രചന : അൽഫോൺസ മാർഗരറ്റ് ✍
മോളേ …. മിനിക്കുട്ടി …
അമ്മൂമ്മ വിളിതുടങ്ങി.
അമ്മുമ്മക്കു വിശന്നാൽ അങ്ങിനെയാണ്. എന്നെ വിളിച്ചു കൊണ്ടേയിരിക്കും.. തനിക്കും വിശക്കുന്നുണ്ട്. ഇന്ന് സ്കൂൾ അവധിയല്ലേ . അല്ലെങ്കിൽ സ്കൂളിൽ നിന്നും ഭക്ഷണം കിട്ടുമായിരുന്നു….
അപൂപ്പൻ എന്നും രണ്ടു പൊതിച്ചോർ കൊണ്ടുവരും. ഒരു പൊതി ഉച്ചക്കു അപ്പുപ്പനും അമ്മൂമ്മയും കഴിക്കും. പിന്നൊരു പൊതി രാത്രി അപ്പൂപ്പനും അമ്മൂമ്മയും ഞാനും കൂടികഴിക്കും.
ഇന്നെന്താ അപ്പൂപ്പനെ കാണാത്തെ …..
എത്ര നേരമായി ഈ വാതുക്കൽ അപ്പൂപ്പനെ കാത്തിരിക്കുന്നത് …..
കാണുന്നില്ലല്ലോ ..
മൂന്നു മണിയെങ്കിലും ആയിക്കാണും അമ്മൂമ്മക്കു വെള്ളം കൊടുത്തു കിടത്തി. പാവം അമ്മൂമ്മ .കിടന്നകിടപ്പാണ്. അപ്പൂപ്പൻ വന്നാലേ എണീപ്പിച്ചു ഇരുത്താൻ പറ്റൂ. അമ്മയുണ്ടായിരുന്നെങ്കിൽ ….
പാവം അമ്മ..
അമ്മ മരിച്ചതിൽ പിന്നെ തനിക്കൊരു പുതിയ ഉടുപ്പ് വാങ്ങിച്ചിട്ടില്ല.
അപ്പൂപ്പന്റെ ജോലിക്ക് കാശു കിട്ടില്ല. രണ്ടു പൊതിച്ചോറു മാത്രമേ കിട്ടു…
അപ്പൂപ്പനും പാവമാ … വെയിലത്തു നിന്ന് ആളുകളെ ഹോട്ടലിലേക്ക് വിളിക്കുന്ന ജോലിയാണ്. താൻ കണ്ടിട്ടുണ്ട്.ഒരു ദിവസം സ്കൂൾ നേരത്തെ വിട്ടപ്പോൾ വീട്ടിലേക്കുവരുന്ന വഴിക്ക് അപ്പൂപ്പൻ വണ്ടിയിൽ വരുന്നവരെ കൈയ്യിലുള്ള ഒരു ബോർഡു കാണിച്ചു ഹോട്ടലിലേക്ക് വിളിക്കുന്നു. താൻ അപ്പൂപ്പന്റെ അടുത്തേക്ക് ഓടിച്ചെന്നപ്പോൾ അപ്പൂപ്പൻ പോക്കറ്റിൽ നിന്നും ഒരു മിഠായി എടുത്തു തന്നു .എന്നിട്ട് വേഗം പോയ്ക്കോളാൻ പറഞ്ഞു. മുതലാളികണ്ടാൽ വഴക്കു പറയുമത്രേ.. പാവം അപ്പൂപ്പൻ.
അപ്പൂപ്പൻ മരിക്കല്ലേ എന്ന് ഞാൻ എന്നും മാതാവിനോട് പ്രാർത്ഥിക്കാറുണ്ട്….
