രചന : ഗഫൂർ കൊടിഞ്ഞി✍
കേരളം വിദ്യാഭ്യാസ രംഗത്ത്
വിപ്ലവകരമായ പരിവർത്തനം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് പത്തു മുപ്പത് വർഷമായിക്കാണണം. ആ പരിവർത്തനത്തിൻ്റെ അനുരണങ്ങൾ നമ്മുടെ ഈ കൊച്ചു ഗ്രാമത്തേയും സ്വാദീനിച്ചിട്ടുണ്ട്. കേരളത്തിൻ്റെ സാമ്പത്തിക സാമൂഹിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി തന്നേയാണ് വൈജ്ഞാനിക മേഖലയും വളർന്നുവന്നത്. കൊടിഞ്ഞിയെന്ന നമ്മുടെ നാടിൻ്റെയും അവസ്ഥ ഇതുതന്നേയാണ് എന്നർത്ഥം.
അങ്ങനെയാവുമ്പോൾ ഈ മാറ്റത്തിലെല്ലാം ചെറുതല്ലാത്ത ഒരു പങ്ക് ഈ നാട്ടിനും കൂടി അവകാശപ്പെട്ടതാണല്ലോ.
ആ അർത്ഥത്തിൽ ഇതിൽ അഭിമാനിക്കാനും ആഹ്ലാദിക്കാനും നമുക്ക് കൂടി അവകാശമുണ്ട്.എന്നാൽ നമുക്ക് പിന്നിൽ ഇരുൾ മൂടിയ സുദീർഘമായ ഒരു കാലഘട്ടമുണ്ടായി രുന്നു എന്ന് പുതിയ തലമുറബോധവാന്മാരല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് കൊണ്ടു തന്നെ ദുരിതമയമായ പൂർവ്വകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുവാനുള്ള ശ്രമമാണ് ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നത്. ഗതകാലങ്ങളിലേക്ക് പിന്തിരിയുക എന്നത് ഒരു പക്ഷെ സമകാല സമൂഹത്തിന് ഒരു
ദിശാബോധത്തിന് കാരണമായേക്കാം. അത് പുതിയ തലമുറയുടെ വഴികൾക്ക് അൽപ്പമെങ്കിലും ഊർജ്ജമാവുകയാ ണെങ്കിൽ അതും ഒരു നല്ല കാര്യമാണല്ലോ.
മലബാറിൻ്റെ ചരിത്രമെടുത്താൽ ഒരു നൂറ്റാണ്ട് മുൻപ് യാതനയുടെ കാലമായിരുന്നു. അന്ന് അക്ഷരാഭ്യാസം എന്നത് കേവലം അറബി മലയാളത്തിൽ ഒതുങ്ങിയിരുന്നു. എങ്കിലും അക്കാലഘട്ടത്തിലെ ശുഷ്കമായ വൈജ്ഞാനിക തൃഷ്ണകളെ തൃപ്തിപ്പെടുത്തിയത് അറബി മലയാളമെന്ന സങ്കര ഭാഷയായിരുന്നു എന്നതിൽ സംശയമില്ല.
ഖാസി മുഹമ്മദും കുഞ്ഞിയൻ മുസ്ല്യാരുംമോയിൻകുട്ടി വൈദ്യരും ഈ ഭാഷയെ
പുഷ്കലമാക്കിയവരാണ്.1500 കളിൽ മൊഹിയുദ്ധീൻ മാലയും 1700 കളിൽ കപ്പപ്പാട്ടും 1800 കളിൽ പടപ്പാട്ടുകളും കേരളീയ മാപ്പിള സമൂഹത്തിൽ പിറന്നു വീണത് യഥാക്രമം ഈ വ്യക്തികളിലൂടെ
ആയിരുന്നു.
യാഥാസ്ഥിക വിഭാഗത്തിൻ്റെ വിമർശന ങ്ങൾക്കിടയിലും ‘ബദറുൽ മുനീർ ഹുസുനുൽ ജമാൽ’ പോലുള്ള പ്രണയകാവ്യങ്ങൾ അക്കാലഘട്ടത്തിൽ തന്നെ മോയിൻ കുട്ടി വൈദ്യർ അറബി മലയാളത്തിൽ രചിച്ചിരുന്നു.
സാഹിത്യത്തിൻ്റെ ഭിന്ന അഭിരുചികളെ അന്ന് തൃപ്തിപ്പെടുത്താൻ പോന്ന വിവിധയിനം സൃഷ്ടികൾ ഈ ഭാഷയിൽ ഉരുവം കൊള്ളുന്നുണ്ട് എന്ന് ചുരുക്കം.
