രചന : ബിനോജ് കാട്ടാമ്പള്ളി✍

രാഗം പൊഴിഞ്ഞ പൂവാണ് ഞാൻ.
അനുരാഗം പൊഴിഞ്ഞ പൂവാണ് ഞാൻ…..
തനിയേ മുളച്ചൊരാ പാഴ്ച്ചെടിയിൽ
മൊട്ടിട്ട വിടരാതടർന്നൊരാ പൂമൊട്ടുഞാൻ.
രാഗം പൊഴിഞ്ഞ പൂവാണുഞാൻ…
ഇതളൂർന്നൊടുങ്ങുവാൻ വിധിയില്ലാതിരുന്നൊരാ
മധു തീരെയുറയാത്ത കരിമൊട്ടുഞാൻ.
അനുരാഗം പൊഴിഞ്ഞ പൂവാണുഞാൻ…
തഴുകി തലോടി പരിമളം വീശി കടന്നുപോം
കാറ്റിനെ നോക്കി മെല്ലെ തലയാട്ടി നിന്നു ഞാൻ
കാറ്റിനോടെന്തോ സ്വകാര്യം കൊതിച്ചു…
അരികിലണയാതെ പാറിയാ ശലഭങ്ങളെ നോക്കി
എന്തോ കടാക്ഷം കൊതിച്ചു.
ഞാൻ വെറുതേ നോക്കി ചിരിച്ചു…
പ്രണയാർദ്ര ഭാവങ്ങളൊക്കെയുണ്ടായിട്ടും
പ്രണയമേ നീയന്നകന്നുനിന്നു.
ഏകാകിയായതിൻ വേദന പങ്കിട്ട്
വിരഹമേ നീ കൂട്ടു നിന്നു…
ലാളിച്ചുതന്നെ വളർത്തിയെന്നെ പരിപാലിച്ചു
മെല്ലെ വളർത്തി എൻ അമ്മയാം പാഴ്ച്ചെടി.
സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചതില്ല എങ്കിലും
ദുഃഖം മറക്കാൻ പഠിപ്പിച്ചവൾ…
പൂത്തുവിടരുവാൻ പൂവായ് വിലസുവാൻ
പരിമളമൊട്ടു പരത്തീടുവാൻ
അതിയായിട്ടാഗ്രഹമുണ്ടായിയെങ്കിലും
തുച്ഛമാം ജീവിത യാത്രയിൽ ഒട്ടുമേ
ജീവിച്ചുതീർക്കുവാനാകാതെ
വിടരാതെ മധുരം പൊഴിക്കുവാനാകാതെ…
നൈവേദ്യമാകാതെ….
പാതിയിൽ ജീവന്റെ താളം നിലച്ചൊരാ…..
രാഗംപൊഴിത്ത പൂവാണ് ഞാൻ….
അനുരാഗം കൊഴിയാത്ത പൂവല്ലേ ഞാൻ……

ബിനോജ് കാട്ടാമ്പള്ളി

By ivayana