രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് (കുവ) ✍
ഒരുച്ചമയക്കക്കനവിൽ
ഏതോയൊരു
രാത്രിയുറക്കത്തിൽ ഒരമ്മ
സ്വാതന്ത്ര്യം തോണി തുഴഞ്ഞകലുന്ന
സ്വപ്നം കാണുകയാണെന്നു
കിനാവ് കാണുന്നു..
ആ കിനാവിനുള്ളിലൊരു
ഞാൻ വൈര്യങ്ങളില്ലാത്ത
രാഷ്ട്രത്തിൽ
ഗണിത ചിഹ്നങ്ങളില്ലാത്ത
കണക്കു പുസ്തകത്തെ
കനവ് കാണുന്നു..
ജ്യാമീതീയ രൂപങ്ങളെല്ലാം
കൂട്ടിച്ചേർത്ത് ഭൂപടം
വരയ്ക്കുന്നുവെന്നും
അതിൽ ഉടലഴകുകളെക്കാൾ
വയർവളവുകളാണെന്നും
കിനാവ് നെയ്യുന്നു
ആ കനവിലെന്റെച്ഛൻ
ജ്യാമിതിയിലെ
സൂത്രവാക്യങ്ങളെ
ജന്തുശാസ്ത്രത്തിലെ
പാമ്പുകൾ വിഴുങ്ങിയ
സ്വപ്നത്തെ പെറ്റിടുന്നു
അമ്മയുറങ്ങുമ്പോൾ
വിശപ്പുണരുമെന്ന്
അത് മൂത്ത് കലാപമുയരുമെന്ന്
സ്വപ്നത്തിലച്ഛൻ
അമ്മയുടെ കനവറുക്കുന്നു
എത്ര കനവുകൾക്കുള്ളിലാണ്
കനിവുറവുകളുരുവാകുന്നതെന്ന്
ഓർത്തോർത്ത്
മുറിഞ്ഞുപോയൊരു
സ്വപ്നത്തിലെ അടർന്നുപോയൊരു
താളിലാണ് കുറിച്ചതെന്ന്
ഓർമ്മകെട്ടവന്റെ സ്വപ്നത്തിലവൻ
വെറുതെ പകൽക്കിനാവ്
കാണുകയാണ്.