രചന : അൻസാരി ബഷീർ✍

അപരിചിതനായ ഒരാൾ വീടിൻ്റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം സി.സി.ടി.വി യിലൂടെ കണ്ട് ഞെട്ടിത്തരിച്ചുപോയി ആ കുടുംബം ! അവധി ആഘോഷിക്കാൻ പകൽ പുറത്തുപോയിട്ട് രാത്രിയോടുകൂടി തിരിച്ചെത്തിയതാണ് ദിനേശും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം.. അല്പം വിജനമായ ആ സ്ഥലത്ത് പുരയിടംവാങ്ങി കൊട്ടാരസദൃശ്യമായ വീടുവെച്ചിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. ചുറ്റും വില്പനക്കായി പ്ലോട്ടുതിരിച്ചിട്ട സ്ഥലങ്ങളാണ്… തീർച്ചയായും മോഷണം നടത്താൻ പറ്റിയ സ്ഥലം!


ദിനേശും ഭാര്യയും ആ രൂപത്തിനെ സൂക്ഷിച്ചു നോക്കി.
പ്രാകൃതമായ വേഷം!
പാറിപ്പറന്ന മുടി. അല്പം മെലിഞ്ഞ്, ക്ഷീണിച്ച ശരീരം.!
“ഇയാളെ നമ്മളെവിടെയോ കണ്ടിട്ടുണ്ടല്ലോ, ഇല്ലേ മഞ്ജൂ? ” അയാളങ്ങനെ പറഞ്ഞപ്പോഴാണ് മഞ്ജു അത് ശ്രദ്ധിച്ചത്.ശരിയാണ്, എവിടെയോ കണ്ടിരിക്കുന്നു…
അവർ ആധിയോടെ വീടിൻ്റെ പുറത്തുനിന്നുള്ള വാതിലുകളെല്ലാം പരിശോധിച്ചു.. എല്ലാം ഭദ്രമായിരിക്കുന്നു. ഓരോ മുറിയും സൂക്ഷ്മമായി പരിശോധിച്ചു. ഇല്ല…. ഒന്നും നഷ്ടപ്പെട്ടിട്ടില്ല.


പിന്നെന്തായിരിക്കും അയാളുടെ ഉദ്ദേശം!
വീടിൻ്റെ പിൻവശത്തെ സി.സി.ടിവി കാമറയിലേക്കുള്ള കണക്ഷന് എന്തോ തകരാറുണ്ട് .. ടെക്നീഷ്യനെ അറിയിച്ചിട്ട് രണ്ടുദിവസമായി.. അയാൾ ഇതുവരെ വന്നു ശരിയാക്കാത്തതുകൊണ്ട് പിൻവശത്തേതൊഴികെയുള്ള ദൃശ്യങ്ങൾ മാത്രമാണ്
ലഭ്യമായത്. അവയെല്ലാം അവർ വീണ്ടും വീണ്ടും പരിശോധിച്ചു..
അയാളെ എവിടെവെച്ചാണ് കണ്ടിട്ടുള്ളതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു..
“ചേട്ടാ, ഇയാളല്ലേ ഇന്ന് സിറ്റിയിലെ ഹോട്ടലിൽ ഭക്ഷണം ചോദിച്ചെത്തിയപ്പോൾ ഹോട്ടലുകാരൻ ആട്ടിപ്പായിച്ചത്?”


മഞ്ജുവിൻ്റെ ആ ചോദ്യം അയാളെ അന്ന് പകൽ നടന്ന സംഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി…
ശരിയാണ്, ഇയാൾ തന്നെ!
ഉച്ചക്ക് തങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹോട്ടലിൽ കയറിവന്ന് ഒരു കസേര വലിച്ചിട്ടിരുന്ന് ഭക്ഷണത്തിന് ഓർഡർ ചെയ്ത ആൾ! അയാളുടെ പ്രാകൃതവേഷം കണ്ട്, അറപ്പോടെ ഹോട്ടൽ ജീവനക്കാരൻ പുറത്താക്കുമ്പോൾ പോക്കറ്റിൽനിന്ന് ഒരു ഊണിൻ്റെ വില എടുത്തു കാഷ്കൗണ്ടറിനുമുകളിൽ വെച്ചിട്ട് മിണ്ടാതെ ഇറങ്ങിപ്പോയ മനുഷ്യൻ! ആ സമയത്ത് സൂചികൊണ്ട് കുത്തിയതുപോലെ അസ്വസ്ഥമായ മുഖഭാവമായിരുന്നു ഹോട്ടൽ അധികാരികൾക്ക്.