പേർഷ്യൻ ഖണ്ഡകാവ്യങ്ങളെ പുരസ്കരിച്ച് ചാർദർവേശ് എന്ന നോവൽ പോലും അന്ന് അറബി മലയാളത്തിൽ പിറവി കൊണ്ടിരുന്നു. ചന്ദുമേനോൻ്റെ ഇന്ദുലേഖയൊക്കെ പുറത്ത് വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപായിരുന്നു ഇത് എന്ന് ഓർക്കണം.
എങ്കിലും ആധുനിക വിജ്ഞാനമെന്നത് സാധാരണക്കാരന് കയ്യെത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരു പരിതസ്ഥിതിയായിരു ന്നു അന്ന്. ബ്രിട്ടീഷുകാരിലും സവർണ്ണ വർഗ്ഗത്തിലും പരിമിതമായിരുന്നുഅന്നത്തെ വിദ്യാഭ്യാസം. അതിനായി അവർ അന്നത്തെ നഗര പ്രദേശങ്ങളിൽ അപൂർവ്വംചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ആംഗലേയരുടെ ആജ്ഞാനുവർത്തികളായ ഹിന്ദു മുസ്ലിം ഉപരിവർഗ്ഗത്തിന് മാത്രമേ അത്തരം സ്ഥാപനങ്ങൾ പ്രാപ്യമായിരുന്നുള്ളു.
അതേ സമയം പട്ടിണിയോടും പ്രാരാബ്ധങ്ങളോടും മല്ലിടുന്ന മലബാറിലെ മാപ്പിള കീഴാള സമൂഹത്തിന് അന്ന് വിദ്യാഭ്യാസമെന്ന വലിയ സ്വപ്നം കാണാനും സാധിക്കുമായിരുന്നില്ല. ഒരു ഭാഗത്ത് മലബാർ സമരങ്ങളുടെ തീപ്പൊരികൾ കത്തിപ്പടരുകയായിരുന്നു. മറുഭാഗത്ത് ജീവസന്ധാരണത്തിന് വേണ്ടിയുള്ള നെട്ടോട്ടവും.
കൃഷിയെ ആശ്രയിച്ചു മാത്രമായിരുന്നുസമൂഹത്തിലെ സിംഹഭാഗത്തിൻ്റേയും നിലനിൽപ്പ്.ഇന്നത്തെ മട്ടിൽ മേത്തരംവിത്തുകളോ രാസവളങ്ങളോ അന്ന്ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെവിളയുന്നതിൽ പാതിയും പതിരായിരിക്കും. അതിനിടക്ക് കീടങ്ങളുടെ ശല്യവുംജലദൗർലഭ്യതയും അവനെ അലട്ടിയിരുന്നു.
പട്ടിണി മാത്രമായിരുന്നു അവനെ അലട്ടിയ പ്രശ്നം.ഈ അവസ്ഥയിൽ വിദ്യാഭ്യാസമെന്നതൊക്കെ അവന് എത്തിപ്പിടിക്കാൻ കഴിയുന്നതിനും എത്രയോ മുകളിലുള്ള ഒരു സ്വപ്നമായിരുന്നു എന്ന്തന്നെ കരുതണം.
മക്കളെ ഡോക്റ്ററും എഞ്ചിനിയറുമാക്കാൻ നെട്ടോട്ടമോടുന്ന ഇന്നത്തെ സമൂഹത്തിന് ആ ദുരിതപർവ്വം എത്രമാത്രം മനസിലാക്കാൻ കഴിയുമെന്നറിയില്ല.
വഴിവക്കിലെ ചക്കയും മാങ്ങയും കണ്ടുവെച്ച് രാത്രിയുടെ മറവിൽ അത് പറിച്ച് കുഞ്ഞുങ്ങളുടെ പശിയൊടുക്കിയിരുന്ന കാലമായിരുന്നു അത്.എങ്കിലും ഈ ദുരിതങ്ങൾക്കിടയിലുംഅന്ന് പരസ്പര സ്നേഹത്തിൻ്റെ തെളിനീരുറവുകൾ അവൻ്റെ നെഞ്ചിൽ ചാലിട്ടിട്ടൊഴുകിയിരുന്നു. അയൽക്കാരൻ്റെ സന്തോഷത്തിലും സന്താപത്തിലും അവർ ഒന്നിച്ച് പങ്കുചേർന്നിരുന്നു. എല്ലാറ്റിനേയുംഅവൻ നേരിട്ടത് ഞങ്ങളൊന്ന് എന്ന മട്ടിലായിരുന്നു.അവർക്കിടയിൽ ജാതിമത വേലിക്കെട്ടുകളുടെ തടസ്സമില്ലായിരുന്നു.
