രചന : ബാബുഡാനിയല്‍ ✍

കാത്തിരിക്കുന്നു പ്രിയതേ നിനക്കായി
കൂടൊരുക്കിഞാന്‍ കാതങ്ങള്‍ക്കിപ്പുറം.
വരിക മല്‍സഖീ ഒരുനോക്കുകാണുവാന്‍
അരികെ, മുഗ്ദ്ധഹാസം പൊഴിച്ചുനീ.

കോര്‍ത്തുപോയില്ലെ മാനസം നമ്മളെ
വേര്‍പെടുത്തുവാനാകാത്തൊരീവിധം.
പാര്‍ത്തിരുന്നെന്‍റെ കണ്‍കള്‍തുടിക്കുന്നു
പച്ചിലച്ചാര്‍ത്ത് മേഞ്ഞൊരീകൂട്ടിലും.

നീലവാനിലും കാനനം തന്നിലും
നീലസാഗരമേലാപ്പുതന്നിലും,
നിന്നൊടൊത്തൊന്നു പാറിപ്പറക്കുവാ-
നെന്‍മനമെത്ര നാളായ് കൊതിക്കുന്നു.

തുള്ളിത്തുളുമ്പുന്നുമാനസം മേല്‍ക്കുമേല്‍.!
തുടിതുടിക്കുന്നു നിന്‍ സവിധേയണയുവാന്‍.!.
നിന്നെയോര്‍ത്തെന്‍റെ മാനസവീണയില്‍
നേര്‍ത്തരാഗമുതിരുന്നു മല്‍സഖീ.!

ബാബുഡാനിയല്‍

By ivayana