രചന : വാസുദേവൻ. കെ. വി ✍
കോവിഡ് കാലത്ത് വേദന പകർന്ന ഒരു വാർത്താ ചിത്രം. മരണം മുന്നിൽ കണ്ട ഒരു യുവ ഭിഷഗ്വരൻ തന്റെ വസതിക്കു പുറത്ത് നിന്ന് തന്റെ പൊന്നോമനകളെ എത്തിനോക്കുന്ന ചിത്രം. പൂർണ്ണ ഗർഭിണിയായ ഭാര്യ അതിന്റെ ഫോട്ടോ ഒപ്പിയെടുക്കുമ്പോൾ അറിയാതെ പോയി അത് പ്രിയതമന്റെ അവസാന ചിത്രമെന്ന്. ജക്കാർത്തയിൽ കോവിഡ് രോഗികളെ കയ്യും മെയ്യും മറന്ന് ചികിൽസിച്ച് ബലിയാടായ ഡോക്ടർ ഹദീയോ അലിയുടെ ചിത്രം.
മരണമെത്തുന്ന നിമിഷം നമുക്ക് ഭയാനകം. കവികൾക്കും കലാകാരൻമാർക്കും മരണനിമിഷ ങ്ങൾക്കും കാവ്യാത്മകം. സെല്ലുലോയ്ഡ് കാഴ്ചാ വസന്തത്തിൽ ഭരതൻ ടച്ച് കെങ്കേമമെങ്കിലും ഭരതൻ സിനിമകളിൽ ഏറെയും മരണനിർവൃതി കാഴ്ചകളോടെ പര്യവസാനം. ബോധാബോധകമ്പികളിൽ അയവുള്ള തകര മരണത്തെ പുല്കുന്നത് ഉന്മാദിയെ പ്പോലെ തീവണ്ടിക്ക് നേരെ ഓടി കൊണ്ട്. തമിഴന്റെ ആസ്വാദന തലം തിരിച്ചറിഞ്ഞ ഭരതൻ അവനെ രക്ഷിക്കാൻ ആവാരംപൂ വിൽ ട്രെയിൻ നിർത്തുന്ന ലോകോ പൈലറ്റിന്റെ വേഷവും കെട്ടി. ഭരത് ഗോപി സാക്ഷാത്ക്കരിച്ച ഉത്സവപ്പിറ്റേന്ന് സിനിമയിൽ ലാലേട്ടൻ കഴുത്തിൽ കുറുക്കിട്ട് ചാടുമ്പോൾ കുട്ടികളെ കൊണ്ട് ആർപ്പുവിളിപ്പിക്കുന്ന കാഴ്ച. ,
“ചൊരിഞ്ഞിടുക നിന്‍ ചടുല ചാടൂക്തി ചെവികളിൽ പുണര്‍ന്നിടുക
നിന്‍ ഭുജഭുജംഗ വലയങ്ങളാല്‍
തരിക തളിരധരദല താംബൂല മാധുരി. “
മൃത്യു പൂജ എന്ന കവിതയിൽ അരികിലെത്തുന്ന മരണദേവതയ്ക്ക് കാമിനി രൂപം. ഓരോന്നായി ഇന്ദ്രിയങ്ങള്‍ കൊണ്ടവളേ അനുഭവിക്കാന്‍’ കാത്തിരിക്കുകയാണ് അതിൽ.
മരണമെത്തുന്ന നേരത്ത് ഇണയുടെ സാമീപ്യം അനിവാര്യമെന്ന് കുറിച്ചിട്ടത് കവി റഫീഖ് അഹമ്മദും.
പുൽകാൻ അണയുന്ന മൃത്യുവിനെ ചേർത്തണയ്ക്കാൻ ഉന്മാദം കൊള്ളുന്നവരുടെ ചിത്രങ്ങൾ നമ്മുടെ സാഹിത്യത്തിലും ധാരാളം.,
“സർവ്വേ സന്തു നിരാമയ:”
സർവ്വർക്കും പൂർണ്ണാരോഗ്യം ഉണ്ടാവട്ടെ എന്ന അർത്ഥം. അതിലപ്പുറം മറ്റെന്ത്!!
“രാത്രി അവസാനിക്കാറായപ്പോൾ ആ ചെറിയദ്വാരത്തിലൂടെ മൃത്യു കടന്നുവന്നു നെഞ്ചിലിരുപ്പുറപ്പിച്ചു. മസ്തിഷ്കസിരകളും, സ്നായുക്കളും മയക്കത്തിലാണ്. വിശാലശൂന്യതയിൽച്ചെന്ന് എല്ലാ അനുഭൂതികളും വിലയം പ്രാപിച്ചു,….”
