രചന : ഷീബ റെജികുമാർ✍

തൊടിയിലിപ്പോഴും
തനിച്ചലഞ്ഞു നടക്കാറുണ്ട്
പണ്ടത്തെ കളിക്കൂട്ടാം
പഞ്ഞിമരത്തിൻ പ്രേതം…
നിറയെ വവ്വാൽക്കൂട്ടം
തലകീഴായ്ത്തൂക്കിക്കൊണ്ട്…
കറുമ്പൻമേഘങ്ങളെ
തോളത്തിരുത്തിക്കൊണ്ട്…
കലി കേറിയ കാറ്റിൻ
കയ്യുകളുണങ്ങിയ കായകൾ
തല്ലിപ്പൊട്ടിച്ചെറിഞ്ഞു കയർക്കുമ്പോൾ,
കഥകൾ പറയുന്ന മുത്തി തൻ
തലമുടിച്ചിടപോൽ
പഞ്ഞിത്തുണ്ടാൽ
മെത്ത വിരിച്ചും കൊണ്ട്….
ഇടയ്ക്കു കുട്ടിക്കാലമോർമ്മയിൽ
ഗൃഹാതുരം, ചിണുങ്ങുമ്പോൾ
ചെല്ലും കിഴക്കേയതിരിൽ ഞാൻ….
ഇരുട്ടു വീഴും തൊടി
മൗനത്തിലാഴും നേരം,
എനിക്കു ദർശനം നൽകും
പഞ്ഞിമരത്തിൻ പ്രേതം….
കവിത ദംശിച്ചതാം കുട്ടി
ഞാനതിൻ ചോട്ടിൽ,
അറിയാനോവിൻ മുറിപ്പാടുകൾ
തിരയുമ്പോൾ,
മഞ്ഞുപോൽ പഞ്ഞിക്കായ പൊഴിച്ചു
ചിരിപ്പിച്ചൊരോർമ്മയിൽ
വീണ്ടും കളിക്കൂട്ടുകാരാകും ഞങ്ങൾ….
ഇന്നും മഴകൾ
കൊത്തങ്കല്ലു കളിക്കുംമുറ്റം
നോക്കി
ഞാനുറങ്ങാതെയക്ഷരം തിരയുമ്പോൾ,
മിന്നൽ വെട്ടത്തിൽ, ദൂരെ
കാത്തു നിൽപ്പതുകാണാ-
മസ്ഥികളെഴുന്നിലച്ചാർത്തഴിഞ്ഞതേ മരം…. !
എനിക്കു ചേക്കേറാനായി
പൊത്തുകളൊഴിച്ചിട്ട്…
എനിക്കുറങ്ങുവാൻ
പഞ്ഞിമെത്തയും വിരിച്ചിട്ട്…
■■■■■■


ഷീബ റെജികുമാർ(വാക്കനൽ)

By ivayana