രചന : ശ്രീദേവി മധു✍

ഗംഗാധരൻ കാളക്കഥകൾ
പറയുമ്പോഴൊക്കെയും
കാലിൽ ആണികൊണ്ടതു പോലെ പുളയുന്നതു കാണാം.
‘കളഞ്ഞുകിട്ടിയ തങ്കം’ സിനിമ കാണാനായി പോയപ്പോഴാണ് ആദ്യമായി
ചെരിപ്പുവാങ്ങിയത്,
ഞാൻ ചെരിപ്പിട്ടപ്പോഴാണ് കാളകളുടെ കാലിൽ
ലാടം തറച്ചതും,
അന്നു മുതലാണ്
എൻ്റെ കാളകൾക്ക് കണ്ണുനീർച്ചാലുണ്ടായതും,
ആ ചാലിലൂടെയാണ്
ഞാൻ കഞ്ഞി കുടിക്കാൻ വകയുള്ളവനായതും,
പെമ്പ്രന്നോരുടെ കാതിൽ പൊന്ന് അവിടെ സ്ഥിരമായി കിടന്നതും,
ലാടം മാറ്റിത്തറക്കുമ്പോഴെല്ലാം
എൻ്റെ നെഞ്ചിലായിരുന്നു
ആണികൾ തറഞ്ഞു കയറ്റിയത്,
അവരുടെ നീണ്ടു സുന്ദരമായ മിഴികളിൽ മിഴിനീരുരുണ്ട്
കണ്ണുനീർച്ചാലിലൂടെ ഒഴുകിയിറങ്ങുമ്പോഴെല്ലാം
പച്ചമരമായി ഞാൻ കത്തിയിരുന്നു.
പെമ്പ്രന്നോര് വിഷം തൊട്ട്
ചത്തപ്പോൾ
കാളകൾ കുഴിമാടത്തിനരികിൽ അമ്മേയെന്ന് അലറിക്കരഞ്ഞു.
അവൾ കൊടുത്ത കാടിക്കും, പുല്ലിനും നന്ദിയുള്ളവരായി,
ചാണകം തൊടീക്കാതെ, പുല്ലരിയിപ്പിക്കാതെ
വളർത്തിയ മകളാണ്
അവരെ അറക്കാൻ കൊടുത്തത് .
നീളൻ മിഴികളിൽ കൊളുത്തിയ ആധിയെന്നിലൂടെ
തിരി പടർത്തി
ആ മിണ്ടാപ്രാണി
എന്നോട് പറഞ്ഞു
ഓടി രക്ഷപ്പെട്ടോളാൻ….
പുതിയ വീടിൻ്റെ മുൻവാതിലിൽ
ഭാഗ്യചിഹ്നമായി
ലാടം
പതിച്ചു വച്ചിട്ടുണ്ട്….
ഓരോ നോക്കിലും ആണിയെൻ്റെ
ഹൃദയത്തിലടിച്ചു കയറ്റുകയാണ്……
■■■■■

ശ്രീദേവി മധു (വാക്കനൽ)

By ivayana