രചന : ഷൈല നെൽസൺ ✍

കോളിംഗ് ബെല്ലിന്റെ ശക്തമായ ഒച്ച കേട്ടുകൊണ്ടാണ് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റത്. പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ എപ്പോഴാണാവോ മയങ്ങിപ്പോയത് ? ഈയ്യിടെഉണ്ടായ വൈറൽ പനിയുടെ ആലസ്യം തീർത്തും വിട്ടകന്നിട്ടില്ല. അതാവും മയങ്ങിപ്പോയത്.


മെല്ലെ എണീറ്റ് കതകിനടുത്തേയ്ക്ക് നടന്നു, അതിനു മുൻപ് ജനലിലൂടെ ഗേറ്റിലേയ്ക്ക്
നോക്കാനും മറന്നില്ല. ഉദ്ദേശിച്ച ആൾ തന്നെ. അധികാരത്തോടെ ഇത്രയും ഉറക്കെ ബെല്ല മർത്തുവാൻ കൊച്ചുറാണി അല്ലാതെ മറ്റാരാണ് ധൈര്യപ്പെടുക.?
വർഷങ്ങളായി മീൻ കൊണ്ടുത്തരുന്ന സ്ത്രീയാണ്. വിഴിഞ്ഞം കടൽപ്പുറത്തുന്നു നിന്നും നല്ല പിടയ്ക്കുന്ന മീനുമായിട്ടാണ് അവർ വരുന്നത്. പ്രവാസികളായിരുന്നപ്പോൾ കുറച്ചു ദിവസത്തേയ്ക്ക് മാത്രം ലീവിനു വരുന്ന അവസരത്തിൽ , ഞങ്ങളുടെ തന്നെ ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. അവിടെ വർഷങ്ങളായി മീൻ കൊണ്ടുവരുന്നത് കൊച്ചുറാണി ആയിരുന്നു.


അന്നുമുതലുളള പരിചയമാണ്. ആ പരിചയത്തിന്റെ ചുവടുപിടിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോഴും ആ പതിവ് തുടരുകയാണ്.
മാമലനാടിന്റെ പ്രിയ പുത്രിക്ക് നല്ല മീൻ സ്ഥിരമായി കഴിക്കുവാനുള്ള ഭാഗ്യം തമ്പുരാൻ ഒരുക്കിത്തന്നിരിക്കുന്നു എന്നല്ലാതെ എന്തു പറയാൻ!
അക്ഷമയായി കാത്തു നിന്ന കൊച്ചുറാണിക്ക് ഗേറ്റുതുറന്നു കൊടുത്തു. ഉത്സാഹത്തോടെതലച്ചുമടുമായി അവർ അടുക്കള ഭാഗത്തേയ്ക്ക് നടന്നു. ഗേറ്റുമടച്ച് അവരെ അനുഗമിച്ചു.


രണ്ടു ദിവസം മുൻപ് അവർ വന്നിട്ടു പോയതാണ്, തല്ക്കാലം മീൻ വാങ്ങേണ്ട ആവശ്യവുമില്ല.
കഴിഞ്ഞ ദിവസം വന്നപ്പോൾ പല തരത്തിലുള്ള മീനുകൾ വെട്ടി വൃത്തിയാക്കി പോളിത്തീൻ കൂടുകളിലാക്കി ഫ്രീസറിൽ സൂക്ഷിച്ചിട്ടുമുണ്ട്.
പിന്നെ എന്തിനാവും ഇവർ ഇന്നും വന്നത്?
മീൻ വൃത്തിയാക്കുന്ന സമയത്ത് അവരുടെ വീട്ടിലെ കഥകൾ പറയാറുണ്ട്. എന്റെ മറുപടികൾ അവർക്ക് ആശ്വാസവും, സാന്ത്വനവുമാകാറുണ്ട് എന്നുമറിയാം.
പാവം പിടിച്ച ഒത്തിരി ബാധ്യതകളുള്ള ഒരു അമ്മയാണവർ. അവരുടെ ഭർത്താവ് മദ്യപാനിയായിരുന്നു രണ്ടു വർഷം മുൻപ് മാറാ രോഗം വന്നു മരിച്ചു. രണ്ടു പെൺമക്കളെ ചെറുപ്പത്തിലേ കെട്ടിച്ചും വിട്ടു. കുഞ്ഞു കൂട്ടി പരാധീനങ്ങളുമായി അമ്മയുടെ തൊഴിൽ തന്നെ അവരും ചെയ്യുന്നു.


