രചന : തോമസ് കാവാലം.✍
എങ്ങുനിന്നു ഞാൻ വന്നെന്നറിയില്ല
എവിടേയ്ക്കു പോകുന്നെന്നുമറിയില്ല
എത്ര നാളായലയുന്നു വിഹായസ്സിൽ
കത്തുന്ന വേനലിൽ ചുറ്റും പറവഞാൻ.
പകലിൻ സ്വപ്നങ്ങൾ പൊലിയുന്നു സന്ധ്യയിൽ
പതിരു പോലെ പറക്കുന്നു കാർമേഘവും
ഇരവിന്റെ കണ്ണുകൾ തിമിരത്താൽ മൂടുന്നു
വിരവോടാരുണ്ടീ വന്നിയെക്കെടുത്തുവാൻ?
എത്ര വർഷമിവിടെ പെയ്തീടിലും
സത്രപാലകരെ പോലെ മനുഷ്യരും
നേത്രജാലകപ്പഴുതിലൂടെ നോക്കിയാൽ
എത്രകാതം ഞാൻ പറന്നെന്നറിയുമോ?
കാടുകൾ മേടുകളെല്ലാം മറഞ്ഞു പോയ്
തൊടുകളാറുകളെല്ലാം വരണ്ടുപോയ്
ശരത്തും ഗ്രീഷ്മവും വിരസമായ് തീരുന്നു
ദുരിതജീവിത പ്രയാണപാതയിൽ.
എവിടെയാഭൂമിക, എവിടെയാ സാരണി
ഇവിടൊരുനാൾ വിലസിയ മനുഷ്യരും?
എവിടെ ഞാനെന്റെ കൂടുകൾ കൂട്ടിടും?
എങ്ങനെ ഞാനെന്റെ നാവു നനച്ചീടും?