രചന : സുനി ഷാജി ✍

മുല്ലപ്പൂവ് കൃഷിക്കാരൻ ശെൽവത്തിന്റെ പൂന്തോട്ടത്തിന്റെ നടുവിലായിരുന്നു ആ കുടമുല്ല നിന്നിരുന്നത്.
യഥാകാലം പുഷ്പിണിയായ കുടമുല്ല നിറയെ പൂമൊട്ടുകൾ…
മുല്ലമൊട്ടുകൾ പാകമായപ്പോൾ അയാൾ തന്റെ തോട്ടത്തിലെ
ഒരു ഭാഗത്തു നിന്നും മുല്ലമൊട്ടുകൾ പറിക്കാൻ ആരംഭിച്ചു.
അത് കണ്ടു പേടിച്ചരണ്ടു പോയി ആ കുടമുല്ലയിൽ വിരിഞ്ഞ മുല്ലമൊട്ടുകൾ…!
ഉടനെ തന്നെ അയാൾ തങ്ങളുടെ അടുത്ത് എത്തുമെന്ന് കണ്ട അവ
തങ്ങളുടെ അമ്മയായ ആ കുടമുല്ലയോട് ചോദിച്ചു…
“എന്തിനാണാമ്മേ അയാൾ ഞങ്ങളെ അമ്മയിൽ നിന്നും പറിച്ചു മാറ്റുന്നത്….?”
“മക്കളേ…. മറ്റുള്ളവർക്ക് നിറവും സൗരഭ്യവും നൽകുവാൻ ഒരു ദിവസത്തേയ്ക്ക് മാത്രം ഒരു പൂവായ് വിരിയാൻ നിയോഗിക്കപ്പെട്ടവർ ആണ് നിങ്ങൾ.”
അത് കേട്ട് അവർ സങ്കടത്തോടെ അമ്മയെ നോക്കി…
“ഭയപ്പെടുകയോ സങ്കടപെടുകയോ വേണ്ട…ഇത് നിങ്ങളുടെ ജീവിത നിയോഗമാണ്…
ഇവിടെനിന്നും അയാൾ പൂക്കച്ചവടക്കാരന്
നിങ്ങളെ വിൽക്കും…
ഈ രാത്രി തന്നെ നിങ്ങൾ അയാളുടെ കൈകളിലെത്തുകയും ചെയ്‌യും.
അവിടെനിന്നുമാണ്…
ഓരോരുത്തരുടെയും യഥാർത്ഥ ജീവിത വിധി ആരംഭിക്കുന്നത്.
അവിടെ വച്ച് നിങ്ങളിൽ ചിലർ ദൈവങ്ങൾക്ക് അർപ്പിക്കാനുള്ള പൂമാലകളിലേക്ക് ചേർക്കപ്പെടും…
മറ്റുചിലർ കല്യാണമണ്ഡപം അലങ്കരിക്കാനുള്ള പൂമാല യിലേക്കും…
കല്യാണപ്പെണ്ണിനെ ഒരുക്കാനുള്ള പൂമാലയിലേക്കും…
വരനും, വധുവും കഴുത്തിൽ അണിയുന്ന പുഷ്പഹാരത്തിലേയ്ക്കും
സ്ത്രീകളും കുട്ടികളും
മുടിയിൽ ചൂടുന്ന പൂമാലയിലേക്കും ഒക്കെ ചേർക്കപ്പെടും…
വിശിഷ്ടവ്യക്തികളെ സ്വീകരിക്കുന്ന വേദിയിൽ നിലവിളക്കിനെ അലങ്കരിക്കുന്ന പൂമാലയിലേക്ക്…
വണ്ടികളിൽ അലങ്കരിക്കുന്ന പൂമാലകളിലേക്ക്… മൃതദേഹങ്ങളിൽ അർപ്പിക്കുന്ന റീത്തുകളിലും, ബൊക്കയിലും…
അങ്ങനെ….അങ്ങനെ….
ഒരു രാത്രി കൊണ്ട് നിങ്ങൾ ഓരോരുത്തരും ചേർക്കപ്പെടുന്നു.
ഇവക്കിടയിൽ…
ചിലപ്പോൾ ഒന്നിലും പെടാതെ തെറിച്ചു താഴെ വീഴുന്ന കുറച്ചു പൂക്കളും ഉണ്ടാവും…
ആരെങ്കിലുമൊക്കെ ചവിട്ടിമെതിച്ച് അവയും അങ്ങനെ കിടക്കും…
അവസാനം….
എവിടെ ആയിരുന്നാലും വാരിക്കൂട്ടി മാലിന്യകൂമ്പാരത്തിൽ എത്തും…
അങ്ങനെ മണ്ണോടു മണ്ണ് ആവും…
അതിന് മുൻപ്…എന്റെ മക്കളെ…. നിങ്ങൾ എവിടെ ആയിരുന്നാലും… ഏത് അവസ്ഥയിൽ ആയിരുന്നാലും
നിങ്ങളിലുള്ള സൗരഭ്യം എല്ലാവർക്കും പകർന്നുകൊടുക്കുക…
അങ്ങനെ ആ അമ്മ പറഞ്ഞത് പോലെ ഒക്കെ സംഭവിച്ചു…
ഒരു സ്ഥലത്തും മുല്ല പൂവുകൾ തങ്ങളുടെ സൗരഭ്യം നൽകാതെ ഇരുന്നില്ല…
സത്യത്തിൽ ഈ മുല്ലപ്പൂവിന്
സമം തന്നെയല്ലേ നമ്മുടെയൊക്കെ ജീവിതവും…
നമ്മൾ ചിന്തിക്കാറില്ലേ…
“എന്താണ് എനിക്ക് മാത്രം ഇങ്ങനെ….?
എല്ലാവർക്കും സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും എനിക്ക് മാത്രം നിർഭാഗ്യങ്ങൾ….?
എന്തു കൊണ്ടാണ് ഞാൻ ഇങ്ങനെ ആയിപ്പോയത്…?”
പലപ്പോഴും…
നമ്മൾ ആഗ്രഹിക്കുന്ന ജീവിതമായിരിക്കില്ല വിധി നമ്മുക്ക് തരുന്നത്…
അതേ ഓരോ ജീവിതവും ഓരോ നിയോഗമാണ്…
വിധി എന്താണോ നമ്മുക്ക് തരുന്നത് അത് ഒരു പരാതിയും കൂടാതെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക…
എവിടെയായിരുന്നാലും…
ഏതു അവസ്ഥയിലായിരുന്നാലും
സ്നേഹത്തിന്റെ നിറം പകരുന്ന….
നന്മയുടെ സുഗന്ധം പരത്തുന്ന…
ഒരു പൂവ് ആയിരിക്കാൻ ശ്രമിക്കുക.
എന്ന്
സ്നേഹപൂർവ്വം നിങ്ങളുടെ
സ്വന്തം കുഞ്ഞിപ്പൂവ്🌹

സുനി ഷാജി


By ivayana