രചന : മനോജ്.കെ.സി✍
കാണാദൃഷ്ടിയിലെവിടെയോ കിനാവല്ലരിയ്ക്കു ചാരേ
ഒരോ അക്ഷയമോഹന നികുഞ്ജത്തിനുള്ളിൽ
കുഞ്ഞിളം കാറ്റ് മാറോടു ചേർക്കും സുഗന്ധമായ്
കാതിന് ചുംബനലേപനം നൽകിടും സംഗീതമായ്
കണ്ണിമയ്ക്ക് നറുചൂടേകിടും മൃദുചുണ്ടിണപോലെ
വെമ്പൽ ചിറകേറി അരികിലെത്തിയാൽ നൽകാൻ മണിച്ചെപ്പിൽ
ഒളിപ്പിച്ച തൂമുത്തുപോൽ
അടർന്നു മാറാൻ കഴിയാ പ്രാണസ്പന്ദനം പോലെ
വാക്കുകൾ ശബ്ദമാകാതെ കണ്ഠനാള ബാഷ്പമായ്
കൺമുനകളിൽ ഒളിമിന്നും മഴവില്ലിൻ മനോമയ
അർത്ഥശതങ്ങൾ നിറഞ്ഞ് നീളുകയാണീ
അന്യോന്യം പറയാൻ തുടിയ്‌ക്കുമീ മനോജ്ഞ മനോവാഞ്ഛകൾ
മലകളും അടിവാരങ്ങളും കാട്ടാറുകളും മരച്ചില്ലകളും
രാജപഥങ്ങളും കടന്ന് രണ്ടാത്മബിന്ദുക്കൾ മുളംതണ്ടിൻ ശ്രുതിപോൽ
ഇണകളായി ഇഴചേരാൻ വെമ്പൽ കൊൾകേ.
അദൃശ്യനീശൻ നൽകും പ്രണയനിറച്ചാർത്തുകൾ സാർത്ഥകമാകാൻ
മാനംകാണാ പീലിത്തുണ്ടായി ഉൾചിമിഴിൽ
പ്രണയചോദനകൾ നിധിതാരകമായി ഒതുക്കിവെച്ചു.
ഉള്ളിലുയിർക്കൊണ്ട കാമനകൾക്കാവോളം
ചാരുതയുണ്ട്,ഗന്ധമുണ്ട് സൗഗന്ധികം പോലെ
സംഗീതലയതാളങ്ങളുണ്ടൊരു കവിതപോൽ മഹാകാവ്യംപോൽ.
നീയാരെന്ന് ഞാനോ ; ഞാനാരെന്ന് നീയോ അന്യോന്യമറിയാതെ
പരസ്പര പ്രതിബദ്ധമാമൊരഭൗമയാകാംക്ഷ ഉള്ളിൽ തുടിയുണർത്തുമ്പോൾ
ഒരിക്കൽ നാം ഒന്നുചേരും പ്രപഞ്ചനിയതിപോൽ നിശ്ചയം.