രചന : ഷാജി നായരമ്പലം ✍
ചെറു മുളം തുണ്ടുകൾ കരിയിലപ്പൊട്ടുകൾ
ചകിരിനാരിൽക്കോർത്തു കൂടൊരുക്കി, ഇണ-
ക്കുരുവികൾ രണ്ടു പേർ പണിയുന്നു ജീവിത-
ക്കരുതലും, കാതലും ചേർത്തുരുക്കീ!
ഇണയൊരാൾ കാവലായ് അകലെനിൽക്കും, മറു-
കുരുവിയാൾ തൂവൽമേലാപ്പു കെട്ടും,
നെടിയകൊമ്പിൻ കൊച്ചു ശാഖയിൽ പൂത്തപോൽ
കമനീയമായ് കൂടു തൂങ്ങി നില്പൂ….
കിളിയിണ കുട്ടിൽപ്പൊരുന്നിരിക്കേ
ഒഴിയാതിണക്കിളികാവൽ നിന്നൂ
പുളകമായ് പിന്നെയാ കൂടിനുള്ളിൽ
ചെറുകുരു,ന്നാറുപേർ വന്നു ചേർന്നു.
കലപിലപ്പാട്ടുകാർ കൊക്കുനീട്ടി
കിളി വരും നേരം തിരക്കു കൂട്ടും
ഇരുവരും ഊഴമിട്ടൂട്ടുവാനായ്
പലവുരു പാറിപ്പറന്നിടുന്നു….
കുതുകമിതേമട്ടു കണ്ടു കൂടിൻ
മൃദുലമാം ഹൃത്തും തുടിച്ചു നിന്നു…
അരുമകൾ പയ്യെപ്പുറത്തിറങ്ങി
ചിറകടിക്കാൻ പോന്നപോലെ നീന്നു
കിളികൾ പറന്നത്ര ദൂരെയല്ലാ-
തവരെയിടയ്ക്കൊന്നു കൊണ്ടു പോയി.
തിരികെയെത്തും വരെ കണ്ണു നട്ട്
ചെറുകൂടുമുൽക്കടം കാത്തിരുന്നൂ…
ഇതു വിധം നാളുകൾ വന്നു പോകേ
പുതിയ ആകാശപ്പരപ്പിലേക്കോ,
പുതുമരക്കൊമ്പിൻ കരുത്തിലേക്കോ
കിളികളാറും പറന്നൂർന്നുപോയീ….
ഇനിയുമാ കൂകൂരവം ശ്രവിക്കാൻ
അകലെ മേഘങ്ങളിൽ കണ്ണയച്ച്
പഴമരക്കൊമ്പിൽ നിശ്ശൂന്യമായി
കിളിയുടെ കൂടുറങ്ങാതിരുന്നൂ…