രചന : സണ്ണി കല്ലൂർ ✍
പ്രകൃതി.
ഒരിനം എട്ടുകാലി. ആൺ എട്ടുകാലി ചെറുതും പെണ്ണിന് ആണിനേക്കാർ 25 ഇരട്ടി ഭാരകൂടുതലും ഉണ്ടാകും.
ഇണചേരുന്ന സമയമാവുമ്പോൾ പെണ്ണ് എട്ടുകാലി ആണിനെ ആകർഷിക്കുന്നതിനുള്ള ഗന്ധം അടങ്ങിയ സ്രവം (Pheromone) പുറപ്പെടുവിക്കുന്നു. മണം കിട്ടുന്ന എട്ടുകാലികൾ അവിടെയെത്തി അവസരം കാത്തു നിൽക്കും. ചിലപ്പോൾ അടി വീഴും.
ആണ് അൽപം ഭയത്തോടെ തൊട്ടും തോണ്ടിയും അടുത്തു കൂടും , കളി കുറേസമയം തുടരുന്നതിനിടിയൽ പെണ്ണ് പ്രതിരോധിക്കുകയാണെങ്കിൽ ആണ് സ്ഥലം വിടും.
പിന്നീട് തക്കം നോക്കി വീണ്ടും വലയിലേക്ക് കടന്നുവരും. പെണ്ണിൻറ നെഞ്ചിലേക്ക് ആൺ എട്ടുകാലി ചേർന്ന് അമരുന്നതോടെ ഇണചേരൽ നടക്കും, ആ സമയത്ത് പെണ്ണ് നിശ്ചലമായിരിക്കും. കാര്യം കഴിഞ്ഞാൽ എത്രയും വേഗം ഓടി രക്ഷപ്പെടണം.
പക്ഷേ പലപ്പോഴും ഒന്നു കൂടി ആവാം പോയിട്ട് ധൃതിയില്ലല്ലോ.. എന്ന് വിചാരിച്ച് . അങ്ങേര് ചുറ്റി പറ്റി നിൽക്കും . പെണ്ണിൻറ ആക്രമണം പെട്ടെന്നായിരിക്കും, നിമിഷങ്ങൾ കൊണ്ട് ആണിനെ തൻറ കാലുകളിലെ സിൽക്ക്നൂലു കൊണ്ട് ചുറ്റി പന്തു പോലെയാക്കും. വിശപ്പു തോന്നുമ്പോൾ ശാപ്പിടുകയോ അല്ലെങ്കിൽ പിറക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി വലയിൽ ഒരു ഭാഗത്ത് സൂക്ഷിക്കുകയോ ചെയ്യും. ഭാഗ്യമില്ലാത്ത ആണുങ്ങൾ ഇണചേരുന്നതിന് മുൻപ് തന്നെ ചുറ്റി വരയപ്പെട്ടെന്ന് വരാം.
വിഷകന്യകകളെ പറ്റി കേട്ടിട്ടുണ്ട് പഴയ കഥകൾ അന്ന് ജനങ്ങൾ കൂടുന്ന തുറമുഖത്തോട് ചേർന്നുള്ള പട്ടണങ്ങളിൽ കപ്പൽ സഞ്ചാരികളും ധനികരായ കച്ചവടക്കാരും വരുന്നു. സുന്ദരികളായ വേശ്യകൾ അവരെ കാത്തിരുപ്പുണ്ടാകും, അവരെ ആശ്ലേഷിക്കുവാൻ ആനന്ദം നുകരുവാൻ സുന്ദരമാരും ആരോഗ്യവാൻമാരുമായ ആണുങ്ങൾ മോഹിക്കും.
ഏതാനും ദിവസങ്ങൾ കൊണ്ട് ഈ പെണ്ണുങ്ങൾ അവരുടെ സമ്പത്ത് കൈക്കലാക്കും. അടുത്തത് രക്തം ചിന്താതെ അവരെ കൊല്ലുക,
സ്ത്രീകളുടെ കഴുത്തിൽ നിറയെ ആഭരണങ്ങൾ ഉണ്ടാകും അതിൽ ഒന്നിലെ ലോക്കറ്റിൽ കടുത്ത വിഷവും. പുരുഷൻ തൻറ മാറിൽ ചുണ്ടും മുഖവും അമർത്തി കണ്ണടച്ച് നിർവൃതി കൊള്ളുമ്പോൾ പതിയെ ലോക്കറ്റു തുറന്നു അവൻറ നാക്കിൽ മുട്ടിക്കുന്നു. അല്ലെങ്കിൽ തളർന്നു മയങ്ങുന്ന കാമുകൻറ ചുണ്ടിൽ അൽപം വിഷം പുരട്ടുന്നു. വേദനയറിയാതെ പെട്ടെന്നുള്ള മരണം. അവരുടെ സംഘക്കാർ താമസിയാതെ ജഡം കടലിൽ തള്ളും, അടുത്ത ഇരക്കായി കാത്തിരിക്കും.
