രചന : അഷ്‌റഫ് അലി തിരൂർകാട് ✍
മഴയത്തു പൊട്ടിമുളക്കുന്ന കൂണുപോൽ,
തെരുവിലായ് പെരുകുന്നനാഥമാം ബാല്യങ്ങൾ
മനസ്സാക്ഷിയുള്ളോർക്ക് നൊമ്പര കാഴ്ചയായ്,
തെരുവിലായ് അലയുന്നനാഥമാം ബാല്യങ്ങൾ
മധുരമാം ജീവിതം നുണയേണ്ട പ്രായമിൽ,
കൈനീട്ടി അലയുന്നനാഥമാം ബാല്യങ്ങൾ
മഞ്ഞിലും മഴയിലും കത്തുന്ന വെയിലിലും,
അലക്ഷ്യമായ് നീങ്ങുന്നനാഥമാം ബാല്യങ്ങൾ
മൂകമാം ദുഃഖങ്ങൾ കണ്ണിലൊളിപ്പിച്ച്,
വയറു വിശന്നൊരനാഥമാം ബാല്യങ്ങൾ
മറ്റുള്ളവർ തൻ കാരുണ്യമൊന്നിനായ്,
തെരുവിലായ് കൈനീട്ടിയലയുന്ന ബാല്യങ്ങൾ
മനഃസാക്ഷിയില്ലാത്ത കാട്ടാള വർഗ്ഗങ്ങൾ,
പിച്ചിയെറിഞ്ഞിടും തെരുവിലെ ജന്മങ്ങൾ
മക്കളെ പോറ്റുന്നതപമാനമാകുന്ന,
മാതാവ് തെരുവിലായ് കളയുന്ന ബാല്യങ്ങൾ
മഴയത്ത് പൊങ്ങുന്ന കൂണുപോലിന്നിതാ,
തെരുവിലായ് പൊങ്ങുന്നനേകമാം കുടിലുകൾ
മക്കൾ തൻ വയറിനായ് അമ്മയോ ഇന്നിതാ,
തോളിലായ് പേറുന്നു ഏറെ മാറാപ്പുകൾ
മക്കളെ കൈപിടിച്ചിന്നിതാ അമ്മയും,
നഗ്നപാദങ്ങളാൽ താണ്ടിടും തെരുവുകൾ
മധുരമാം പാട്ടുകൾ കേൾക്കുവാനുള്ളൊരീ,
ബാല്യമോ കേൾക്കുമീ തെരുവിലെ പാട്ടുകൾ
മനസ്സ് കുളിർക്കുവാനുള്ളൊരു കാഴ്ചകൾ,
മൗനമായ് മാറുമീ കാഴ്ച്ച തൻ നോവുകൾ
മതിലുകൾ തീർത്തു നാം കൊട്ടിയടച്ചിടും,
നീട്ടുമാ കൈകൾക്ക് മുമ്പിലായ് ഗേറ്റുകൾ
മതിമറന്നുണ്ണുമീ നേരമിൽ ഇന്നു നാം,
ഓർത്തിടുന്നില്ലയാ എരിയുമാ വയറുകൾ
മാളിക മുകളിലായ് അന്തിയുറങ്ങിടും,
നേരമിൽ ഓർക്കണം അനാഥമാം ബാല്യങ്ങൾ
മണ്ണിലായ് നമ്മളെ പോലെയാ ബാല്യവും,
നൽകണം നമ്മളാൽ കഴിയുമാ നന്മകൾ