രചന : കല ഭാസ്‌കർ ✍

നെഞ്ചിലൊരടുപ്പു
കൂട്ടിത്തന്നിട്ടുണ്ടല്ലോ നീ …?
അത് നിത്യവും എരിയുന്നുമുണ്ട്
ആനന്ദങ്ങളിലും
വിഷാദങ്ങളിലുമെല്ലാം
നീ കണ്ണീരായി
തിളച്ചു തൂവുന്നുണ്ട്.
ഉപ്പു കലർന്ന
അതിമധുരങ്ങളാവുന്നു
ഓർമ്മകൾ !
ഒന്നിറങ്ങുമ്പോൾ
അടുത്തതെന്നു എല്ലാം
വേവു പാകമാവുന്നുണ്ട്.
ഒരു ദിനമിടവിടാതെ
ഞാൻ തുളസിയും
തെച്ചിപ്പൂവുമായതിലെല്ലാം
ചിതറി വീഴുന്നുണ്ട്.
നിനക്കുള്ള നേദ്യമാവുന്നുണ്ട്.
നീ തൊട്ടു നോക്കും, രുചിക്കും,
സ്വാദ് പാകമാവാനുണ്ടിനിയുമെന്ന്
കണ്ണിറുക്കും, എനിക്കറിയാം.
വരൂ ..
നീ വരും വരെ
ഞാനാ അടുപ്പ് വിട്ട്
എഴുന്നേൽക്കുകയേ ഇല്ല. ❤️

കല ഭാസ്‌കർ


By ivayana