രചന : വിജയൻ കുറുങ്ങാട്ട് ✍

ഒരു നാടിന്റെ ബാല്യകൗമാരയൗവനവാർദ്ധക്യവളർച്ചയുടെ പരിണാമപരിമാണങ്ങളെ ഇഞ്ചിഞ്ചായി അളന്നുകുത്തിക്കുറിച്ച് വെട്ടിത്തുന്നിപ്പാകപ്പെടുത്തി ഉടുപ്പിക്കുന്നവരാണ് നാട്ടകത്തിന്റെ, നാട്ടുന്മയുടെ അടയാളങ്ങളായ തയ്യൽക്കാരെന്ന തുന്നൽക്കാർ. നാട്ടകത്തിലെ കുടിലുതൊട്ട് കൊട്ടാരംവരെയും പണ്ഡിതർമുതൽ പാമരന്മാർവരെയും തുന്നക്കാരനെ അറിയും, തുന്നക്കാരനും അറിയാം. അത്രയ്ക്ക് ജാനകിയമായ ഒരു കർമ്മമേഖലയാണ് തുന്നൽപ്പണിയും സർവ്വസമ്മതനായ ജാനകിയനുമാണ് തുന്നൽക്കാരനും. കാലും കൈയും മനസ്സും ഒരുപോലെ ഏകാഗ്രതയോടെ പ്രവർത്തിപ്പിക്കുന്ന തുന്നൽപ്പണി നോക്കിനിൽക്കുന്നതും പുത്തനുടുപ്പുകൾ പിറക്കുന്നത് കണ്ടുനിക്കുന്നതും കൗതുകകരമായ ഒന്നാണ്.

നാട്ടുവാസികളുടെ കാലാകാലങ്ങളിലുള്ള തരാതരമായ വളർച്ചയുടെ അളവും തൂക്കവും വളർച്ചയും വലുപ്പവും അറിയാവുന്നവരാണ് തുന്നൽക്കാർ. അളവെടുക്കപ്പെടുമ്പോൾ, അളക്കപ്പെടുന്നവന് ഇക്കിളിയുണ്ടാകാതിരിക്കാൻ ഇവർ കാണിക്കുന്ന വൈദഗ്ദ്ധ്യം തികച്ചും സ്ലേഘനീയമാണ്.


എല്ലാ നാട്ടിലെന്നപോലെ എന്റെ ചുറുപ്പത്തിൽ, റെഡിമെയ്‌ഡ്‌ വസ്ത്രങ്ങളുടെ അതിപ്രസരം തുടങ്ങുന്നതിനുമുമ്പ്, ആയിരത്തിത്തൊള്ളായിരത്തിയെഴുപതുകളിൽ എന്റെ നാട്ടിലുമുണ്ടായിരുന്നു നാട്ടുന്മയുടെ പ്രതീകങ്ങളായ കുറെ തുന്നൽക്കാർ. എന്റെ ഓർമ്മയുടെ അഭ്രപാളികളിൽ എച്ച്ഡിദൃശ്യമികവോടെ തിളങ്ങുന്ന അവരിൽ ചിലരാണ് നിരവത്ത് കുമാരൻ, കാരിമറ്റത്ത് തങ്കപ്പൻ, മാമ്പള്ളി ശിവൻ, പാണൻ കുട്ടപ്പൻ എന്നിവർ. അവരെ ഈ ലോകതയ്യൽദിനത്തിൽ ആദരവോടെ സ്മരിക്കുന്നു.


മുന്നോട്ടോടുന്ന കാലവേഗത്തിൽത്തന്നെ പിന്നോട്ടോടുന്നയോർമ്മകളാണ് ഇന്നലെകളുടെ സുകൃതം. നാട്ടകങ്ങളിലെ നന്മയുടെ ആത്മാവിനെ തേടുകയെന്നാൽ ഒരുവൻ അവന്റെതന്നെ ആത്മാവിനെ തുടുകയാണ്. കുമാരിയുടുപ്പുതുന്നുന്ന കുമാരനും മങ്കയുടുപ്പുതുന്നുന്ന തങ്കപ്പനും കുട്ടിയുടുപ്പുതുന്നുന്ന കുട്ടപ്പനും ഒക്കെ എന്റെ നാട്ടകത്തിന്റെ നന്മകളായിരുന്നു. ഇവരെപ്പറ്റിയുള്ള ഓർമ്മകൾ മനസ്സിന്റെ കവാടത്തിലെത്തി ആത്മാവിനെ തൊട്ടുപോകാറുണ്ട്.