ഇയാൾ എന്തിനാണ് തങ്ങളുടെ വീടിൻ്റെ മതിൽ ചാടിക്കടന്നത്….
തങ്ങൾ ഭക്ഷണംകഴിച്ച ഹോട്ടലിൽ ഇയാൾ വന്നതെന്തിനായിരിക്കും…
തങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിൻ്റെ ഭാഗമാണോ ഈ സംഭവങ്ങൾ?
ഒരു ഭയം നാവ് നീട്ടി അയാളുടെ പെരുവിരലിൽ നിന്നിഴഞ്ഞുകയറി.. ഫിനാൻസ് സ്ഥാപനം നടത്തുന്ന തനിക്ക് പല പാവങ്ങളോടും ക്രൂരമായ് പെരുമാറേണ്ടിവന്നിട്ടുണ്ട്.
സമയത്ത് പണം തിരിച്ചടയ്ക്കാത്തവർ, പലിശ കുടിശിക വരുത്തുന്നവർ, വാഹനങ്ങൾ വാങ്ങാനെടുത്ത ലോൺ തിരിച്ചടക്കാൻ ബുദ്ധിമുട്ടുമ്പോൾ, വാഹനം തന്നെ പിടിച്ചെടുത്തതിൻ്റെ പേരിൽ നിരാശ്രയരായവർ ….


അവരോടൊന്നും ഒരു ദയയും കാട്ടിയിരുന്നില്ല.. അല്ലെങ്കിലും തൻ്റെ തൊഴിലിന് ദയയും സഹതാപവും ഒട്ടും യോജിച്ചതല്ലല്ലോ .. ഭീഷണിയും ഗുണ്ടായിസവും കുടിയൊഴിപ്പിക്കലും ഒക്കെ കൊണ്ട് കെട്ടിപ്പടുത്തതാണല്ലോ തൻ്റെ ബിസിനസ് സാമ്രാജ്യം!
അങ്ങനെ കിടപ്പാടം നഷ്ടപ്പെട്ടവരാരെങ്കിലും പ്രതികാരബുദ്ധിയോടെ തന്നെ പിന്തുടർന്നതാണെങ്കിലോ.. ചിന്തകൾ ആശങ്കയിലേക്ക് പടർന്നു കയറുന്നു..
പിന്നെ കാത്തുനിന്നില്ല….
പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു.


എസ്.ഐ.റിയാസ് സുഹൃത്താണെന്നത് കാര്യങ്ങൾ വേഗത്തിലാക്കി!
എസ്.ഐ.യും രണ്ടു കോൺസ്റ്റബിൾമാരും വളരെ പെട്ടെന്നുതന്നെ ആ വീട്ടിലെത്തി.സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചു… അന്വേഷണത്തിനുള്ള നടപടികൾ വളരെ വേഗത്തിൽത്തന്നെ മുന്നാട്ടു പോയി ..
തൊട്ടടുത്തുള്ള ഒരു വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾകൂടി പരിശോധനക്കെടുത്തു.
വഴിയരുകിലെ ക്യാമറാദൃശ്യങ്ങൾകൂടി ശേഖരിച്ചു….


അപ്പോഴേക്കും പ്രാകൃതനായ ആ മനുഷ്യനെ വഴിയരുകിൽനിന്ന് പോലീസുകാർ കണ്ടുപിടിച്ചിരുന്നു. സ്റ്റേഷനിൽ എത്തുമ്പോൾ അയാൾ മൂക്കറ്റം മദ്യപിച്ചിരുന്നു.
അയാളുടെ ദേഹമാകെ വരഞ്ഞു കീറിയതുപോലുള്ള പാടുകളും മുറിവുകളും.
“നീ ആരാണ്?”
“എന്തിനാണ് നീ ഇന്നൊരു വീട്ടിൽ അതിക്രമിച്ചുകടന്നത്?”
“നീയെന്തിനാണ് ആ കുടുംബത്തെ പിന്തുടർന്നത്?”
പോലീസുകാരുടെ ചോദ്യങ്ങളൊക്കെ അയാൾ മൗനംകൊണ്ടു നേരിട്ടു.
ഉത്തരം കിട്ടാതായതോടെ ചോദ്യംചെയ്യൽ ഭേദ്യംചെയ്യലായി ..
തൊലിപൊട്ടി ചോരയൊഴുകിയ ചുണ്ടിൻെറ കോണിൽ പുച്ഛം കലർന്ന ഒരു ചിരിമാത്രം വരണ്ടു കിടന്നു.


