രചന : മൻസൂർ നൈന ✍
ചരിത്രം എത്ര ചെറുതാണെങ്കിലും അറിയുന്നത് നിങ്ങളിലെത്തിക്കുക എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അതിനായുള്ള ഓരോ യാത്രകളും ശരിക്കും ആസ്വദിക്കാറുണ്ട്. ഓരോ യാത്രയിലും മിക്കവാറും ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാവും . കഴിഞ്ഞ ദിവസം പള്ളുരുത്തിയിൽ പോയപ്പോൾ കുമ്പളങ്ങി വില്ലേജിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് അനസ് വാഴവേലിൽ ഒപ്പമുണ്ടായിരുന്നു ,
കുത്തിയതോടേക്കുള്ള യാത്രയ്ക്ക് ഒപ്പം ബന്ധു അൻവർ നൈനയെയും , വടുതലക്കുള്ള യാത്രയിൽ സുഹൃത്ത് സിയാദിനെയും ഒപ്പം കൂട്ടി .
കൊച്ചി , പള്ളുരുത്തിയിലെ റിട്ട. ഡപ്യൂട്ടി കളക്ടർ മുഹമ്മദ് ബഷീർക്കയുടെ , രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള വീട് സന്ദർശിച്ചു . ഈ വീട് ഏകദേശം AD 1800 ലാണ് സ്ഥാപിക്കപ്പെട്ടത് എന്ന് ചരിത്രം . പഴമയുടെ പ്രൗഡിയോടെ തന്റെ ചരിത്രം പറയുകയാണ് ഈ വീട്….
അറബികടലിലൂടെ കാറ്റിന്റെ ഗതിയിൽ ഒഴുകിയെത്തിയ പായകപ്പലുകളിൽ വന്നിറങ്ങിയവരിലൂടെ കായൽപ്പട്ടണം ഉൾക്കൊള്ളുന്ന മഅ്ബർ ദേശം ചരിത്രം രചിച്ചു . അങ്ങനെ എത്തിയവരാണ് മരയ്ക്കാർ വംശത്തിലെ നൈന വിഭാഗവും. ഇവർ കച്ചവടപ്രമാണികളും ,പണ്ഡിതന്മാരുമായിരുന്നു . പല കാലഘട്ടങ്ങളിലായി ഇവർ കൊച്ചിയിലും കേരളത്തിന്റെ വടക്കൻ തീരങ്ങളിലും മറ്റും എത്തിച്ചേർന്നു .
കൊച്ചിയിലെ കൊച്ചങ്ങാടി ഒരുകാലത്ത് പുറം ദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന കച്ചവടക്കാരാൽ സജീവമായിരുന്നു . കച്ചവട ചരക്കുകളുമായി ഉരുക്കളും ചെറിയ കപ്പലുകളും ഇവിടെ നങ്കൂരമിട്ടിരുന്നു . അങ്ങനെ കായൽപ്പട്ടണത്ത് നിന്നെത്തി കൊച്ചങ്ങാടിയിൽ താമസിച്ചയാളാണ് അബ്ദുൽ ഖാദിർ നൈന . അൽപ്പ കാലത്തിന് ശേഷം ഈ കുടുംബത്തിൽ ജനിച്ച ശ്രേഷ്ട്ടനാണ് മഹാനും പ്രസിദ്ധനുമായ കുട്ടി മൂസ ബിൻ അഹമ്മദ് നൈന ഇദ്ദേഹം പിന്നീട് എറണാകുളം ജില്ലയോട് ചേർന്നു കിടക്കുന്ന ആലപ്പുഴ ജില്ലയിലെ വടുതല നാട്ടിലെത്തി താമസമാരംഭിച്ചു . രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള വടുതല കാട്ടുപുറം പള്ളിയിലെ ചുവരുകളിൽ കുട്ടി മൂസ ബിൻ അഹമ്മദ് നൈനയുടെ പേര മകനും കാട്ടുപുറം പള്ളിയുടെ മുത്തവല്ലിയുമായിരുന്ന (പള്ളി പരിപാലകൻ ) മുഹയുദ്ദീൻ കുഞ്ഞ് നൈനാ ഹാജിനെ കുറിച്ചുള്ള പ്രശംസാ വാചകങ്ങൾ എഴുതി വെക്കപ്പെട്ടിട്ടുണ്ട് . വടുതലയിലെ ഇവരുടെ കുടുംബത്തെ കണ്ണന്തറ കുടുംബമായി അറിയപ്പെട്ടു .കണ്ണന്തറക്കാർ അവരുടെ മക്കളെ
‘നൈന ‘ എന്ന സ്ഥാനപ്പേര് വിളിച്ചു പോന്നു.