അയൽവാസിയുടെ പെൺകുട്ടിയെ കല്യാണം കഴിച്ച് ഇറക്കിവിടാനുള്ള ആദി
അവൻ്റെ കൂടി ആദിയായി മാറി. കൂട്ടുകാരന് വേണ്ടി അവൻ കുറിക്കല്യാണം നടത്തി. സ്വന്തം കയ്യിലുള്ളതും വായ്പ വാങ്ങിയും അവൻ അപരനെ സഹായിച്ചു.പുര കെട്ട് എന്നത് അക്കാലത്തിലെ ഒരുആഘോഷമായിരുന്നു. നാട്ടുകൂട്ടം ചേർന്നാണ് ഓരോ പുരയും ഓലയും വൈക്കോലും ചേർത്ത് കെട്ടിമേഞ്ഞത്. അയൽവാസികളെല്ലാംഒത്തുചേർന്നാണ് പുരകെട്ട് കല്ല്യാണം നടത്തിയിരുന്നത്. ഒരാൾക്കും ഇതിന് കൂലി കൊടുക്കുമായിരുന്നില്ല. ആരും അതൊരവകാശമായി ആവ ശ്യപ്പെടുകയും ചെയ്തിരുന്നില്ല. ഒരുപക്ഷെ ഭക്ഷണമെന്ന നിലക്ക് അൽപ്പംകപ്പപ്പുഴുക്കോ ചക്കപ്പുഴുക്കോ കൊടുത്താലായി. കഞ്ഞി വിളമ്പുക എന്നത് തന്നെ അന്ന് ആഹ്ലാദമാണ്.ഇത്ആ കാലഘട്ടത്തിൽ ഉടനീളമുള്ള സ്നേഹ സൗഹൃദങ്ങളുടെ നിദർശനമായിരുന്നു.
നേർച്ചക്കും ഉൽസവത്തിനും അവർ ഒരുമിച്ചാണ് പങ്കെടുത്തത്.കല്യാണത്തിലും
കളിയാട്ടത്തിലും അവർ ഒരുമിച്ച് കൈകോർത്തു നടന്നു. അപരൻ്റെ ദുഃഖം സ്വന്തം ദുഃഖമാണെന്ന് കരുതി അവരുടെനെഞ്ച് നീറി.അയൽവക്കത്തെ കല്യാണംഅവൻ്റെ കല്യാണമായി. അയൽപക്ക ത്തെ മരണത്തിലുള്ള വേദന അവൻ്റെഉറക്കം കൂടി നഷ്ടപ്പെടുത്തി.ചുരുക്കത്തിൽ പട്ടിണിയെന്നവില്ലനായിരുന്നു അവൻ്റെ ഏറ്റവും വലിയ പ്രതിയോഗി.ഇതിനെതിരെയുള്ള തുല്യതയില്ലാത്ത പോരാട്ടമായിരുന്നു അന്നത്തെ ഓരോ ജീവിതവും.
ഇത്തരം ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് 1921 കളുടെ കലാപനാളുകളിൽ ബ്രിട്ടീഷ് സർക്കാർ മലബാറിലെ ഓത്തുപള്ളി കളെ ദേശസാൽക്കരിക്കാൻ മുന്നോട്ട് വരുന്നത്.
കൊടിഞ്ഞി പ്രദേശത്ത് അന്ന് പന്ത്രണ്ടോളം ഓത്തുപള്ളികളാണ് മലബാർഡിസ്ട്രിക്ക് ബോർഡ് ചെയർമാനായിരുന്ന അബ്ദുൽ ഗഫൂർ ഷായുടെ മുൻകയ്യിൽ ദേശ സാൽക്കരിച്ചത്.എന്നാൽ ഈ സ്ഥാപന ങ്ങളിൽ കാലത്തെ അതിജീവിക്കാൻ ഭാഗ്യം ലഭിച്ചത് പനക്കത്താഴം എഎംഎൽപി സ്കൂളിനും കൊടിഞ്ഞി കോറ്റത്തെ ജിഎംയുപി സ് കൂളിനും മാത്രമായിരുന്നു. അതിന് നാംനന്ദി പറയേണ്ടത് കാലത്തോട് മാത്രമല്ല.