വാശികൂടിയ പോലീസുകാരുടെ കൂട്ടമായ ആക്രമണത്തിൽ ലോക്കപ്പ്മുറിയുടെ മൂലയിൽ, ഒരു മുഷിഞ്ഞ ഭാണ്ഡംപോലെ അയാൾ എടുത്തെറിയപ്പെട്ടു.
അപ്പോഴാണ് എസ്.ഐ റിയാസ് അവിടേക്ക് കടന്നു വന്നത് .. അയാളുടെ മൊബൈൽ ഫോണിലേക്ക് പകർത്തപ്പെട്ട കാമറാദൃശ്യങ്ങൾ അയാൾ മാറി മാറി പരിശോധിക്കുന്നുണ്ടായിരുന്നു.
“അയാളെ ഇനി തല്ലണ്ട … ചത്തുപോയാൽ മെനക്കേടാണ്!”ഇടക്ക് അയാൾ പോലീസുകാരോട് വിളിച്ചു പറഞ്ഞു.


പോലീസുകാർ പതുക്കെ പിന്മാറി…
അപ്പോഴേക്കും ദിനേശും കുടുംബവും സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയിരുന്നു. കുട്ടികളെ കാറിൽത്തന്നെയിരുത്തിയിട്ട് അവർ സ്റ്റേഷനിലേക്ക് ഓടിക്കയറി!
“എന്തായെടാ… അവൻ എന്തെങ്കിലും പറഞ്ഞോ?”
ദിനേശിൻ്റെ ചോദ്യത്തിന് ഉത്തരം പറയാതെ എസ്.ഐ.റിയാസ് തിരിച്ചൊരു ചോദ്യമാണ് ചോദിച്ചത് .


“നിനക്ക് വളർത്തുമൃഗങ്ങൾ ഏതെങ്കിലും ഉണ്ടാേ?”
“ങ്ങേ, ഇല്ല .. കാവലിന് ഒരു നായയെ വാങ്ങാൻ ഏർപ്പാടുചെയ്തിട്ടുണ്ട്….എന്താ കാര്യം?”
എസ്.ഐ.റിയാസ് അതിനു മറുപടി പറഞ്ഞില്ല.
പകരം തൻ്റെ മൊബൈലിലെ കാമറാദൃശ്യങ്ങൾ ദിനേശിനുകൂടി കാണാവുന്ന വിധത്തിൽ മേശപ്പുറത്തേക്കു നീക്കിവെച്ചു…
ദിനേശ് അല്പം ആശങ്കയോടെ അതിലേക്ക് നോക്കി..


തൻ്റെ വീട്ടിലെ കാമറാദൃശ്യങ്ങൾ മാത്രമല്ല, വീട്ടിലേക്ക് തിരിയുന്ന വഴിയിലേയും മറ്റൊരു വീട്ടിലേയും കാമറാദൃശ്യങ്ങൾകൂടി അവർക്കു കാണാൻ കഴിഞ്ഞു… ആ അപരിചിതൻ വഴിയിലൂടെ നടന്നു വരുന്നതും വീട്ടിലേക്ക് മതിൽ ചാടിക്കടക്കുന്നതും കാണാം.പിന്നെ കണ്ടത് തങ്ങളുടെ വീട്ടിൽനിന്ന് കുറച്ചു മാറി സ്ഥിതിചെയ്യുന്ന ഒരു വീട്ടിൽനിന്നുള്ള അപ്രതീക്ഷിതമായ ഒരു കാമറാദൃശ്യമാണ്!
ഒരു ഭാരമുള്ള ബക്കറ്റ് തൂക്കിപ്പിടിച്ചുകൊണ്ടു ആ മനുഷ്യൻ നടന്നു പോകുന്നു
തിളച്ചവെയിലിൽനാവുനീട്ടി പരവേശപ്പെടുന്ന ഒരു ആടിനെ തരിശുഭൂമിയിൽ കെട്ടിയിട്ടിരിക്കുന്നു.

അതിനുമുന്നിലേക്ക് അയാൾ കൊണ്ടുവന്ന ബക്കറ്റ് നീക്കി വെക്കുന്നു. ആട് ആർത്തിയോടെ ആ വെള്ളം വലിച്ചു കുടിക്കുന്നു. അയാൾ ക്ഷമയോടെ ആടിനെ നോക്കി നിൽക്കുന്നു. ഒടുവിൽ ബക്കറ്റിൽ അവശേഷിച്ച വെള്ളം ആ മൃഗത്തിൻ്റെ വെയിൽ നക്കിയ ദേഹത്തേയ്ക്ക് ഒഴിച്ചു കൊടുത്തിട്ട് ബക്കറ്റുമായി തിരികെ പോകുന്നു. അയാളുടെ കൈയ്യിലിരിക്കുന്ന
നീലയിൽ വെള്ള നിറത്തിൽ SMASH എന്നെഴുതിയിരിക്കുന്ന ബക്കറ്റ് തങ്ങളുടേതാണെന്ന് അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു. വീടിൻ്റെ പിൻവശത്ത് ടാപ്പിനടുത്ത് വെച്ചിരുന്ന ബക്കറ്റ്!


