രചന : സൂര്യഗായത്രി.പി.വി ✍

മറ്റൊരാളുടെ കടം കൊണ്ട
കുപ്പായത്തിനുള്ളിൽ
നമ്മുടെ ജീവിതം
കൂടുതൽ മുഴച്ചു നിൽക്കും.
കാരണം,
അവരുടെ ജീവിതം നമുക്ക്
പാകമേയല്ലല്ലോ.
ചിലപ്പോൾ ഇറുകെപ്പിടിച്ച്
ഉടുപ്പ് ശ്വാസം മുട്ടിക്കും.
ദരിദ്രർ വസിക്കുന്ന
അവികസിത രാജ്യത്തിന്റെ
എല്ലുന്തിയ ഭൂപടം
അയൽക്കാർ കാണും വിധം
വെളിയിൽ വരയ്ക്കും.
മറ്റുചിലപ്പോൾ അയഞ്ഞു തൂങ്ങി
ആത്മാവ് നഷ്ടപ്പെടും
അലഞ്ഞു തിരിഞ്ഞു നടക്കും.
നിറയെ കൂട്ടിത്തുന്നി
പിന്നുകുത്തിപ്പിഞ്ഞിയ
കുപ്പായത്തിന്റെ മുറിവിനു
തുരുമ്പിന്റെ നിറം.
കറപറ്റി കരിമ്പനടിച്ച്
നരച്ച് മരിക്കുമ്പോൾ
മരിപ്പിനു ഉണങ്ങാത്ത മുയ്ങ്ങു മണം.
എന്നിട്ടും എന്തു ഭംഗിയാണതിന്റെ
വെളുക്കനെയുള്ള നരച്ച ചിരിക്ക്.
അത്രയും കരുതലോടെയത് പിന്നെയും
തൊലിയെ മറച്ചു വെക്കും.
അയലിൽ,
എത്രയലക്കി വിരിച്ചിട്ടാലും
സോപ്പിൽ പതപ്പിച്ചാലും
പുത്തനൊന്ന് വെളിയിലൂടെ
പോകുമ്പോൾ കാറ്റതിന്റെ
വാസനയെ തട്ടിയെടുക്കുന്നു.
പക്ഷപാതമുള്ള കാറ്റ്
നരച്ച ചിരിയുള്ള
കുപ്പായത്തിന്റെ മുഖത്തേക്ക്
മണം വിതറിയെറിഞ്ഞ്
ഒറ്റ ഓട്ടം വെച്ചു കൊടുക്കുന്നു,
പഴകിയ അപകർഷത.
മങ്ങിയ ചിരിയോടെ ഉടുപ്പ്
പോകുന്ന വഴിയിലെല്ലാം
പുത്തൻ മണത്തെ
മൊത്തിയെടുക്കും.
നമ്മളപ്പോൾ പാകമല്ലാത്ത
ഉടുപ്പിനെ ചേർത്ത് പിടിക്കും,
പുത്തനുടുപ്പ് പോലെ.
പോഷകാഹാരമില്ലാത്ത
അവിവാഹിതരായ
അമ്മമാരുടെ പിറന്നതും
പിറക്കാനിരിക്കുന്നതും
പിറന്നപ്പോൾ മരിച്ചതും
പിറക്കാതെ പോയതുമായ
എല്ലുന്തിയ എലുമ്പൻ കുട്ടികളുടെ
വിളറിയ മുഖം
ഉന്തിയ കണ്ണുകൾ
പല്ലുകൾ
എല്ലിൻ കൂടുകൾ
മറ്റൊരാളുടെ വാങ്ങിയിട്ട
കുപ്പായത്തിനുള്ളിൽ
കൂടുതൽ മുഴച്ചു നിൽക്കും.
പുത്തനുടുപ്പിന്റെ ഓർമ്മകളിൽ
നരച്ച ചിരിയുള്ള
കടം കൊണ്ട കുപ്പായമപ്പോൾ
കൂടുതൽ മുറിവുകൾ
തുന്നിക്കെട്ടിയ പഴുപ്പുമായി
അയലിൽ നിന്ന് അഴലിലേക്ക്
മൊഴിമാറ്റപ്പെട്ട്
അത്യാസന്നനിലയിൽ
കോമയിലായിരിക്കും.
■■■■■■■■

സൂര്യഗായത്രി.പി.വി(വാക്കനൽ)

By ivayana