അപ്പൂപ്പൻ മരിക്കുന്നതു തനിക്ക് ഇഷ്ടമല്ല. അമ്മയുണ്ടായിരുന്നപ്പോൾ എന്തു സുഖമായിരുന്നു. എനിക്കും അമ്മൂമ്മയ്ക്കും വിശന്നിട്ടേയില്ല. അമ്മതൊഴിലുറപ്പു ജോലിക്കുപോയപ്പോൾ പാമ്പു കടിച്ചതാ . ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോക്ടർ പറഞ്ഞൂത്രേ മരിച്ചു പോയെന്നു . നല്ല ഭംഗിയായിരുന്നു അമ്മയെ കാണാൻ . അമ്മൂമ്മയേയും തന്നെയും കുളിപ്പിച്ചിരുന്നത് അമ്മയായിരുന്നു….
അപ്പൂപ്പനെ കാണുന്നില്ലല്ലോ …. വിശന്നിട്ടു വയ്യാ ..
റോഡിൽ പോയി നിന്നു നോക്കിയാലോ ….
അവിടെയൊന്നും പോയി നിൽക്കരുതെന്നാണ് അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞിട്ടുള്ളത്..
കുട്ടികളെ ഉപദ്രവിക്കുന്നവരുണ്ട തേ.
ഇന്നാളൊരു ദിവസം വെള്ളം എടുക്കാൻ പോകുന്ന വീട്ടിലെ ശാന്ത ചേച്ചീടെ മോളെ കുട്ടികളെ ഉപദ്രവിക്കുന്ന ആൾ ഉപദ്രവിച്ചിട്ട് ആരുമില്ലാത്ത ഒരു വീട്ടിൽ കൊണ്ടിട്ടത്രേ. വടക്കേലെ മീനുട്ടി പറഞ്ഞതാ . മീനുട്ടിയുടെ അമ്മയും മീനുട്ടിയോടു പറഞ്ഞിട്ടുണ്ട് ഒറ്റക്കു റോഡിലൊന്നും പോകരുതെന്ന്…..
മോളെ … മിനിക്കുട്ടീ….
ഓ…. അമ്മൂമ്മ വിളി തുടങ്ങി. കണ്ണിന് നേരെ കാണാതിരുന്നാൽ അമ്മൂമ്മ വിളിക്കാൻ തുടങ്ങും … വിശന്നാലും അങ്ങനെയാ ..വെറുതെ .അപ്പൂപ്പനെ കണ്ടില്ലല്ലോ എന്നു പറഞ്ഞു വിളിച്ചു കൊണ്ടിരിക്കും…
സന്ധ്യയാവാറായി ഇതുവരെ അപ്പൂപ്പൻ വന്നില്ല…. വിളക്കു കത്തിച്ചു വച്ചു. പ്രാർത്ഥിച്ചു .
അമ്മൂമ്മക്കും സമാധാനമില്ലാതായി ….എന്താണാവോ അപ്പൂപ്പനെ കാണാത്തെ ….. കരച്ചിൽ വരുന്നുണ്ട് അമ്മൂമ്മ കാണാതെ കണ്ണീർ തുടച്ചു .താൻകരഞ്ഞാൽ അമ്മൂമ്മയ്ക് സങ്കടാവും ….. രാത്രിയായി —..
വിശപ്പെല്ലാം പോയി. സങ്കടവും ഉറക്കവും വരുന്നുണ്ട്. പക്ഷേ അപ്പൂപ്പൻ വരാതെ എങ്ങനെ ഉറങ്ങും…..
എന്താണാവോ അപ്പൂപ്പൻ വരാത്തത് …
ഒരു വണ്ടി വന്നുനിന്നു. ആ വണ്ടിയുടെ പുറകിലെ വാതിൽ തുറന്നു ആളുകൾ എന്തോ പുറത്തേക്കു എടുക്കന്നു …..
അമ്മയേയും ഇങ്ങനെ തന്നെയാ കൊണ്ടുവന്നത്……
ദൈവമേ …. അപൂപ്പനും മരിച്ചോ …..
ആളുകൾ അകത്തു വന്ന് പായ് വിരിച്ച് അപ്പൂപ്പനെ അതിൽ കിടത്തി…..