കുട്ടി മുസ ബിൻ അഹമ്മദ് നൈനയുടെ മക്കളിൽ ഒരാളായ അബ്ദുറഹിമാൻ കുഞ്ഞു നൈനയുടെ മകനാണ് കുട്ടി മൂസ നൈന . ഗ്രാന്റ് ഫാദറിന്റെ പേര് തന്നെയാണ് ഇദ്ദേഹത്തിന് . പണ്ടു കാലങ്ങളിൽ ഇങ്ങനെ പേരിടുക പതിവായിരുന്നു . ഇദ്ദേഹം വലിയ കച്ചവടക്കാരനും പണ്ഡിതനുമായിരുന്നു. ഇദ്ദേഹം വടുതലയിൽ നിന്നും പൊന്നാനിയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി രാജ്യത്തെ തന്റെ ബന്ധുക്കൾക്കരികിലെത്തി . കുട്ടി മൂസയെ പരിചയപ്പെട്ട രാജാവ് കുട്ടി മൂസയോട് കുറച്ചു നാൾ അവിടെ താമസിക്കാൻ സ്നേഹത്താൽ ആവശ്യപ്പെട്ടു. അന്ന് അദ്ദേഹം പള്ളുരുത്തിയിൽ താമസിച്ച വീടാണ് കണ്ണന്തറ വലിയവീട് .
മറ്റൊരു ഭാഷ്യം ഇങ്ങനെയാണ്.….
ഉന്നത ദീനി പഠനത്തിന് പൊന്നാനിയിലേക്കുള്ള യാത്രയിൽ ഇടക്കൊച്ചി മുനമ്പിൽ വള്ളമിറങ്ങിയ കുട്ടിമൂസ നൈന രാജസമക്ഷം ഹാജരാക്കപ്പെടുന്നു .അന്ന് തിരുവതാംകൂർ രാജ്യമായ വടുതല ദേശത്ത് നിന്ന് കൊച്ചി രാജ്യത്തിന്റെ ഭാഗമായ ഇടക്കൊച്ചിയിൽ എത്തിയപ്പോൾ അതിക്രമിച്ചു കടന്നയാൾ എന്ന നിലയിലാണ് രാജസമക്ഷം ഹാജറാക്കപ്പെടുന്നത്. എന്നാൽ ഇസ്ലാം മതത്തിനുള്ള കുട്ടിമൂസയുടെ അപാര പാണ്ഡിത്യം മനസ്സിലാക്കിയ രാജാവ് അദ്ദേഹത്തെ പള്ളുരുത്തി നിവാസികളുടെ ആത്മീയവും, ഭൗതികവും, സ്വത്തുക്കൾ സംബന്ധിച്ചതുമായ കാര്യങ്ങളിലെ തർക്ക വിഷയങ്ങളിൽ തീർപ്പു കല്പിക്കുന്ന ജൂറി (ഖാളി ) ആയി നിയമിച്ച് ഇന്ന് കാണുന്ന, മിഥുനംതറ പറമ്പിൽ ഇരിക്കുന്ന കണ്ണന്തറ വലിയവീട് പണിയിച്ചു നൽകിയത്. കുട്ടിമൂസക്ക് ഇടകൊച്ചിയിലും പള്ളുരുത്തിയിലും കൃഷിഭൂമിയും അനുവദിക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ ഇദ്ദേഹം ഒരു കൃഷിക്കാരനായിരുന്നു എന്നും മനസ്സിലാക്കാം .
