രചന : ജയേഷ് പണിക്കർ✍
തേടിയലഞ്ഞു നടക്കുന്നു ഞാനെന്നും
മഴ പോലെ തോരാമിഴി നീരുമായി
ശാന്തമായിന്നൊരു തീരത്തണയാൻ
ശാശ്വത സ്നേഹത്തണലിനായി
ദേശങ്ങളേറെയായ് താണ്ടിയെന്നും
ദേഹമങ്ങേറെ തളർന്നു പോയി
ആത്മ സംഘർഷത്തിന്നലയാഴി
തന്നിലിന്നാഴ്ന്നുപോവുന്നിതായിരങ്ങൾ
കണ്ടെത്തിയില്ല ഞാനെങ്ങുമേ ശാന്തി
തൻ വെള്ളരിപ്രാവുകൾ വിസ്മൃതിയായ്
വെയിലറിയാതെ തണലറിയാതെ
വഴിയേറെ യങ്ങു കടന്നു പോകെ
അറിയുന്നു ഞാനൊരു സൂര്യനെവിടേയും
ഒരു നിലാവൊരു നദി ,പൂക്കളതും
കാഴ്ചകളെല്ലാമേ മിഥ്യയെന്നുള്ളതും
യാഥാർഥ്യമെന്ന വിശപ്പിനേയും
ജനന മരണത്തിന്നിടയിൽ നാമിങ്ങനെ
ജയമങ്ങുമാത്രം കൊതിച്ചിടുന്നു
സഞ്ചാരി ഞാൻ ജീവിക്കിലും മരിക്കിലും
സങ്കടമാർക്കുമേ തോന്നുകില്ല