സ്വത്തിനും, ശാസ്ത്രഗവേഷണങ്ങൾക്കും മീതെ പരുന്തും പറക്കില്ലെന്നനുമാനിച്ച ദരിദ്ര-ധനാഢ്യന്മാരെയൊക്കെ
ഇത്തിരിക്കുഞ്ഞൻ വൈറസ് ഉറക്കം കെടുത്തിയ നാളുകളിൽ സ്വന്തമാക്കിയ പുസ്തകം. വിശ്വസാഹിത്യ ശ്രേണിയിലേക്കുള്ള ഭാരതസംഭാവന. താരാശങ്കർ ബന്ദ്യോപാധ്യായ രചിച്ച ‘ആരോഗ്യനികേതനം ‘. പ്രൊഫ. എം കെ എൻ പോറ്റി വിവർത്തനം ചെയ്ത ഗ്രീൻ ബുക്സ് പ്രസിദ്ധീകരണം. സാഹിത്യ പ്രവർത്തക സഹകരണ സംഘം പണ്ട് പുറത്തിറക്കിയ മൊഴിമാറ്റം താരാശങ്കർ വന്ദോപാദ്യായ എന്ന പേരോടെ ആയിരുന്നു. പിന്നീട് താരാശങ്കർ ബാനർജി എന്ന പേരിലും തർജ്ജമ പിറന്നു. നായരും മേനോനും പോലെ ബംഗാളിക്ക് ബാനർജിയും ബന്ദോപാധ്യയും.
ജീവന്റെയും മൃത്യുവിൻ്റെയും, രോഗത്തിന്റെയും ചികിൽസയുടെയും കഥ. മരണമെന്നും പ്രവചനാതീതം. അത് പാപപുണ്യങ്ങളെ പരിഗണിക്കാറില്ലല്ലോ.
ബംഗാളിലെ ദേവീപുരം ഗ്രാമത്തിൽ മൃത്യു കടന്നുവന്നത് ക്ഷയാണുക്കളുടെ രൂപത്തിൽ ,,,
ക്ഷയാണുവിന്റെ അള്ളിപ്പിടുത്തത്തിൽ കഫവും ചോരയും തുപ്പി വലഞ്ഞ പതിനായിരങ്ങൾ . എല്ലാവിധ പ്രതിരോധങ്ങളെയും മറികടന്ന് മൃത്യുവിന്റെ തേരോട്ടം.. തലമുറകൾ പകർന്നുകിട്ടിയ പ്രാചീന ചികിൽസാ അറിവുകളും, ആധുനിക ശാസ്ത്ര ചികിൽസാരീതികളും തമ്മിലുള്ള സംഘർഷത്തിന്റെ ചിത്രണം കുടി ഇതിൽ കാണാം. പാരമ്പര്യവൈദ്യരീതികളോട് പുച്ഛം പുലർത്തുന്ന പുത്തൻ തലമുറ ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രതിപത്തി പുലർത്തി തുടങ്ങുന്ന കാലം . നാഡീസ്പന്ദനമളന്ന് രോഗവും മരണകാലവും വരെ പ്രവചിക്കാനുള്ള ജീവൻ മശായിയുടെ പാടവം. ജീവിതസമസ്യകൾക്ക് ഉത്തരം കണ്ടത്തലാണ് “ആരോഗ്യനികേതനം. “.പ്രദ്യോത് , അത്തർ ബാ, വനവിഹാരി തുടങ്ങിയ കഥാപാത്രങ്ങൾക്കൊപ്പം ജീവൻ മശായുടെ കഥ വികസിക്കുന്നു.
വായനയിൽ ഒഴിവാക്കപ്പെടാനാവാത്ത മറ്റൊരു നല്ലകൃതി.
നോബൽ പുരസ്‌കാരം ലഭിക്കാതെ പോയ മറ്റൊരു ക്ലാസ്സിക് തന്നെയിതും.
1967 ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം നേടിയ ബംഗാളി സിനിമയായി . എന്നിട്ടും എന്തുകൊണ്ടോ നമ്മുടെ സിനിമാക്കാർക്ക് ഈ നോവൽ സെല്ലുലോയ്ഡ് സ്വപ്നമായില്ല.,
രോഗം മൂർച്ഛിച്ച വൃദ്ധയുടെ നാഡി പരിശോധിച്ച് മൃത്യുഭയം തളംകെട്ടിയ അവരുടെ കണ്ണുകൾ നോക്കി മരണസമയം ഗണിക്കുമ്പോൾ ശേഷം ജീവന്‍ മശായ് ഓര്‍ക്കുന്ന ശ്ലോകം “അഹന്യ ഹനി ഭൂതാനി ഗഛന്തി യമ മന്ദിരം,/ ശേഷ: സ്തിരത്വമിഛന്തി കിമാശ്ചാര്യ മത:പരം !” അതു തന്നെയാണ് നാം ഓരോരുത്തർക്കും എന്നത് യഥാർത്ഥവും., കാമുകി മന്ജരിയുടെ മരണവേളയും പ്രവചിക്കുന്ന ജീവൻ മശായ് . വിവാഹ നിശ്ച്ചയവേളയിൽ യുവാവായ ജീവൻ മശായിയുടെ ചിന്തയിൽ എത്തുന്നതും ബ്രഹദാരണ്യോപനിഷത്തിലെ വാക്കുകൾ. “മധുവാതാ ഋതായാതെ “
“പ്രത്യാശകളുടെ ആനന്ദം ജീവന്‍ ദത്തയുടെ ഹൃദയം നിറഞ്ഞു തുളുമ്പി.നാലുപാടും വഴിഞോഴുകിയത്പോലെ. അദ്ദേഹത്തിന്റെ കണ്ണില്‍ ലോകം മുഴുവന്‍ ആനന്ദ മയമായി തീര്‍ന്നു. എല്ലായിടത്തും മധു തന്നെ മധു.
മധു നുകർന്ന് മതിവരാത്ത ജന്മങ്ങൾക്ക് മൃത്യുഭയം അന്യമാവില്ലല്ലോ..