രചന : സി.ഷാജീവ്✍

ആൻസി ടീച്ചർ എട്ടിലെ ക്ലാസ്സ് ടീച്ചറാണ്. നാളെ എട്ടാം ക്ലാസിലെ അസംബ്ലി ആയതിനാൽ പുസ്തകാസ്വാദനം വായിക്കുന്നതിന്, കുട്ടികൾക്ക് പുസ്തകം കൊടുക്കുവാനായി ടീച്ചർ എന്നോടൊപ്പം ലൈബ്രറിയിലെത്തി. കുറെ പുസ്തകങ്ങൾ തിരഞ്ഞുകൊണ്ടിരുന്നു.
‘ഇതു കൊള്ളാമോ സാർ?’ എന്ന് ഓരോ പുസ്തകവുമെടുത്ത്, ടീച്ചർ എന്നോട് ചോദിച്ചു.
“തെരഞ്ഞോളൂ…, ബാലസാഹിത്യമോ ശാസ്ത്രപഠനങ്ങളോ വല്ലതുമുണ്ടെങ്കിൽ എടുത്തോളൂ” എന്ന് ഞാൻ.
തിരച്ചിൽ തുടർന്നു.
കുറേ അലസ നിമിഷങ്ങൾ…
മുറിയിൽ അരണ്ട വെളിച്ചം. ആസ്മാ രോഗിയെപ്പോലെ കിതയ്ക്കുന്ന ഫാൻ.
കുറെ പുസ്തകങ്ങൾ തിരഞ്ഞ് ക്ഷീണിച്ചശേഷം ടീച്ചർ എന്നെ നോക്കി. അലമാരിയുടെ താഴത്തെ റാക്കിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ ചൂണ്ടി ഞാൻ പറഞ്ഞു :
‘ടീച്ചർ താഴത്തെ റാക്കിൽ നോക്കൂ… വേണ്ട പുസ്തകം കിട്ടും.”
ടീച്ചർ താഴെ മുട്ടുകുത്തിയിരുന്നു, ഒരു കുഞ്ഞാടിനെപ്പോലെ… തിരച്ചിൽ തുടർന്നു.
വീണ്ടും വിരസതയിൽ കുതിർന്ന നിമിഷങ്ങൾ… ഇപ്പോൾ ശരിക്കും ഏകനായത് ഞാനാണ്. ബോറടി മാറ്റാൻ ഞാൻ മുകൾത്തട്ടിൽനിന്നും ഒരു പുസ്തകം വലിച്ചെടുത്തു. നോവലാണ്. വെറുതെ വായിക്കുവാൻ തയ്യാറെടുത്തു.
താഴെ ടീച്ചർ മുട്ടുകുത്തി പുസ്തകങ്ങൾ തിരയുന്നു. അരണ്ട വെളിച്ചമുള്ള മുറി. കരയുന്ന ഫാൻ. മുറിയിൽ ഞങ്ങൾ രണ്ടുപേർ മാത്രം.
ഞാൻ എടുത്ത പുസ്തകം തുറന്നുനോക്കി. പുസ്തകത്തിൽ എൻ്റെ കണ്ണിൽപ്പെട്ട ആ വാക്യം വായിച്ച് ഞാൻ ശരിക്കും ഞെട്ടി. താഴെ മുട്ടുകുത്തിയിരിക്കുന്ന ടീച്ചർ കേൾക്കെ ഞാൻ നോവലിലെ ആ വാക്യം ഇങ്ങനെ വായിച്ചു :
“ആൻസി താഴെ മുട്ടുകുത്തിയിരുന്ന് പുസ്തകങ്ങൾ തിരയുകയായിരുന്നു…. അപ്പോൾ യോഹന്നാൻ പതിഞ്ഞ കാൽവെയ്പ്പുകളോടെ ആൻസിയുടെ പുറകിലേക്ക് പതുങ്ങിച്ചെന്നു…”
താഴെ മുട്ടുകുത്തിയിരുന്ന ആൻസി ടീച്ചർ കിളിപോയ മാതിരി, കണ്ണുകൾ തുറിച്ച് എന്നെ നോക്കി.
“ങേ… എന്റെ പേരും, ഞാൻ പുസ്തകം തിരയുന്ന കാര്യവും ഈ പുസ്തകത്തിൽ എങ്ങനെ വന്നു…?”
ശരിയാണ്. ആൻസി പുസ്തകം തെരയുന്ന കാര്യവും, പിന്നിലൊരാൾ നിൽക്കുന്ന കാര്യവും, വെറുതെയെടുത്തു മറിച്ചുനോക്കിയ ഈ പുസ്തകത്തിൽ എങ്ങനെവന്നു? യാദൃച്ഛികതയുടെ അമ്പരപ്പിൽ, ഞാൻ വല്ലാതെയായി.
ഉത്തരം പറയാനാവാതെ ഞാൻ ആൻസിയുടെ പിന്നിൽ പതുങ്ങിനിന്നു ; ശശിയായ യോഹന്നാനെപ്പോലെ…
ഫാൻ അപ്പോഴും രോഗിയെപ്പോലെ ഞെരങ്ങുന്നുണ്ടായിരുന്നു.
സി.ഷാജീവ്
NB : കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും തികച്ചും ഭാവന മാത്രം. ആരോടെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് യാദൃച്ഛികം മാത്രം.

സി.ഷാജീവ്

By ivayana