രചന : സിജി സജീവ് ✍
ഒറ്റയാൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഒന്നാണോ ഇന്ത്യയുടെ സ്വാതന്ത്ര്യം?? കോടിജനതയുടെ പിൻബലം, ഒരേ വികാരം,, സ്വാതന്ത്ര്യം എന്ന ഒരൊറ്റ പ്രതീക്ഷ,, ചോര ചീന്തിയവരും ജീവൻ വെടിഞ്ഞവരും ലക്ഷങ്ങൾ,, ഒരു രാജ്യം, ഒരൊറ്റ ആശയം,ദിവസങ്ങൾ,മാസങ്ങൾ, വർഷങ്ങൾ… ബാല്യവും കൗമാരവും യൗവനവും സ്വപ്നം കാണുന്ന സ്വാതന്ത്ര്യത്തിനായി ബലികൊടുത്തവർ.. അതിനൊക്കെയും ആധാരം ഇന്ത്യ എന്ന രാജ്യവും അതിൽ വസിക്കുന്ന മനുഷ്യകുലവും ഒന്നടങ്കം സ്വാതന്ത്ര്യം ആഗ്രഹിച്ചു എന്നതാണ്,, ഇവിടെ സ്ത്രീകളുടെ മാത്രം പ്രശ്നമായി മാറുന്നു അവളുടെ സ്വാതന്ത്ര്യം,,
ഒരു വംശത്തിന്റെ രണ്ടു ചേരികളിലെ ഒന്ന് പെൺവർഗ്ഗം,, അവൾക്ക് കിട്ടേണ്ട സ്വാതന്ത്ര്യം എന്റേത് ആകണം,, എന്റേത് നിന്റേതും,, അപ്പോൾ മാത്രമാണ് സ്ത്രീ വർഗ്ഗത്തിന് സ്വാതന്ത്ര്യംവേണമെന്ന ആവശ്യത്തിന്റെ ആദ്യപടിയുടെ അടിത്തറ ഉറപ്പാകുകയുള്ളു,, ആടുന്ന അടിത്തറകളാണ് സ്ത്രീകൾ,, അവർക്ക് ആദ്യം വേണ്ടത് ഒത്തൊരുമയാണ്,, ഒരാൾ മറ്റൊരാളെ അംഗീകരിക്കുക എന്നതാണ്,, അപ്പോൾ എനിക്ക് എന്നത് നമുക്ക് എന്നായി മാറും, നമുക്ക് എന്നത് മണിട്രീ പോലെ ആയി മാറുമ്പോൾ,ഒരു കൂട്ടത്തിൽ നിന്നും സമൂഹത്തിലേക്കു ഒരുമഎന്ന ആശയം വ്യാപിക്കും, അതൊരു പ്രസ്ഥാനത്തെ തന്നെ ഭയപ്പെടുത്തും,, നമ്മൾ ഭയക്കുന്നവർ നമ്മളെ ഭയന്നു തുടങ്ങും.. നമ്മൾ ആഗ്രഹിച്ച സഞ്ചാരസ്വാതന്ത്ര്യം വസ്ത്രധാരണ സ്വാതന്ത്ര്യം,
സംസാരസ്വാതന്ത്ര്യം തുല്യ നീതി, തുല്യ വേദനം എല്ലാം എല്ലാം നമുക്ക് ലഭിക്കും,, നേടിയെടുക്കാൻ കഴിയും.. അതിന് ആദ്യം വേണ്ടത്,, എനിക്ക് എന്നത് നമുക്ക് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക എന്നതാണ്..
ഇപ്പോളുള്ള ന്യൂ ജനറേഷൻ മുപ്പതുകളിലും അറുപതുകളിലുമെത്തിയ സ്ത്രീകളോട് എവിടെ നിങ്ങളുടെ സമര വീര്യം എന്നു പുച്ഛിച്ചു ചോദിക്കുമ്പോൾ ഒന്നോർക്കുക,, നിങ്ങളുടെ ജനറേഷൻ അല്ല ഞങ്ങൾ,, ഇവിടെ വരെ എത്തിയെങ്കിൽ അതിന് പുറകിൽ പലരുടെയും അധ്വാനത്തിന്റെയും സഹനത്തിന്റെയും കണ്ണുനീർ ഉപ്പു പടർന്നിട്ടുണ്ട്,, എതിർപ്പുകളുടെ മുൻപിൽ തലയുയർത്തിയതിനു പല്ലുകളുടെ എണ്ണം കൊഴിഞ്ഞിട്ടുണ്ട്,, ഇന്നലെകളുടെ വീർപ്പുമുട്ടലുകൾ ഇന്ന് വെറും പഴംകഥകൾ ആയി പരിഹസിക്കരുത്.. ഇന്നലെയുള്ള സ്ത്രീകൾ പലതും നേടിയെടുത്തതുകൊണ്ടാണ് ഇന്നത്തെ ന്യൂ ജനറേഷൻ ഇന്ന് തലയുയർത്തി നിൽക്കുന്നത്..