ഈ വീട് കാണുമ്പോൾ തന്നെ നമുക്കിതിന്റെ പഴക്കം ബോധ്യമാവും . ഈ വീടിന് അരികിലുള്ള പഷ്ണി തോടിലൂടെ പണ്ടു കാലത്ത് നിരവധി ജലയാനങ്ങൾ ചരക്കുകളുമായി പോകുമായിരുന്നു . തിരുവതാംങ്കൂർ രാജ്യത്ത് നിന്നും കൊച്ചീ രാജ്യത്തേക്കുള്ള ഊട് മാർഗ്ഗമായിരുന്നുവത് . വേമ്പനാട് കായലിൽ നിന്ന് തന്നെ പ്രവേശിച്ച് ഈ കനാലിലൂടെ വേമ്പനാട് കായലിന്റെ മറ്റൊരു ഭാഗത്തേക്ക് ഇത് എത്തിച്ചേരുന്നു.
തന്റെ പൂർവ്വികരിൽ നിന്നു തലമുറകളിലൂടെ കൈമാറി കിട്ടിയ ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് ഏഴാം തലമുറയിൽപ്പെട്ട, ഡപ്യൂട്ടി കളക്ടറായി വിരമിച്ച മുഹമ്മദ് ബഷീർ നൈനയാണ് .
കൊച്ചിയിലെ കൊച്ചങ്ങാടിയിൽ നിന്നും ആലപ്പുഴ ജില്ലയിലെ വടുതലയിലെത്തിയ കണ്ണന്തറ കുടുംബത്തിന്റെ ഗ്രാന്റ് ഫാദറായ കുട്ടി മൂസ ബിൻ അഹമ്മദ് നൈന ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചിരുന്നു . ഇദ്ദേഹത്തിന്റെ മറ്റൊരു മകനാണ് നീന . നീന വിവാഹം ചെയ്തത് അഴീക്കകത്തു കായിപ്പിള്ള എന്നയാളുടെ ഇളയ സഹോദരിയായ മറിയോമ്മയെയാണ്. കുത്തിയതോട് കാലിക്കാത്ത് വടക്കേചിറയിൽ താമസമാക്കിയ ഇദ്ദേഹത്തെ വടക്കേചിറ നീന എന്നും അറിയപ്പെട്ടു . നീന – മറിയോമ്മ ദമ്പതികളിൽ ഇളയ മകനായി കൊല്ലവർഷം 1070 ജനിച്ച , ധീരദേശാഭിമാനിയും , സ്വാതന്ത്ര്യ സമര സേനാനിയുമായ , ഇന്നമ്മു സാഹിബ് എന്ന പേരിൽ പ്രശസ്തനായ ഏ.എൻ. കുഞ്ഞമ്മു നൈനയാണ് കുത്തിയതോട് തട്ടാപറമ്പ് കുടുംബത്തിന്റെ സ്ഥാപകൻ .
വടുതലയിലെ കമാൽ സഖാഫി , പള്ളുരുത്തിയിലെ റിട്ട. ഡപ്യൂട്ടി കളക്ടർ മുഹമ്മദ് ബഷീർ , കുത്തിയതോട് ഷാഹുൽ ഹമീദ് ( റിട്ട . കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) എന്നിവരുമായുള്ള കൂടികാഴ്ച്ചയിൽ ചരിത്രത്തിൽ നിന്ന് ചില ചിത്രങ്ങൾക്ക് വ്യക്തതയുണ്ടായി .