അളവുകളെ ഒരു സർവ്വെയറുടെ കൃത്യതയോടെ എഴുതിക്കുത്തി, തുണിയിൽ ഒരു ചിത്രകാരന്റെ കൃത്യതയോടെ ക്ഷേത്രഗണിതരൂപങ്ങളെ വരച്ചുകുറിച്ച്, ഒരു സർജന്റെ കൈയടക്കത്തോടെ വെട്ടിയൊരുക്കി തയിക്കാനൊരുങ്ങുന്ന ഒരു തെയ്യൽക്കാരനിൽ ഒരു എഞ്ചിനിയർ, ഒരു ചിത്രകാരൻ, ഒരു ഡോക്റ്റർ എന്നിവരുടെ നിരീക്ഷണപാഠവും ഏകാഗ്രതയും അർപ്പണബുദ്ധിയും അന്തർലീനമായുണ്ടാവും. തയ്യൽ കേവലമൊരു കർമ്മകാണ്ഡമല്ല, ധ്യാനമാണ്. ദൈവികത്വമുള്ള എന്തോവൊരു സപര്യ തയ്യൽ വേലയിലുണ്ട്.


നാട്ടിലെ മഹിളാമണികളുടെ നെഞ്ചളവും അരയളവും കെട്ടും കുട്ടിപിറക്കലും കൃത്യമായി അറിയാവുന്നവർ തയ്യൽക്കാർ. ഓണവും വിഷുവും ക്രിസ്മസും പെസഹായും മാമോദിസായും സ്കൂൾതുറപ്പുകാലവും തയ്യൽക്കാരുടെ ചാകരക്കാലം. വാങ്ങിക്കൊടുത്ത തുണി തയ്ച്ചുകിട്ടി, ആദ്യമായി ഇടുമ്പോൾ അളവും തയ്യലും കൃത്യമാണെന്ന് അറിയുമ്പോഴുള്ള സന്തോഷമുണ്ടല്ലോ, അതിൽക്കവിഞ്ഞൊരു സന്തോഷം മറ്റൊന്നിലും ആരും അനുഭച്ചിട്ടുണ്ടാവില്ല. കല്യാണത്തലേരാത്രി തയിച്ചുകൊണ്ടുവരുന്നവ വധുവെ(വരനെ) അണിയിച്ചു തൃപ്തിവരുത്തി, അല്ലെങ്കിൽ, ചെറിയ മാറ്റങ്ങൾ വേണ്ടിവന്നാൽ തിരിച്ചുകൊണ്ടുപോയി ആ രാത്രിയിൽത്തന്നെ ആവശ്യമായ മാറ്റങ്ങൾവരുത്തി പിറ്റേ വെളുപ്പിനുതന്നെ കല്യാണവീട്ടിലെത്തുന്നു തയ്യൽക്കാർ നാട്ടകത്തിൻറെ കല്യാണച്ചടങ്ങിന്റെ മുഹൂർത്തംപോലെ മൂർദ്ധന്യം!


തയ്യൽക്കാർക്കും തയ്യൾപ്പണിക്കും ‘അടി’യുമായി അഭേദ്യബന്ധമുണ്ട്. ഒരുപാട് അർത്ഥഭേദങ്ങളുള്ള വാക്കാണ് അടി എന്നതുകൊണ്ട്, ശബ്ദതാരാവലിക്കുമപ്പുറം അത് സന്ദർഭോചിതമായി തയ്യൽക്കടയിലേക്കും കടന്നുവരുന്നു. അടി, അളവിന്റെ തോതെങ്കിലും തയ്യൽക്കാരുടെ തോത് വാരയും ഇഞ്ചുമാണ്. തയ്യൽക്കാരുടെ ട്രേഡ് മാർക്കാണ് കഴുത്തിൽ വളച്ചുതൂക്കിയിടുന്ന റ്റേപ്പും ചെവിക്കിടയിലെ പെൻസിലും. അടിയിൽ ഇടാനുള്ളത് അടിക്കുക്കുന്നതുകൊണ്ടുമാത്രമല്ല, ബ്ലൗസടിച്ചും പാവാടയടിച്ചും ട്രൗസടിച്ചും സാരിയുടെ മുണ്ടാണിയടിച്ചും പാന്റടിച്ചും ഷർട്ടടിച്ചും അവര് അടിയുടെ ഉടയാളന്മാരാകുന്നു.