അര നൂറ്റാണ്ട് മുൻപത്തെ നാട്ടിൻ പുറം, ചെറിയ കുടിലുകൾ വലിയ വീടെന്ന് പറയാൻ ജന്മിമാരുടെ രണ്ടോ മൂന്നോ വീടുകൾ.. അവിടേയും അന്ന് കരണ്ട് എത്തിയിട്ടില്ല. ആദ്യമായി വഴിയരുകിൽ ഒരു വാർക്ക കെട്ടിടം, വളരെ നാളായി പണിയുന്നു. മുൻഭാഗത്ത് ഓലകീറുകൾ കൊണ്ട് മറച്ചിരുന്നു.
ഒരിക്കൽ കൂട്ടുകാരനൊരുമിച്ച ആ വഴി പോയപ്പോൾ അവിടെ താമസം തുടങ്ങിയിരിക്കുന്നു. കൊള്ളാം, നല്ല വീട്. മുകളിലെ ടെറസ്സിൽ ഇഷ്ടം പോലെ സ്ഥലം, വേണമെങ്കിൽ നെല്ല് ഉണക്കാം..
ഞാൻ മനസ്സിൽ വിചാരിച്ചു
ആ പടിക്കപ്പുറത്ത് നിൽക്കുന്ന സ്ത്രീയെ കണ്ടോ… കൂട്ടുകാരൻ
ഞാൻ അങ്ങോട്ടു നോക്കി. അവർ ഞങ്ങളെ നോക്കുന്നുണ്ട്.
ഇവിടത്തുകാർ അല്ല. അകലെ നിന്ന് വന്നവരായിരിക്കും. ഞാൻ പറഞ്ഞു.
അതേ ഒരു മകനുണ്ട് എവിടെയോ നല്ല ജോലിയാണ് രാത്രിയിലേ വരു അയാളുടെ ഭാര്യയും കുട്ടിയും ഉണ്ട് .
പുതിയ താമസക്കാർ..
പിന്നെ ആ സ്ത്രീ ആറു പ്രാവശ്യം കല്യാണം കഴിച്ചതാണ്. ഇനി ഇല്ല.
ദൈവമെ .. ഞാൻ തിരിഞ്ഞ് ആ സ്ത്രീയെ വിണ്ടും നോക്കി
അവർ കുനിഞ്ഞു നിന്ന് എന്തോ എടുത്തു കൊണ്ട് വീണ്ടും ഞങ്ങളെ നോക്കുന്നുണ്ടോ…..
നേര് .. നിനക്കെങ്ങനെ അറിയാം..
അതൊക്കെ എനിക്ക് അറിയാം.
ആറടി ഉയരം അതിനനുസരിച്ചുള്ള വണ്ണം… തടി എന്നു പറയാൻ പറ്റില്ല.. എന്നാൽ മെലിഞ്ഞുമല്ല.
മുടി നരക്കാൻ തുടങ്ങിയോ, കട്ടിയുള്ള പുരികം ഇരുനിറം, മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ല.
ശ്ശെടാ ഇങ്ങനേയും സ്ത്രീകളുണ്ടോ.. ഇതെങ്ങനെ സാധിക്കും..
ഒരാഴ്ചക്കിടയിൽ ഞാൻ അവരെ രണ്ടു പ്രാവശ്യം കണ്ടു. വഴിയരുകിലെ ഗേറ്റിൽ ഒരു സ്ത്രീയോട് സംസാരിച്ചു കൊണ്ടു നിൽക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ പരിചയഭാവത്തിൽ അവർ നോക്കി
വീതികുറഞ്ഞ ചുണ്ട് , കണ്ണുകളിൽ പ്രകാശം, നീണ്ട വിരലുകൾ പല്ലുകൾക്ക് അൽപം വലുപ്പമുണ്ടോ, മുടി അൽപം നരച്ചിട്ടുണ്ടെങ്കിലും പനങ്കുല പോലെ ഞാൻ എന്തിനാ ഇതൊക്കെ ശ്രദ്ധിക്കുന്നേ..