അവരുടെ മക്കളെ നല്ല പള്ളിക്കൂടങ്ങളിൽ പ്രയാസപ്പെട്ടിട്ടാണെങ്കിലും ചേർത്തിട്ടുണ്ട്. പക്ഷേപുതിയ തലമുറകൾക്ക് പ്രയാസങ്ങളെ പറ്റി ഒരു ചിന്തയുമില്ല. സർക്കാർ നല്കുന്ന സഹായങ്ങൾ പട്ടിണിയില്ലാതെ ജീവിക്കുവാൻ അവരെ സഹായിക്കുന്നു.
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ വളരെ സങ്കടപ്പെട്ട് കണ്ണീർ ഒഴുക്കിക്കൊണ്ടു് അവർ കുറച്ചു കാര്യങ്ങൾ പറഞ്ഞു. വിഷമങ്ങൾ എല്ലാവരോടും അവർ പറയാറില്ലെന്നറിയാം.
സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബലത്തിൽ സ്വയം മനസ്സിലെ ഭാരങ്ങൾ ഇറക്കി വെയ്ക്കുകയാണവർ.


കൊച്ചുറാണിക്ക് ഒരു മകനുണ്ട് , ഏക ആശ്രയമായിക്കണ്ട പുത്രൻ. വിവാഹം കഴിഞ്ഞ് ഭാര്യയ്ക്കും, രണ്ടു കുട്ടികൾക്കുമൊപ്പം കുടുംബ വീട്ടിലാണ് താമസവും. മരുമകളെ പരമ്പരാഗത തൊഴിലിനൊന്നും വിടാതെ വീട്ടിൽ തന്നെ ഇരുത്തിയിരിക്കുകയാണ്. അമ്മാവി അമ്മയും ഭർത്താവും ജോലി ചെയ്ത് വീടു പോറ്റുമ്പോൾ വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തട്ടെ എന്ന തീരുമാനവും.


കൊച്ചുറാണിയുടെ ഭർത്താവ് മരിച്ചതിനു ശേഷമാണ്. മരുമകളുടെ വിശ്വരൂപം പുറത്തുവന്നത്. അമ്മാവി അമ്മയും കൂടി വേഗം തീർന്നു കിട്ടിയാൽ വീട് അവർക്ക് സ്വന്തമാക്കാമല്ലോ എന്ന വിചാരവും.
സ്വാർത്ഥതയുടെ തീക്ഷ്ണ ഭാവത്തിൽ അമ്മയോട് മിണ്ടരുത് എന്നു മാത്രമല്ല പല തരത്തിലും ഉപദ്രവം മകനു നേരെയും അഴിച്ചു വിട്ടിരിക്കുകയാണ് എന്ന് വിലപിക്കുന്ന ഒരു അമ്മ.


ദേഷ്യം കൊണ്ടു് മകൻ ഭാര്യയ്ക്കു നേരെ കൈ ഓങ്ങിയപ്പോൾ തിരികെ അടിക്കാൻ ശ്രമിക്കുക മാത്രമല്ല” നിയമം സ്ത്രീകളുടെ പക്ഷത്താണ് , നിന്നെക്കുറിച്ച് പോലീസ്സിൽ പരാതി കൊടുക്കും “എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു പോലും.
സ്വന്തം വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങാനോ , സമയത്തിന് ആഹാരം കിട്ടാതെ പട്ടിണിയും പരിവട്ടവുമായി വാർദ്ധക്യത്തിലേയ്ക്ക് നടന്നടുക്കുന്ന ഈ സമയത്തും മീൻ വിറ്റു ജീവിക്കുന്ന ഒരു സാധു സ്ത്രീയുടെ കണ്ണുനീർ കണ്ടില്ലെന്നു നടിക്കുവാൻ സാധിക്കില്ല മന:സ്സാക്ഷിയുള്ള ആർക്കും തന്നെ.


നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് , വയോജനങ്ങളെ സഹായിക്കുന്ന നിയമങ്ങൾ ധാരാളമുണ്ട് എന്ന മുഖവുരയോടെ ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ മരുമകളോട്
എങ്ങിനെ പെരുമാറണമെന്ന് സ്നേഹപൂർവ്വം പറഞ്ഞു കൊടുത്തു.
ആശ്വാസത്തോടെ അവർ മുഖം കഴുകി . നിർബന്ധപൂർവ്വം വയറു നിറച്ച്
ഭക്ഷണവും, ചായയും കൊടുത്ത് പറഞ്ഞു വിട്ടു.


നിയമങ്ങൾ എങ്ങിനെയെല്ലാം വളച്ചൊടിക്കപ്പെടുകയാണ്. സാധാരണക്കാരായ ജനങ്ങളിലേയ്ക്ക് എത്തേണ്ട കാര്യങ്ങൾ ഒന്നും എത്തിപ്പെടാറില്ല എന്നതാണ് സത്യം. ബന്ധപ്പെട്ടവർ അതിനായ് ശ്രമിക്കാറുമില്ല എന്നതാണ് സത്യം.
ഏതായാലും ഇന്ന് കൊച്ചുറാണി സന്തോഷത്തോടെയാണ് എത്തിയിരിക്കുന്നത്. ഒന്നും ചോദിക്കാതെ തന്നെ അവർ പറഞ്ഞു തുടങ്ങി. വീട്ടിൽ ചെന്നു കയറിയ ഉടനെ തന്നെ
മരുമകൾ പതിവു ബഹളം തുടങ്ങി.