ഇമ്മട്ടിൽ ഈ വിദ്യാലയം ഉയർത്തി കൊണ്ടു വന്നതിൽ പങ്കു വഹിച്ച സുകൃതികളായ മഹൽ വ്യക്തിത്വങ്ങൾക്ക് കൂടിയാണ്.കുമരനല്ലൂർകാരനായ പി പി മൊയ്തു ണ്ണി മുസ്ല്യാർ എന്ന വ്യക്തി ജീവസന്ധാര ണ ഉപാദിതേടി എത്തിയതോടെയാണ് ഈ നാടിൻ്റെ വൈജ്ഞാനികരംഗംസജീവമാകുന്നത്.മൊയ്തുണ്ണി മുസ്ല്യാർ കേവലം മത വിഷയങ്ങൾ മാത്രം സ്വയ ത്തമാക്കിയ പണ്ഡിനായിരുന്നില്ല. ഭൗതി കവും ശാസ്ത്രീയവുമായ വിവിധ വിഷയ ങ്ങളിലും മുസ്ല്യാർ പ്രാവീണ്യനായിരുന്നു. മാത്രമല്ല മലയാളം, അറബി, പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകളിൽ നല്ല അവഗാഹവും മൊയ്തുണ്ണി മുസ്ല്യാർക്കുണ്ടായിരുന്നു.
ഇത് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ഉപയോഗപ്പെടുത്താൻ പാലക്കാട്ട് ആലിക്കുട്ടിഹാ ജി പുത്തുപ്പറക്കാട്ട് സൈതു ഹാജി മുതലായ അന്നത്തെ നാട്ടുകാരണവന്മാർ മുന്നോട്ടു വന്നത് കൊടിഞ്ഞിയുടെ വൈജ്ഞാനിക മേഖലക്ക് പുതിയ തുറസ് നൽകി.അങ്ങനെയാണ് പനക്കത്താഴത്തെ ഒരുഓത്തുപള്ളി മുസ്ല്യാരുടെ പ്രയത്നഫലമായി വൈജ്ഞാനിക വികാസത്തിൻ്റെ പുതിയ വിതാനങ്ങളിലേക്ക് മെല്ലെ കാലൂന്നിയത്. മൊയ്തുണ്ണി മുസ്ല്യാരുടെ അധ്യാപനത്തിൽ ആകൃഷ്ടരായി കുട്ടികളെല്ലാം ഈ വിദ്യാലയത്തിലേക്ക് കൂലംകുത്തി ഒഴുകാൻ തുടങ്ങി. മുസ്ല്യാരുടെ വ്യക്തിത്വത്തിൽ ആകൃഷ്ടരായി രക്ഷകർത്താക്കളും അദ്ദേഹത്തിന് പിന്തുണ നൽകി.
അതിനിടക്കാണ് 1930 കളിൽ ഈ സ്ഥാപനം പറക്കാട്ട്കുളങ്ങര അങ്ങാടിയിലുള്ള സൈതു ഹാജിയുടെ തിരശ് ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ സ്കൂളിലേക്ക് എത്തിച്ചേരാൻ അത് സൗകര്യമൊരുക്കി.
സ്കൂൾ മാനേജ്മെൻ്റ് പാലക്കാട്ട് ആലിക്കുട്ടി ഹാജി ഇടപെട്ട് മമ്മുണ്ണി മുസ്ല്യാർക്ക് ചാർത്തിക്കൊടുത്തു. എങ്കിലും ഏ താണ്ട് പത്ത് വർഷത്തോളമേ ഈ സ്ഥലത്ത് സ്ഥാപനം നിലനിന്നുള്ളു.മാനേജ്മെൻ്റ്റ് കുട്ടികൾക്ക്
സൗകര്യപ്രദമായ ഒരു സ്ഥലത്തിന് വേണ്ടിയുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇന്ന് സ്ഥാപനം നിൽക്കുന്ന സ്ഥലത്തേക്ക് ഇത് മാറ്റി സ്ഥാപിച്ചത്.1940 കളുടെ മധ്യത്തിലാവണം അത്. പൊറ്റാണിക്കൽ കുഞ്ഞാലസ്സൻ ഹാജിയാണ് ഈ സ്ഥലം മാനേജ്മെൻ്റിന് കൈമാറുന്നത്.ഇന്ന് നൂറാംവാർഷികം ആഘോഷിക്കുന്ന
ഈ വേളയിൽ ഈ സ്ഥാപനത്തിൽ അക്ഷരവെളിച്ചം തെളിയിച്ച എത്രയോ സുകൃത ജന്മങ്ങളുണ്ട്.പ്രാരംഭത്തിൽ മൊയ്തുണ്ണി മുസ്ല്യാർക്ക് ഒപ്പം സൈതു ഹാജി തന്നേയും ഇവിടെ അധ്യാപനം നടത്തിയിരുന്നു എന്നാണ് ചരിത്രം ചികഞ്ഞാൽ മനസിലാവുക. കൂടാതെ ഒരിക്കൽ വീട്ടിൽ (പട്ടേരിക്കുന്നത്ത് ) കുഞ്ഞിക്കോയ മുസ്ല്യാരും കല്ലിങ്ങൽ ഹൈദ്രോസ് മുസ്ല്യാരും ഇവിടെ അധ്യാപനം നടത്തിയവരാണ്.
