രചന : വാസുദേവൻ. കെ. വി✍

“..മുറ്റത്തെ അയയില്‍ മുന്‍പന്തിയില്‍തന്നെ തൂങ്ങിയാടുന്ന പുരുഷകേസരികളുടെ അന്തരാവരണങ്ങള്‍ പുറകില്‍ കിടക്കുന്ന തരുണീമണികളുടെ ഉള്ളാടകളെ എത്തിനോക്കി ചൂളമടിച്ചു.
‘ഹും… അവര്‍ പതിവ് കലാപരിപാടികള്‍ തുടങ്ങി’- വര്‍ണശബളമായ സ്തനകഞ്ചുകങ്ങളിലെ ഒരുവള്‍ അരിശത്തോടെ കൂട്ടുകാരികളോട് പറഞ്ഞു.
‘അവന്മാരുടെ സൂക്കേട് ഞാന്‍ ഇന്നത്തോടെ തീര്‍ക്കും’- കൂട്ടത്തില്‍ തല മൂത്ത് നരച്ച ഒരു അടിപ്പാവാട പല്ലിറുമ്മി പിറുപിറുത്തു.


ചൂളമടിച്ചു മടുത്തപ്പോള്‍ വിരുതന്മാര്‍ കൂകിവിളിക്കാന്‍ തുടങ്ങി…”
യുവകഥാകാരി ഷഫ്‌ന മാജിദയൂടെ
” അടിവസ്ത്ര പുരാണം “കഥ തുടങ്ങുന്നതിങ്ങനെയാണ്. ആൺ പെൺ അടിവസ്ത്ര വാക്പ്പോരായി..
സ്ത്രീപക്ഷരചന ചാട്ടൂളി പ്രഹരത്തോടെ മനോഹരമായി കുറിച്ചിട്ടിരിക്കുന്നു. അകത്തളങ്ങളിലെ അസമത്വങ്ങൾ.


പ്രതികൂലകാലാവസ്ഥ ഉടലുകൾക്ക് ഹാനികരമാവാതെ ഗുഹ്യഭാഗങ്ങൾക്ക് കവചമായി വസ്ത്രസങ്കല്പപ്പിറവി.. പിന്നെയതിന് ലക്ഷ്യമാറ്റങ്ങൾ. നഗ്നത മറയ്ക്കാൻ, ഫാഷൻ പ്രദർശിപ്പിച്ചു ശ്രദ്ധ നേടാൻ, ഇപ്പോളത് വലുപ്പം കുറഞ്ഞ് ഉടൽ കാഴ്ചകൾക്കുമായി. പ്രദർശനരതി മനുഷ്യസഹജം.
ലിംഗസമത്വ വാദികൾ പോലും പെണ്ണിന്റെ അടിവസ്ത്രം വെയിൽ കൊള്ളിക്കാതെ പിന്നാമ്പുറ അയകളിൽ തൂക്കിയിട്ടുന്നു. പൂവൻ വസ്ത്രങ്ങൾക്ക് മുൻഭാഗങ്ങളിൽ തൂങ്ങി വെയിൽ കൊള്ളാൻ മൗനാനുമതി നൽകിക്കൊണ്ട്.


ആൺവർഗ്ഗം ഊരിയിടുന്നവ കഴുകി ഉണക്കാൻ വിധിക്കപ്പെട്ടവർ ആണ്ടിലൊരിക്കൽ പോലും തന്റെ അടിവസ്ത്രങ്ങൾ അവർക്ക് കഴുകാൻ നൽകാറില്ല. അടിവസ്ത്ര പുരാണം എന്ന കഥ ചൂണ്ടുന്നത് മാറ്റമില്ലാതെ തുടരുന്ന ലിംഗഅസമത്വ ചിന്തകൾ തന്നെയാണ്.
നവമാധ്യമഇടങ്ങളിൽ ചലനദൃശ്യചാരുത തിരയുന്നവരുടെ സ്ഥിതി വിവരണക്കണക്കുകൾ നിർമ്മിതബുദ്ധിയോടെ ശേഖരിക്കപ്പെടുന്ന കാലം, ദേശമനുസരിച്ച്, ലിംഗഭേദം അനുസരിച്ച് കാഴ്ചക്കാരുടെ പട്ടിക പുറത്തിറങ്ങുന്നു. വാഴത്തോപ്പിലെ വർണ്ണക്കാഴ്ചകൾ കണ്ടാസ്വദിച്ചവരുടെ പട്ടിക അത്ഭുതപ്പെടുത്തുന്നു.
കാലം മാറുമ്പോൾ കോലവും മാറും. പെണ്ണ് അത് കാണരുത് എന്ന തിട്ടൂരം അറബിക്കടലിൽ തള്ളേണ്ടത് തന്നെ. ഫെമിനിസ്റ്റുകൾ അടിവസ്ത്രം ധരിക്കാറില്ല എന്ന് സൂചിപ്പിച്ച “ഡാക്കിട്ടർക്ക്” ചാർത്തിക്കിട്ടിയത് കരിയോയിൽ അഭിഷേകവും മുട്ടൻ തെറിയും.


അത്തരം വീഡിയോകൾ കാണുമ്പോഴാണ് ആഗോള അടിവസ്ത്ര വിപണിത്തകർച്ച തിരിച്ചറിയുന്നത്. മേലുടയാട അഴിഞ്ഞു വീഴുമ്പോഴുള്ള അടിവസ്ത്രരഹിത വസ്ത്രധാരണ ക്കാഴ്ചകൾ. മുലക്കച്ച ഉപേക്ഷിച്ച സമരം ചരിത്രരേഖകളിൽ. മൂന്നു തുള വസ്ത്രം ഉപേക്ഷിക്കാൻ ആഹ്വാനം ചരിത്രത്താളുകളില്ല.
സാമ്പത്തിക ഞെരുക്കം നീരാളി പിടുത്തം മുറുക്കുമ്പോൾ ആദ്യം ഉപേക്ഷിക്കപ്പെടുന്നത് അടിവസ്ത്ര ധൂർത്ത് തന്നെയാവുമെന്നതാണ് സാമ്പത്തിക വിദഗ്ദൻ അലൻ ഗ്രീൻസ്പാന്റെ നിരീക്ഷണം.


കോവിഡ് തീർത്ത വരുമാനനഷ്ടം കൂപ്പുകുത്തിച്ചത് അടിവസ്ത്ര വിപണിയെയും. കോവിഡ് ഭീതി കുറഞ്ഞെങ്കിലും പുരോഗമന ഭരണകൂടബഡ്ജറ്റുകൾ തീർക്കുന്ന വിലക്കയറ്റം കൊണ്ട് വലയുന്ന നാളുകൾ അടിവസ്ത്രവിപണിക്ക് കൂച്ചുവിലങ്ങിടും സംശയം വേണ്ട.


ജോക്കി, ലക്സ്, വി ഐ പി, സിവമീ തുടങ്ങിയ പ്രമുഖ ബ്രാന്റുകൾ വിപണിയിൽ പിടിച്ചുകയറാനുള്ള നെട്ടോട്ടത്തിലാണെന്ന് ബിസിനസ്‌ വാർത്തകൾ സൂചിപ്പിക്കുന്നു. കലയും സൗന്ദര്യവും അടിവസ്ത്രങ്ങൾക്കും അന്യമാവരുത്. ഇത്തിരി കാറ്റുകൊള്ളിക്കൽ നല്ലതാണെങ്കിലും..

വാസുദേവൻ. കെ. വി

By ivayana