൂടും. വിത്തുകളെ വരുന്ന വർഷത്തെ മഴവരെ സുഷുപ്‌തിയിലാഴുത്തും!
‘മണലാരണ്യത്തിലെ മഴ’, ‘മരുഭൂമിലെ വസന്തം’ എന്നീ ഭാഷാപ്രയോഗങ്ങൾക്ക്, അപ്രതീക്ഷതമായി വന്നുചേരുന്ന ആശ്വാസമെന്നും കുറഞ്ഞകാലത്തേക്കുമാത്രമുള്ള സൗഭാഗ്യമെന്നും ഒക്കെ വ്യാഖ്യാനങ്ങൾ വന്നത് അങ്ങനെയാവാം!
കടലുകാണുന്ന കുട്ടിയുടെ മനസ്സോടെ അദ്‌ഭുതത്തോടെ മരുഭൂമിയെ നോക്കിക്കണ്ട ഏതൊരൊൾക്കും മരുഭൂമിയിൽ ഇങ്ങനെയൊരു വസന്തമുണ്ടെന്ന കാര്യം പുതിയ അറിവായിരിക്കും!
ചിത്രം?
വസന്തത്തിന്റെ വയലറ്റുതാഴ്‌വാരംപോലെ ലാവണ്ടർപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന മനോഹരമായ മരുഭൂക്കാഴ്ച, പ്രകൃതി സ്വയമൊരുക്കിയ പൂങ്കാവനം! മഴകഴിഞ്ഞ് വസന്തം വന്ന സൗദി അറേബ്യായിലെ ഏതോ ഒരുൾനാടൻമരുഭൂക്കാഴ്ച. ഈ ചിത്രം എടുത്തത് സൗദി ഫോട്ടോഗ്രാഫറായ അബ്ദുൽ അസീസ് അൽ ഷമ്മിരി (Abdul aziz Al Shammari) എന്ന് പറയപ്പെടുന്നു. സമാനമായ വർഷാനന്തരമരുഭൂക്കാഴ്ചകൾ തെക്കേഅമേരിക്കയിലെ അറ്റാക്കാമ മരുഭൂമിയിലും വർഷാവർഷം സംഭവിക്കാറുണ്ടെന്ന് എവിടെയോ വായിച്ച ഓർമ്മ!
(ചിത്രം : Sabeena M Sali)