ദിനേശ് മഞ്ജുവിനെ ഒന്നു നോക്കി.. അവൾ ഒന്നും മനസ്സിലാകാതെ മിഴിച്ചിരിക്കുകയാണ്.
“എന്താടാ ഇതൊക്കെ? എന്താ ഇതിൻ്റെയൊക്കെ അർത്ഥം?”
ദിനേശ് എസ്.ഐ.റിയാസിനെ നോക്കി ചോദിച്ചു.. “
“നിനക്കൊന്നും മനസ്സിലായില്ലേ?”
“ഇല്ല!’
“ഈ കാണുന്ന ബക്കറ്റ് നിങ്ങളുടേതാണോ?”
അതെ!
” എന്നിട്ടും മനസ്സിലായില്ലേ?”


“എന്തു മനസ്സിലാകാൻ? അയാൾ ആ ബക്കറ്റെടുത്തു കൊണ്ടുപോയെന്ന് മനസ്സിലായി.. “
“ആ ബെസ്റ്റ് .. ഡാ പൊട്ടാ.. അയാൾ ആരുടേയോ ഒരാടിന് വെള്ളം കൊടുത്തതാണ്… തിളക്കുന്ന വെയിലിൽ ആരോ കെട്ടിയിട്ടു പോയ ഒരാടിനുകൊടുക്കാൻ വെള്ളത്തിനു വേണ്ടിയാണ് അയാൾ നിൻ്റെ വീടിൻ്റെ മതിൽ ചാടിക്കടന്നത്. നിൻ്റെ വീടിൻ്റെ പിൻവശത്ത് മതിലിൽ ചേർന്നു നിൽക്കുന്ന ഒരു ഇലവുമരം വഴിയാണ് അയാൾ വെള്ളവുംകൊണ്ട് ഇറങ്ങിയത്.. മരത്തിൻ്റെ കൊമ്പുകൾ കൊണ്ട് ഉരഞ്ഞ പാടുകൾ അയാളുടെ ദേഹമാകെയുണ്ടാകും ! വെളളം കൊടുത്തിട്ട് ആ ബക്കറ്റ് ആദ്യമിരുന്ന അതേസ്ഥലത്ത് വെച്ചിട്ടാണ് അയാൾ പോയത്!


ഇനി നീ പറ, അതിക്രമിച്ചു കടന്നതിന് അയാൾക്കെതിരേ കേസെടുക്കണോ?”
ദിനേശ് എസ്.ഐയുടെ മുഖത്തേക്ക് സ്തബധനായി നോക്കിയിരുന്നുപോയി.
എത്ര വിചിത്രമാണ് ലോകം!
മറ്റുള്ളവൻ്റെ സ്വത്തും സുരക്ഷിതത്വവും അഭിമാനവും കവർന്നെടുത്ത് സ്വന്തം ജീവിതം സുരക്ഷിതമാക്കുന്ന തന്നെപ്പോലെയുള്ളവർ ഒരു വശത്ത്!
ഒരു മിണ്ടാപ്രാണിക്ക് കുടിവെള്ളം ഇറ്റിക്കാൻവേണ്ടിമാത്രം സ്വന്തം ശരീരവും സുരക്ഷിതത്വവും അഭിമാനവും മറന്ന് പ്രവർത്തിക്കുന്ന ഇതുപോലെയുള്ള മനുഷ്യർ മറുവശത്ത്!


“ഇയാളെന്തു മണ്ടനാണ് “
മഞ്ജുവിൻ്റെ ആ ചോദ്യം എന്തുകൊണ്ടോ ദിനേശിൽ അസ്വസ്ഥതയുണ്ടാക്കി. അവളോട് മറുപടി പറഞ്ഞത് എസ്.ഐ റിയാസ് ആണ് ..
” ഇത്തരം ചില മണ്ടന്മാർ ഉള്ളതുകൊണ്ട് മാത്രമാണ് ഈ ലോകം ഇപ്പോഴും നിലനിൽക്കുന്നത്! അയാൾ ഒരു മണ്ടനായിരിക്കാം.. അതുകൊണ്ടാണ് അയാളിലെ മനുഷ്യത്വം നശിക്കാതിരിക്കുന്നത്., ഒരർത്ഥത്തിൽ മണ്ടനായിരിക്കാൻ കഴിയുന്നത് എത്ര പുണ്യമാണ്…
നമുക്കൊന്നും ഒരിക്കലും കിട്ടാത്ത പുണ്യം!!”

അൻസാരി ബഷീർ

By ivayana