എനിക്ക് ഒരു ചമ്മൽ വല്ല പെണ്ണുങ്ങളേയും ഇങ്ങനെ നോക്കാമോ.. അമ്മയുടെ പ്രായം… ആറു കല്യാണം കഴിഞ്ഞു എന്നതു കൊണ്ടായിരിക്കുമോ കൂടുതൽ നോക്കിയത്…
കൂട്ടുകാർ പറയുന്നതെല്ലാം സത്യമാകണമെന്നുമില്ല. പരദൂഷണം, കെട്ടിചമച്ച കഥകൾ, അസൂയ എനിക്ക് പൂർണ്ണമായി വിശ്വാസം തോന്നിയില്ല.
അവർക്ക് വളരെയധികം സ്വത്ത് ഉണ്ട്. ടൗണിനടുത്ത് ഭൂമി, രണ്ടു വലിയ വീടുകൾ വാടകയ്ക്ക് കൊടുത്തിരിക്കുന്നു. കടമുറികൾ ഞാൻ പറഞ്ഞു കേട്ടതാണ്.
കഴുത്തിൽ ഒരുവശം മൂടിയ സാരിക്കിടയിലൂടെ നീലകല്ലുകളുള്ള വലിയ നെക് ലേസ് രണ്ട് കൈയ്യിലും വളയം പോലെ തോന്നുന്ന സ്വർണ്ണ കാപ്പ്.
ഞാൻ ദൂരെ നിന്ന് കണ്ടതു പോലെയല്ലല്ലോ….
എന്തായിരിക്കും കാരണം , ഭർത്താക്കൻമാർ ഒന്നു രണ്ടു വർഷത്തിനുള്ളിൽ മരിച്ചു പോകുക, അവർക്ക് മറ്റു സ്ത്രീകൾക്കില്ലാത്ത എന്തെങ്കിലും പ്രത്യേകത ഉണ്ടോ. ഒരാളുടെ മരണത്തിന് ശേഷം വീണ്ടും വിവാഹം കഴിക്കാൻ തോന്നുന്നത് എന്തു കൊണ്ടാണ്. അവസാനത്തെ ഭർത്താവ് വിട പറഞ്ഞിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു. അവർക്ക് ആഗ്രഹമുണ്ടെങ്കിൽ ഇനിയും ഭർത്താക്കൻമാർ വരും തീർച്ച. ഉടുത്തൊരുങ്ങിയാൽ ആരും നോക്കി നിന്നു പോകും..
ആദ്യ ഭർത്താവിൽ ഒരു കുട്ടി മാത്രം, അയാൾക്ക് 30 വയസ്സിന് മുകളിൽ. കണക്കറ്റ സ്വത്തും, ഒരോരുത്തരും മരിക്കുമ്പോൾ അവരുടെ സമ്പാദ്യവും അവരിൽ വന്നു ചേരുന്നു.
ഭർത്താക്കൻമാർക്ക് അലർജിയുണ്ടാക്കുന്ന എന്തെങ്കിലും അവരുടെ ശരീരത്തിലുണ്ടോ…
അവരുടെ പ്രകാശവലയം ഔറ മറ്റൊരാൾക്ക് ഹാനികരമാവുമോ.
ഒരാളെ അപായപ്പെടുത്തേണ്ട ധൈര്യമോ ഭാവമോ അവരിൽ കാണുന്നില്ല.
കാര്യങ്ങൾ ചോദിച്ചറിയാൻ ഭർത്താക്കൻമാരില്ല. അവരും…
വാസ്തവത്തിൽ ഇതിൽ ഒരു പുതുമയും ഇല്ല. ഇന്നും പത്തും പതിനഞ്ചും കാല്യാണവും തട്ടിപ്പും തൊഴിലാക്കിയ സ്ത്രീ പുരുഷൻമാരേക്കുറിച്ച് പത്രങ്ങളിൽ വായിക്കാറുണ്ട്. നമുക്ക് താമാശയായി തോന്നാം.
ഒരാളെ പറ്റിക്കുക എന്നു പറഞ്ഞാൽ അതും ഒരു കഴിവല്ലേ. നമ്മുടെ മുൻപിൽ അടുത്ത കാലത്തു നടന്ന എത്രയോ സംഭവങ്ങൾ… അവർക്കും അഭിനന്ദനത്തിനും അവാർഡിനും അവകാശമില്ലേ…..