രചന : സഫി അലി താഹ ✍

നിങ്ങൾ സ്നേഹത്തിന് വേണ്ടി യാചിക്കാറുണ്ടോ?
ഒരുപാട് സ്നേഹിക്കുന്നയാളാൽ പരിഗണിക്കപ്പെടണമെന്ന് കൊതിക്കാറുണ്ട്,
അവരില്ലെങ്കിൽ നമ്മുടെ
ലോകം ശൂന്യമാണെന്ന് വിചാരിക്കാറുണ്ട് ,
ആ സാമീപ്യമില്ലെങ്കിൽ ശ്വാസംപോലും മന്ദഗതിയിലാകുന്നത് അനുഭവിക്കാറുണ്ട്…..
ഉത്തരം ഇങ്ങനെയാണെങ്കിൽ
നിങ്ങൾ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ് !
അത്, നിങ്ങളെ കുറിച്ചുള്ള ഓർമ്മകളിൽ മാറാലകേറിയൊരാൾക്ക് വേണ്ടിയാണെന്നോർക്കണം.
സ്വയം മറന്നുകൊണ്ട് നിങ്ങളവരെ ഓർക്കുന്നതവർ ഒരിക്കലും അറിയില്ലെന്നോർക്കണം.
യാചിക്കുന്നതിനു മേന്മയില്ലെന്നും
മനസ്സിലാക്കലിനാണ് പ്രാധാന്യമെന്നുമറിയണം.
ആർക്കും വേണ്ടാത്ത ആ ഓർമ്മകളെ അവഗണനയുടെ കുപ്പത്തൊട്ടിയിൽ ശക്തിയായി വലിച്ചെറിയണം.
ശേഷം നിങ്ങളൊരു
കണ്ണാടിയിൽ നോക്കുക,
നിങ്ങളുടെ കുഴിഞ്ഞ
കണ്ണുകളെ പരിഹസിക്കുക,
കറുപ്പ് പരന്ന കൺതടങ്ങളെനോക്കി
ഓക്കാനിക്കുക,
ഈ രൂപം സമ്മാനിച്ചവർക്കായാണ്
സ്വയം മരിക്കുന്നതെന്നോർത്ത് പശ്ചാത്തപിക്കുക.
സ്വയം സ്നേഹിക്കാത്തവരെ ആരും സ്നേഹിക്കില്ലെന്നാവർത്തിക്കുക,
ഓർക്കുക
സ്വയം സ്നേഹിക്കാതെ,
സ്വന്തം കുറവുകളിൽ ചൂണ്ടിപിടിച്ച്,
നിന്നെയെനിക്കിഷ്ടമാണെന്നലറി,
അവർക്കായി സ്വയമുപേക്ഷിച്ച്,
എന്നെ സ്നേഹിക്കണമെന്ന് യാചിച്ച്,
എപ്പോഴും കണ്ണുനീരൊലിപ്പിച്ച്,
നിന്നെകൊന്ന് മറ്റൊരാളിൽ….. ജീവനേൽപ്പിക്കുന്ന നീയെന്ന
പേക്കോലത്തെ ആരുമിഷ്ടപ്പെടില്ല.
ഇനി, നിങ്ങൾക്ക് വേണ്ടി….. നിങ്ങളെയൊരുക്കണം.
ഓർമ്മകളുടെ ചിതൽപ്പുറ്റുകളെ ചുരണ്ടിയെറിയുക,
ശ്വാസമൊന്ന് വലിച്ചുവിട്ട് ഇപ്പോഴും
ജീവനുണ്ടെന്നു ഉറപ്പിക്കുക ,
പുനർജന്മത്തിന്റെ നേരിയൊരു നൂല്പാലത്തിലാണെന്നോർക്കുക .
ഓർമ്മകളിൽ ഒരു മറവിയുടെ….. ചിറകടിശബ്ദം ശ്രവിക്കുക .
പിണങ്ങിപ്പോയ ഉറക്കത്തെ
തിരികെ വിളിക്കുക .
കൂട്ടുകാരനായ വിശപ്പില്ലായ്മയെ പടിക്കുപുറത്താക്കുക ,
ഇടയ്ക്ക് ശല്യപ്പെടുത്തുന്ന
തലവേദനയെ വിരട്ടിയോടിക്കുക ,
മാറ്റിവെച്ച പ്രാർഥനയെയും
ക്ഷമപറഞ്ഞു കൂടെകൂട്ടുക .
ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുക.
നിന്നെ സ്നേഹിക്കാതെ വേറൊരാളുടെ ഇഷ്ടത്തിന് കാത്തിരിക്കുന്ന നീ വിഡ്ഢിയല്ലേ?
നീ നിന്നെയറിയാതെ മറ്റൊരാൾ നിന്നെ അറിയണമെന്നത് സ്വാർഥതയല്ലേ?
നിന്നെകാൾ വേറൊരാളെ നീ
സ്നേഹിക്കുന്നു എന്നത് മിഥ്യയല്ലേ?
നിന്നെക്കാൾ നിന്നെ സ്നേഹിക്കാൻ വേറൊരാൾക്കാവില്ലയെന്ന സത്യത്തെ
നെഞ്ചോടു ചേർക്കണം…..
നിന്നെക്കാൾ നിന്നെ വിശ്വസിക്കാൻ വേറൊരാൾക്കാവില്ലയെന്ന
സത്യം തിരിച്ചറിയണം…..
നിന്നെക്കാൾ നിന്നെ ധൈര്യപ്പെടുത്താൻ വേറൊരാൾക്കാവില്ലെന്ന യാഥാർഥ്യം ഇനി മനസ്സിലാക്കണം…..
കാരണം നീ നൽകുന്നത് മാത്രമാണ് നിന്റെ ശരീരം സ്വീകരിക്കുന്നതും തിരികെ തരുന്നതും,
നിന്നെ ആത്മാർഥമായി സ്നേഹിക്കാൻ കഴിയുന്നത് ഈ ലോകത്തിൽ നിനക്ക് മാത്രമാണ്…..
നീ നിന്നോടൊപ്പമുണ്ടെങ്കിൽ ഈ ലോകം നിന്നോടൊപ്പമുണ്ടാകും.
നീയില്ലാത്ത നിന്നോടൊപ്പം
ആരുണ്ടാകണമെന്നാണ് !!!!!
ഒന്നാമതും
രണ്ടാമതും
മൂന്നാമതും
ഞാൻ സ്നേഹിക്കുന്നത് എന്നെ മാത്രമാണെന്ന് ഉറപ്പിക്കണം.
I love my self….. then this world will love me too
😌😌😌😌😌🚶‍♀️
പിന്നല്ല

സഫി അലി താഹ

By ivayana