രചന : സതീഷ് വെളുന്തറ✍
എൻ രാഗ മല്ലിക നിന്നിൽ വിടരുവാൻ
ആരെ തപം ചെയ്യേണ്ടതുണ്ട് ഞാൻ ചൊല്ലുമോ
വർഷങ്ങൾ കൊഴിയുന്നു നാമറിയാതേറെ
വർഷവും പൊഴിയുന്നു കാത്തു നിന്നീടാതെ
സംവത്സരങ്ങൾ കൊണ്ടേറെ ഞാൻ ദാഹിപ്പൂ
സ്നേഹ മധുര മധുവുണ്ടുറങ്ങുവാൻ
കാലമിനിയേറെയില്ല യെന്നോർക്കണം
പാരിതിൽ പാറി ക്കളിച്ചീടുവാൻ
മുറ്റത്തു തുമ്പികൾ നൃത്തമാടിക്കൊണ്ട്
പൂന്തേൻ നുകരുന്ന കാഴ്ച കാണാൻ
മഴയൊന്നു തോരുവാൻ മാസങ്ങളായി ഞാൻ
കാഴ്ചയും നേർച്ചയും വച്ചുപോന്നു
കൂടൊന്നൊരുക്കേണംഇത്താഴ്‌വരയിൽ നാം
ഇവിടെ നിഴലും നിലാവുമുലാത്തുന്നു
അവിടെയല്ലോ നമ്മൾ കണ്ട കിനാവുകൾ
പൂവണിയുന്നതും കാത്തിരിയ്ക്കാൻ
സൂര്യനും ചന്ദ്രനും താരാഗണങ്ങളും
ഇരവും പകലുമായ് കാവൽ നിൽക്കും
മഞ്ഞും മഴനൂലും മാടി വിളിച്ചീടും
മാരകേളിയ്ക്കു നാം ചെന്നീടുവാൻ