അമ്മൂമ്മയും കരയുന്നുണ്ട്……
അപ്പൂപ്പനും മരിച്ചു…. ദൈവമേ ഇനിയെന്തു ചെയ്യും ……
അമ്മൂമ്മയോടൊപ്പം താനും കരഞ്ഞു……
അമ്മയെ കൊണ്ടു പോയതു പോലെ അപ്പൂപ്പനേയും പെട്ടിയിൽ കിടത്തി പള്ളിയിലേക്ക് കൊണ്ടുപോയി…..
അപ്പൂപ്പൻ റോഡിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞു വീണതാണെന്ന് മീനൂട്ടിയുടെ അമ്മ പറഞ്ഞുന്ന് മീനൂട്ടിപറഞ്ഞു.
പാവം അപൂപ്പൻ …..
ഇനി എങ്ങനെ താനും അമ്മൂമ്മയും ചോറു കഴിക്കും……
അതോർത്തപ്പോൾ മിനിമോൾക്ക് കരച്ചിലടക്കാനായില്ല…. ചോദിച്ചവരോട് കാരണം പറഞ്ഞപ്പോൾ അവർക്കും സങ്കടം വന്നു പോയി…..
അമ്മൂമ്മ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ട്. പാവം … ഇടക്ക് തന്നെയും തടവിക്കൊണ്ട് ഉച്ചത്തിൽ കരയും …..
രണ്ടു ദിവസം കഴിഞ്ഞു. രാവിലെ മിനിമോൾ ഉണർന്ന് അമ്മൂമ്മയെ വിളിച്ചപ്പോൾ അമ്മൂമ്മ അനങ്ങുന്നില്ല….
കുറേ നേരം വിളിച്ചിട്ടും കണ്ണ് തുറക്കുന്നുമില്ല. അവൾ മീനൂട്ടിയുടെ വീട്ടിൽച്ചെന്ന് മീനൂട്ടിയുടെ അമ്മയോടു പറഞ്ഞു … മീനൂട്ടിയുടെ അമ്മ ഓടിവന്നു നോക്കി. അമ്മൂമ്മയെ വിളിച്ചു നോക്കി. അമ്മുമ്മ കണ്ണു തുറന്നേയില്ല. മീനൂട്ടിയുടെ അമ്മ പറഞ്ഞു അമ്മൂമ്മയും പോയെന്ന് …..
അപ്പൂപ്പനെയും അമ്മയേയും പോലെ അമ്മൂമ്മയേയും ആളുകൾ പെട്ടിയിൽ കിടത്തി പള്ളിയിൽ കൊണ്ടുപോയി….
ഒരാഴ്ചയായി താൻ മീനൂട്ടിയുടെ വീട്ടിലാണ്. മീനൂട്ടിയുടെ അമ്മ നല്ല അമ്മയാണ്. തനിക്കും മീനൂട്ടിക്കും ചോറുവാരിത്തരും കുളിപ്പിക്കും …. മീനൂട്ടിയുടെ നല്ല ഉടപ്പുകൾ തനിക്കും തന്നു…. :
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുറച്ച് ആളുകൾ വന്നു തന്നെ കൊണ്ടുപോയി.. താൻ പോകില്ല എന്ന പറഞ്ഞു കരഞ്ഞപ്പോൾ മീനൂട്ടിയുടെ അമ്മയും കരഞ്ഞു. പക്ഷേ ആ ആളുകൾ നിർബ്ബന്ധിച്ചു കൊണ്ടുപോയി …..
പുതിയ വീട് . ലൈറ്റും ഫാനും എല്ലാം ഉള്ള വലിയ വീട് …. തന്നെപ്പോലെ കുറേ കുട്ടികൾ ഇവിടെയുണ്ട്. കുറേ അമ്മമാരും ഉണ്ട്… അനാഥകുട്ടികളെ നോക്കുന്ന വീടാണിത്. എന്നും ഭക്ഷണം കിട്ടും. ഇനി തനിക്ക് വിശക്കില്ലത്രേ ….
അപ്പൂപ്പനും അമ്മൂമ്മയും കൂടെ ഉണ്ടായിരുന്നെങ്കിൽ ….
അവർക്കും വിശക്കില്ലായിരുന്നു…
ശുഭം