തയ്യൽക്കാർ പോക്കറ്റടിക്കുമെങ്കിലും പോക്കറ്റടിച്ചകുറ്റത്തിന് അവരാരും അകത്തായ കേട്ടറിവുപോലുമില്ല.തയ്യൽക്കാരിൽ മിക്കവരും നല്ല കലാകാരന്മാരാണ്. അഴകിയരാവണൻ എന്ന മമ്മൂട്ടിസിനിമയിലെ ശ്രീനിവാസൻ, തയ്യൽക്കാരൻ മാത്രമല്ല നല്ലൊരു നോവലിസ്റ്റുകൂടിയല്ലേ. ചിറകൊടിഞ്ഞ കിനാക്കൾ. മലയാളസിനിമയിലെ ഒരു മഹാനടൻ ഒരു തയ്യൽക്കാരനാണ്. ഇന്ദ്രൻ!


തയ്യൽക്കർ കോമഡിഷോയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. അളവെടുപ്പിലെ ഇക്കിളിരംഗങ്ങൾ കണ്ട് ചിരിക്കാത്തവരായി ആരുണ്ട്. ഇക്കിളിപ്പെടുത്താതെ അളവെടുക്കാൻ കഴിയുകയെന്നത് ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരു തയ്യൽക്കാരനേ(കാരിക്കേ) കഴിയൂ!


വൻകിട-ചെറുകിടക്കമ്പനികളിൽനിന്നുള്ള റെഡിമേഡ് വസ്ത്രങ്ങളുടെ വരവോടെ വംശനാശം സംഭവിച്ച ഒരു തൊഴിൽ മേഖലയായി തയ്യൽജോലിയും തയ്യൽക്കാരും. ഇന്നിപ്പോൾ, തയ്യൽജോലി കമ്പ്യൂട്ടറുകളും റോബോട്ടുകളും ചെയ്യുന്ന കാലം. എന്നാലും, ചിലരൊക്കെ, ചിലതൊക്കെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ ഇപ്പോഴും തയ്ച്ചുതൂക്കുന്നുണ്ട്! പല വീടുകളിലെയും സാമ്പത്തികസുരക്ഷിതത്വം ആ വീട്ടിലെ സ്ത്രീയംഗങ്ങളുടെ തയ്യൽജോലിയുടെ തുച്ചവരുമാനങ്ങളാകുന്നു. വൈകിട്ടുമാത്രം പുകയുന്ന പല അടുപ്പുകൾക്കും തയ്യൽജോലിയുടെ സാമ്പത്തികശാസ്ത്രം ഏറെ പറയാനുണ്ടാവും. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ പല വീടുകളിലും അകത്തൊരു കിടപ്പുരോഗിയും പുറത്തൊരു തയ്യൽമിഷയാനും ഉണ്ടാവും! സൂചിയിലേക്ക് നൂലുകയറിയാലേ ആമാശയത്തിനും ആതുരതയ്ക്കും ആശ്വാസമാവൂ!


ഓർമ്മകളെ വീണ്ടെടുക്കാൻ നമ്മുക്ക് ചില ദിനങ്ങൾ കൂടിയേ കഴിയൂ എന്നായിരിക്കുന്നു. ഓർമ്മിക്കലുകൾക്കും ഓർമ്മപ്പെടുത്തലുകൾക്കും മാത്രമായിട്ടല്ല, മറവിയിലേക്ക് ചിതലരിച്ചു പോവുന്നതിനെ തടയിടാൻ ചിലത് അനിവാര്യവുമായിരിക്കുന്നു. ഓർമ്മകളുടെ പൊടിതട്ടുമ്പോൾ അതൊരു അനുഭൂതിയാണ് കാലമെത്ര കഴിഞ്ഞാലും. മനസ്സിന്റെ കാൻവാസിൽ മറവിയുടെ പൊടിപിടിച്ച് നിറം മങ്ങിക്കിടക്കുന്ന ഓർമ്മച്ചിത്രങ്ങളെ വീണ്ടും നിറംകൊടുത്ത് മിഴിവുള്ളതാക്കി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു എന്തൊവൊരു സുഖം. ഇന്നത്തെപ്പോലെ സുഖസൗകര്യങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും പഴയകാലത്തെ കഷ്ടപ്പാടുകളുടെയും ദുരിതദുഃഖങ്ങളുടെയും കാലങ്ങളെ എത്ര സ്നേഹനൊമ്പരത്തോടെയാണ് നമ്മൾ ഇടയ്‌ക്കിടെയോർത്തു നെടുവീർപ്പിടുന്നത്?

കുറുങ്ങാടൻ

By ivayana