രചന : ബിനോജ് കാട്ടാമ്പള്ളി ✍

ഒരുചെറു തിരിനാളമാകാം
മന്നിൽ നന്മതൻ ദീപങ്ങളാകാം..
ഒരുചെറു ഹൃദയത്തുടിപ്പുമായ് നമ്മൾ
ഈ അവനിയിൽ വന്നുപിറന്നു..
നിറയെ പ്രതീക്ഷകൾ തേനും വയമ്പുമായ്
നാവിലേയ്ക്കിറ്റിച്ചു തന്നു
അമ്മ നാവിലേയ്ക്കിറ്റിച്ചു തന്നു..
നന്മതൻ ദീപങ്ങൾ തേടാൻ
നല്ലമാർഗ്ഗം പഠിച്ചീടാൻ വിദ്യാലയങ്ങളിൽ
നമ്മളെക്കാത്തെത്ര ഗുരുനാഥരുണ്ടായിരുന്നു…
എന്തൊക്കെ നമ്മൾ പഠിച്ചു
ലോകത്തിൻ രക്ഷകൻ ക്രിസ്തുദേവൻ
സർവ്വം പരിത്യാഗിയായ ബുദ്ധൻ
തേന്മഴ പോലെയാ നബിവചനം
ധർമിഷ്ഠനാം അശോകന്റെ മന്ത്രം..
ഭാരതയുദ്ധം പഠിച്ചു ധർമ്മയുദ്ധത്തിൻ അന്ത്യം ഗ്രഹിച്ചു…
ബാപ്പുവിലൂടെ പഠിച്ചൂ അഹിംസയാം ലോകൈക മന്ത്രം…
ഇച്ചെറു നിമിഷാർദ്ധ ജീവിതവേളയിൽ
നാമെന്തു നന്മകൾ ചെയ്തു…
നാനാത്വങ്ങളിൽ ഏകതയാർന്നോരീ
നാടിനുവേണ്ടി നാം എന്തു ചെയ്തു.
വീടിന്നടുക്കളത്തിണ്ണയിൽ വന്നൊരാ
പശിയുള്ളവനോടെന്തു ചെയ്തു.
തെരുവിൽ അലയുന്ന കൗമാരങ്ങളിൽ
ഒരുചെറു പുഞ്ചിരി കാണുവാനെന്തു ചെയ്തു.
വർണങ്ങൾ തെളിയാത്ത സ്വപ്നങ്ങളിൽ
മഴവില്ല് ചാർത്തുവാനെന്തു ചെയ്തു…
ഇനിയൊരു തിരിനാളമാകാം
ഇവിടെ നന്മതൻ ചെറുചെറു ദീപങ്ങളാകാം…
നമ്മളീ ഭൂമിയിൽ ഒരുവേളയെപ്പൊഴോ
മിന്നിമറഞ്ഞതിൻ അടയാളമാകാം…

ബിനോജ് കാട്ടാമ്പള്ളി

By ivayana