എല്ലാ നിന്ദകളും ഇത്രയും കാലം സഹിച്ച് മിണ്ടാതിരുന്ന കൊച്ചുറാണി ഒരു ഈറ്റപ്പുലിയേപ്പോലെ ചാടി ഇറങ്ങി മരുമകളെ വെല്ലുവിളിച്ചു.
“ഇത്തിൾക്കണ്ണികളായ് എന്റെ വീട്ടിൽ പറ്റി പിടിച്ചിരിക്കുന്നതും പോരാഞ്ഞിട്ട് എന്നെ ഭരിക്കാൻ വരുന്നോടി ” എന്ന് അക്രോശിച്ചു. “ഇപ്പോൾ ഞാൻ പോലീസ് സ്റ്റേഷനിൽ പോകും, എനിക്കു മുണ്ട് നിയമങ്ങൾഎനിക്കും ചോദിക്കാൻ ആളുണ്ട് ” എന്ന് ഉറക്കെ തിരിച്ചു പറഞ്ഞു.


ശബ്ദം കേട്ട് കടൽപ്പുറത്ത് തൊട്ടു തൊട്ട് താമസിക്കുന്നവർ അവരവരുടെ കൂരകളുടെ
മുന്നിൽ ഇറങ്ങി നിന്ന് കാതോർത്തു.
“ഇത് എന്റെ വീടാണ്. മരിക്കുന്നതുവരെ എനിക്ക് ഇവിടെ കഴിയണം, ഇഷ്ടമില്ലാത്തവർ ഈ നിമിഷം ഇവിടെ നിന്നുമിറങ്ങണം. “
“നീ എന്നെയും മകനേയും പെടുത്തിയ പാടുകൾ എല്ലാം പോലീസ്സുകാരെ അറിയിച്ചിട്ടുണ്ട്. ഞാൻ ഒരു വാക്കു പറഞ്ഞാൽ നിന്നെ തൂക്കിയെടുത്ത്
അവർ ഈ നിമിഷം കൊണ്ടുപോകും. ഞാൻ പോകണമോ വേണ്ടായോ?”
അന്നുവരെ മിണ്ടാതിരുന്ന അമ്മായിഅമ്മയുടെ പ്രകടനം മരുമകളെ അക്ഷരാർത്ഥത്തിൽഞെട്ടിച്ചു കളഞ്ഞു. “വേണ്ട അമ്മാ! ഒരിടത്തും പോകണ്ട. “അവളുടെ സ്വരമപ്പോൾ ശാന്തമായിരുന്നു..


അകലെ മാറി നിന്ന് ഇതെല്ലാം കണ്ടു കൊണ്ടു നിന്നിരുന്ന മകൻ മെല്ലെ അടുത്തു വന്ന് അമ്മയെ ചേർത്തുപിടിച്ചു. പേരക്കുട്ടികളും മരുമകളും ഇരുകരങ്ങളിലും പിടിച്ചുകൊണ്ടു് അവരെ
വീട്ടിനുള്ളിലേയ്ക്ക് കൊണ്ടുപോയി.
ഇത്തിൾക്കണ്ണികളാവാതെ സൂക്ഷിക്കേണ്ടവരെ നിറുത്തേണ്ടിടത്തു നിറുത്തണം, ആരായാലും പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുകയും വേണം. പടർന്നു പന്തലിച്ച് ചാറൂറ്റിക്കഴിഞ്ഞ് പറിച്ചു മാറ്റാൻ ഏറെ പ്രയാസമാണ് അത് എന്തായാലും.
ഈ വിശേഷം പറയാനാണ് ഇന്നത്തെ വരവിന്റെ ഉദ്ദേശം. വലിപ്പചെറുപ്പമില്ലാതെ സ്നേഹം പ്രസരിച്ചു തുടങ്ങുമ്പോൾ ജീവിത നദിയും തടസ്സങ്ങളില്ലാതെ പ്രയാണം തുടരും.


കൊച്ചുറാണി തിരിച്ചു പോയി. ഗേറ്റ് അടച്ച് വീടിനുള്ളിലേയ്ക്ക് കയറും മുന്നേ പൂത്തുലഞ്ഞ അശോകതെച്ചി മരത്തിലേയ്ക്ക് ഒരു നിമിഷം കണ്ണുകളുടക്കി. പുഞ്ചിരിച്ചു കൊണ്ടു കുല കുലയായി നില്ക്കുന്ന മഞ്ഞയും ചുവപ്പും കലർന്ന പൂക്കൾ.

ഷൈല നെൽസൺ

By ivayana