ചോദ്യങ്ങൾ ചോദിക്കാനുള്ള ആർജ്ജവം ഉണ്ടായത്,,അടുക്കളയിൽ നിന്നും തുടങ്ങേണ്ടിയിരുന്നു സ്ത്രീക്ക് പോരാട്ടങ്ങൾ,,വിക്കു കൂടാതെ സംസാരിക്കാൻ അവൾ പരിശീലനം നടത്തിയത് അടുപ്പുകല്ലിനോടും, അലക്കു കല്ലിനോടും പത്രങ്ങളോടുമാണ്,, ഇന്നത്തെ എത്ര കുട്ടികൾ പുകനിറഞ്ഞ അടുക്കളകണ്ടിട്ടുണ്ട്,, കരിപിടിച്ച പാത്രങ്ങൾ കണ്ടിട്ടുണ്ട്,, അവർ അതു കണ്ടിട്ടില്ലെങ്കിൽ അതൊക്കെയും പുരോഗമനമാഗ്രഹിച്ച കുറച്ചു വനിതകളുടെ പോരാട്ടങ്ങളുടെ നേട്ടങ്ങൾ തന്നെയാണ്,,,അതൊരു രാത്രി ഇരുണ്ടു വെളുത്തപ്പോൾ ഉണ്ടായതല്ല,, ഇന്ന് സ്ത്രീകൾ കൈ വരിച്ച നേട്ടങ്ങൾ അവർ പോരാടി നേടിയെടുത്തതാണ് ഏതൊരു ചരിത്രവുംപിറന്നു വീഴുമ്പോൾ അതിന് പുറകിൽ തീർച്ചയായും അധ്വാനത്തിന്റെ വിയർപ്പുതുള്ളികൾ ഉണ്ടാകും,,
ഓർക്കുക ഇന്ത്യയുടെ സ്വാതന്ത്ര്യം മനുഷ്യവർഗ്ഗത്തിന്റെ ആവശ്യം ആയിരുന്നു എങ്കിൽ,, സ്ത്രീ സ്വാതന്ത്ര്യം എന്നത് പെൺ വർഗ്ഗത്തിന്റെ മാത്രം കാര്യമായി ഒതുങ്ങുന്നു.. ഒരേ ആവശ്യത്തിന് ഒറ്റകെട്ടായി നിന്ന ഒരു കൂട്ടം ജനങ്ങൾ ഇവിടെ രണ്ടായി പിരിയുന്നു, ആണും പെണ്ണും എന്ന നിലയിൽ,, അപ്പോൾ സ്ത്രീകൾ അണിചേരണം,, ഒരാൾക്ക് മറ്റൊരാൾ പ്രചോദനമാകണം… മുൻപോട്ട് പാതകൾ തുറന്നു കൊടുക്കുന്നവർ ആകണം.. “എനിക്ക് മാത്രം മതി സ്വാതന്ത്ര്യം നിനക്ക് വേണ്ട”” എന്ന ചിന്ത മാറ്റണം,,, നമുക്ക് വീടുകളിൽ നിന്നും ആണ് ആദ്യം നീതി കിട്ടേണ്ടത്,,
സ്ത്രീകൾ ആണ് അതു ചെയ്യേണ്ടത്, ഇതുചെയ്യേണ്ടത്,വീട്ടു ജോലികൾ അവളുടെ ഉത്തരവാദിത്വം ആണ് എന്ന അവസ്ഥയിൽ മാറ്റം വരണം,, സ്ത്രീകൾ ക്ക് ഒരേ സമയം ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് പുരുഷൻ ഉൾപ്പെടെ അവളെ പുകഴ്ത്തി പറഞ്ഞ് വശത്താക്കുന്നു,, അതു അവൾ നിത്യതൊഴിൽ അഭ്യാസി ആയതു കൊണ്ട്.. പുരുഷനും അതു സാധ്യമാകും,, അതിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു മാറുന്നത് കൊണ്ടാണ്,അവന് ഒരു കാര്യം മാത്രം ഒരു സമയത്ത് ചെയ്യാൻ പറ്റുന്നുള്ളുവത്രേ,,
ഒരു രാത്രി ഇരുണ്ടു വെളുത്താൽ ഒന്നും മാറില്ല,ഈ ശ്രമങ്ങൾ നമുക്കുവേണ്ടിയും ആവില്ല,, നമ്മുടെ പെൺകുട്ടികൾ എങ്കിലും കൂട്ടിലടച്ച കിളികൾ ആകാതിരിക്കട്ടെ,,
“പെണ്ണിനേയും മണ്ണിനേയും ദണ്ണിപ്പിച്ചാൽ ഫലം “എന്ന പഴമൊഴി തിരുത്തി അല്ലേ പറയേണ്ടത്,, നീ ജനിക്കുന്നത് പെണ്ണിൽ നിന്നാണ് നീ മരിച്ചു ചേരുന്നത് മണ്ണിലേക്കാണ്,,, മനുഷ്യാ നിന്റെ സ്വന്തമെന്നു എപ്പോഴും ചേർത്തു പറയാൻ കഴിയുന്നത് ഒരു പെണ്ണിന്റെ നാമം മാത്രമാണ്,, എല്ലാവരും എല്ലാ ജീവജാലങ്ങളും എപ്പോഴും ഒരു പെണ്ണുമായി മാത്രം സ്വന്തം ചേർത്തെഴുതുന്നു നീ പുച്ഛിച്ചു തള്ളുമ്പോഴും അതാണ് സത്യം,അതു മാത്രമാണ് സത്യം…
2023വനിതാദിനതീം” നീതിയെ പുണരാം “എന്നുറക്കെ പ്രഖ്യാപിച്ചു കൊള്ളട്ടെ,, എല്ലാ വനിതകൾക്കുംആശംസകൾ 💞🙏