രചന : യൂസഫ് ഇരിങ്ങൽ✍
പഴയ വീട്ടിലെ
തുരുമ്പിച്ച് മാറാല
മൂടിയ പഴകിയ പെട്ടിയിൽ നിന്ന്
നിന്റെ കൈപ്പടയിലൊരു
കുറിപ്പ് കിട്ടി
വടിവൊത്ത അക്ഷരങ്ങളിലേക്ക്
ഓർമ്മകളുടെ
വെയിൽ വെട്ടം വീണപ്പോൾ
നുണക്കുഴി തെളിയുന്നൊരു
ചിരി പോലെ തോന്നി
ഒരു പാട് ജീവിത വിജയികളെ
നൊന്ത് പ്രസവിച്ചൊരു
പഴയ ക്ലാസ് മുറിയിലെ
നരച്ച ചുവരുകളിൽ നിന്ന്
അടക്കിപ്പിടിച്ച ചിരികളുടെ
കടലാസ് ചിത്രങ്ങൾ
വെറുതെ തൊട്ടു നോക്കി
തൊടിയുടെ
പടിഞ്ഞാറെ അറ്റത്ത്
വവ്വാലുകൾ
തൂങ്ങിയാടുന്ന
പുളി മരത്തിന് ചുവട്ടിൽ നിന്ന്
പൊട്ടിപ്പോയ
കുപ്പിവളത്തുണ്ടുകൾ കിട്ടി
തൊട്ടാവാടി പടർപ്പുകൾ
തിങ്ങി നിറഞ്ഞ
ഇടുങ്ങിയ ഇടവഴി
നടന്നു തീർക്കും മുൻപ്
ഒരു പാട് വട്ടം
ഏതോ പിൻവിളിയൊച്ചയിൽ
തിരിഞ്ഞു നോക്കി
പുഴക്കരയിലെ
ചെന്തെങ്ങിന് ചുവട്ടിൽ നിന്നും
നിലാവ് കിടന്നുറങ്ങിയൊരു
പച്ചോലച്ചീന്ത് കിട്ടി
പൊള്ളുന്ന മണൽക്കാട്ടിൽ
ഒരു പാട്
കാലടികൾ പതിഞ്ഞു
വികൃതമായിപ്പോയൊരു
നോവിന്റെ വഴിയടയാളം
കണ്ടെത്തി
ഞാനേത് ചിതറിയ
ഓർമ്മച്ചിത്രത്തിലെൻ
ഹൃദയം ചേർത്ത് വെയ്ക്കും.