രചന : ശിഹാബുദ്ദീൻ കുമ്പിടി✍
ആസ്പത്രിക്കിടക്കയിലായ
എന്നെ കാണാൻ
അങ്ങാടിയിൽ നിന്ന്
ഓറഞ്ച്തോട്ടങ്ങൾ കയറി വന്നു.
കീറിയ ഇലകളുടുത്ത്
അർദ്ധനഗ്നരായവർ
വരിവരിയായി വന്ന്
റൂമിൽ കയറുന്നു.
ചെരുപ്പിടാത്ത വേരുകളിൽ
മണ്ണടരുകൾ പൊടിയുന്നു.
എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്ന എന്നെ
‘കിടക്കൂ’ എന്നാംഗ്യം
കാണിച്ചൊരു ചെടി പതിയെ
ഓറഞ്ച് പൊളിക്കുന്നു.
ജനാലക്കരികിലും വരാന്തയിലും
മാറിനിൽക്കുന്ന കുട്ടികൾക്ക്
അല്ലികളടർത്തി
വീതിച്ചു നൽകുന്നു.
ഓറഞ്ചുഗന്ധത്തിൽ
പൊതിഞ്ഞ മുറിയെ
തൂവൽ പോലെ
കാറ്റ് താഴേക്കിടുന്നു.
ഏതോ മീൻപിടുത്തക്കാരന്റെ
വലയിൽ കുടുങ്ങിയ
അസ്തമയസൂര്യനെ പോലെ ഓറഞ്ച്!
വലയുടെ കഷ്ണങ്ങൾ
വേർപെടാനാകാതെ കിടക്കുന്നു.
പണ്ട് മുക്കുവനായിരുന്ന അച്ഛൻ
ഓറഞ്ച് കാണുമ്പോൾ
കവിയാവുന്നു.
അല്ലികൾക്ക് പൂവാകാൻ കൊതി!
അവ ദളങ്ങളായി
കൈകോർത്തു വിടരുന്നു ,
പൂമ്പാറ്റകളായി ചുറ്റും കുട്ടികൾ.
“നമ്മൾ വന്നത് നന്നായി.
അവനൊത്തിരി
ആശ്വാസമായിക്കാണും” എന്ന്
ആത്മഗതപ്പെട്ട്
പടിയിറങ്ങി ഓറഞ്ച് തോട്ടം .
■■■