പിൽക്കാലത്തും പല പ്രഗൽഭരായ അ ധ്യാപകരും ഇവിടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന് പോയിട്ടുണ്ട്.അതിൽ ലബ്ധ പ്രതിഷ്ടരാവാൻ അർഹതയുള്ളഅനവധി പേരുണ്ട്. യു വി ബാപ്പുട്ടി മാസ്റ്റർ, KV കുറു പ്പ് മാസ്റ്റർ, പങ്കജവല്ലി ടീച്ചർ, കൂനിയിൽ അബ്ദുൽ ഖാദർ മാഷ് തുടങ്ങിയവർ അക്കൂട്ടത്തിൽ പറയേണ്ടവരാണ്.
മൊയ്തുണ്ണി മുസ്ല്യാർ മരിച്ചതോട് കൂടിയാണ് മകൻ പി പി മുഹമ്മദ് കുട്ടി മാസ്റ്റർ മാനേജറായി മാറുന്നത്. അദ്ദേഹം അന്ന് ഈ സ്ഥാപനത്തിലെ ഹെഡ്മാസ്റ്റർ കൂടി യായിരുന്നു. സത്യത്തിൽ ഒരാൾക്ക്ഒരേസമയം സ്കൂൾ മാനേജറും അധ്യാപകനും കൂടി ആയിരിക്കുന്നതിൽ നിയമ തടസ്സമുണ്ട്.എന്നാൽ ഇതിനു വേണ്ടി അദ്ദേ ഹം പ്രത്യേക ഓർഡിനൻസ് സമ്പാദിച്ചിരുന്നു.
ഏതായാലും മുഹമ്മദ് കുട്ടി മാസ്റ്റർ വിരമിച്ചപ്പോൾ ഹെഡ്മിസ്ട്രസായി അവരോധിതമാവുന്നത് സി പി അലവി ഹാജിയു ടെ ഭാര്യ ഫാത്തിമ ടീച്ചറാണ്.ടീച്ചർക്ക് ശേഷമാണ് അന്നിവിടെ അധ്യാപകനായി രുന്ന പാലക്കാട്ട് ബാപ്പു മാസ്റ്റർ ആ സീറ്റി ലേക്ക് വരുന്നത്. അതിന് ശേഷം റിട്ടയറാ കും വരെ നമ്മുടെ സുകുമാരൻ മാഷായി രുന്നു ഈ സ്ഥാപനത്തെ നിയന്ത്രിച്ചത്.
ഇന്ന് നൂറാം വാർഷികം ആഘോഷിക്കുന്ന ഈ മുഹൂർത്തത്തിൽ, സ്കൂളിനെ ആധുനികവൽക്കരിച്ച് സ്ഥാപനത്തെ ജീവസുറ്റതാക്കിയ നൂറുകണക്കിന് ഗുരുനാഥൻമാരേയും കൂടി ഓർക്കാതെ നമുക്ക് ഈ സ്ഥാപനത്തെക്കുറിച്ച് ചിന്തിക്കാനാവില്ല.
അവലംഭം:
അഭിമുഖങ്ങൾ.
പാലക്കാട്ട് ബാപ്പു മാസ്റ്റർ 82 വയസ്
കൊടിഞ്ഞിയത്ത് അലവി 81 വയസ്
പാട്ടശേരി കുഞ്ഞിപ്പാത്തുമ്മ 93 വയസ്സ്