ചിലപ്പോ ഒരു കായക്കുലവെട്ടാൻ അല്ലേൽ മുരിങ്ങക്കായപറിക്കാൻ അതുമല്ലെങ്കിൽ കരണ്ടുബില്ലടക്കാൻ, അങ്ങനെന്തിനെങ്കിലുമൊക്കെയായിരിക്കും രതിച്ചേച്ചി വിളിക്കുക. രതിച്ചേച്ചി സ്ഥലത്തെ കൗൺസിലറൊക്കെയായിരുന്നയാളാണ്. ഇപ്പോൾ തനിയെ വിശ്രമജീവിതം നയിക്കുന്നു.

അന്നു പക്ഷേ ആരൊക്കെയോ വായിക്കാൻ കടംവാങ്ങി തിരിച്ചു കൊണ്ടുവന്ന പുസ്തകങ്ങൾ ഉയരമുള്ള റാക്കിൽ വെക്കുവാനാണ് എന്നെ വിളിച്ചത്. പുസ്തകം അടുക്കുന്നതിനിടയിലാണ് റാക്കിന്റെ മൂലക്ക് ഒരു വലിയ റെക്കോർഡർ പോലെന്തോ ഇരിക്കുന്നതു കണ്ടത്. കൗതുകം കൊണ്ട് അതെടുത്ത് “ഇതെന്താണ് ചേച്ചീ..” എന്നു ഞാൻ ചോദിച്ചു.
“അത് ബ്രെഡ് ടോസ്റ്ററാഡോ, തനിക്കു വേണെങ്കിലെടുത്തോ, ഇവിടെയതുകൊണ്ടൊരുപയോഗവുമില്ല” എന്നായി രതിച്ചേച്ചി. “അതെന്റെയൊരു കൂട്ടുകാരിയൊരിക്കെ തന്നതാ. അവർക്കു കുറച്ചു പൈസ ആവശ്യം വന്നപ്പോ എന്നോടു ചോദിച്ചു. ഇതെന്റെ ഭർത്താവ് ഗൾഫീന്നു വന്നപ്പോ കൊണ്ടുന്നതാ, ഉപയോഗിച്ചിട്ടില്ല. ചേച്ചിയിതൊന്നു വാങ്ങിച്ച് എനിക്കൊരു 1500 രൂപ തരണം എന്നു പറഞ്ഞ് തന്നതാ. ഞാൻ രണ്ടുതവണയേ ഉപയോഗിച്ചിട്ടുള്ളൂ”. രതിച്ചേച്ചി അതിന്റെ പൂർവ്വകഥ പറഞ്ഞു.

അസാമാന്യ വലിപ്പമുള്ള ആ ടോസ്റ്റർ പ്രവർത്തിപ്പിക്കാമെന്നു കരുതിയെടുത്തപ്പോഴാണ് അതിന് പവർപ്ലഗ്ഗു വേണമെന്നു മനസ്സിലായത്. ഒരു പവർപ്ലഗ്ഗ് കൺവെർട്ടർ വാങ്ങിയിട്ടു വേണം ഇനിയതൊന്നു പ്രവർത്തിപ്പിച്ചു നോക്കാൻ. പല കൈമറിഞ്ഞ് എന്റെ കൈയിലെത്തിയ ഒരുപാടു പഴക്കമുള്ള നല്ല ഭാരമുള്ള ആ വിദേശവസ്തുവിനു പിന്നിൽ ഒരു കഥയ്ക്കുള്ള സാധ്യത ചിന്തിച്ചുകൊണ്ട് ഈ ലോക്ക്ഡൗൺ വിരസതയെ കുറച്ചെങ്കിലും മറികടക്കാമെന്നു കരുതി ഞാനതിന്റെ കഥയ്ക്കു പിന്നാലെകൂടി. ഒരു വിധത്തിലൊരു രൂപമാക്കി വെച്ച് അതെവിടെക്കൊണ്ടവസാനിപ്പിക്കുമെന്നു ചിന്തിച്ച്, വായിക്കാനുള്ള മടിയേയും എഴുതാനതിലേറെയുള്ള മടിയേയും അതിജീവിക്കാൻ കഴിയാതെ ഉറക്കംവരാതെ വിഷമിച്ചിരിക്കുമ്പൊഴാണ് പതിവില്ലാതെ “ഒരു കഥ പറഞ്ഞു തന്നേന്നേ” എന്നു പാതിയുടെ കൊഞ്ചൽ. എങ്കിൽപ്പിന്നെ മനസ്സിലൊരു രൂപമാക്കിവെച്ച ബ്രെഡ്ടോസ്റ്ററിന്റെ കഥതന്നെ പറയാമെന്നു കരുതി ഞാൻ തുടങ്ങി.

ഒരിടത്തൊരിടത്ത് ഒരു പാവം പാവം ഞാനുണ്ടായിരുന്നു. (കഥയ്ക്കിടയിലെ പാതിയുടെ കൗണ്ടറുകൾ വായനക്കാരുടെ ഭാവനയ്ക്കു വിടുന്നു.) സ്വന്തമായിട്ട് രണ്ടു കടയുണ്ടെങ്കിലും കടത്തിനൊട്ടും കുറവില്ലാത്തൊരു ഞാൻ. ഒരു ദിവസം വൈകുന്നേരമായപ്പോ കിട്ടിയ പൈസയെല്ലാം തടുത്തുകൂട്ടി കൊടുക്കാനുള്ളതും പതിക്കാനുള്ളതുമെല്ലാം കൊടുത്ത്, നാളെ രാവിലെ കിട്ടുന്നതീന്നു പച്ചക്കറിയെന്തേലും വാങ്ങാമെന്നുറച്ച്, കാലിപ്പേഴ്സുമായി വീട്ടിൽ വന്നുകയറിയപ്പോഴാണ് നാളെമുതൽ ലോക്ക്ഡൗണാണെന്ന് നോട്ടുനിരോധനം പോലൊരു തിട്ടൂരമിറങ്ങിയതറിഞ്ഞത്.

ഭാഗ്യത്തിന് അരിയൊരു മാസത്തേക്കുള്ളത് സ്റ്റോക്കുണ്ടായിരുന്നു. പിന്നെന്തായിരുന്നു, കല്യാൺ സ്വാമീടെ പറമ്പിലെ ചക്കയും PWD വളപ്പിലെ പപ്പായയും പെരിങ്ങാവ് തോട്ടിലെ കക്കയിറച്ചിയും യാതൊരു സ്വാദുമില്ലാത്ത ചായാമൻസയെന്ന കാടുപിടിച്ചു വളർന്നു നിൽക്കുന്ന ബ്രസീലിയൻ ചീരയുമൊക്കെയായി അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി പൊരുത്തപ്പെട്ടുവരുന്ന ദിവസങ്ങളിലൊന്നിലാണ് രതിച്ചേച്ചിയുടെ വിളിയെത്തിയത്.

“അല്ലാ! ഇതൊന്നും കഥയല്ലല്ലോ, കാര്യമല്ലേ” പാതി ഇടക്കുകയറി.

“എന്നാപ്പിന്നെ കാര്യമുള്ള ഒരു കഥയാണെന്നു വെച്ചോളൂ”
എന്നു പറഞ്ഞ് ഞാൻ തുടർന്നു.

ആരൊക്കെയോ വായിച്ചുമടക്കിയ പുസ്തകങ്ങൾ ഉയരമുള്ള റാക്കിൽ വെക്കാനായിരുന്നു രതിച്ചേച്ചി വിളിച്ചത്. പുസ്തകങ്ങളൊതുക്കുന്നതിനിടയിൽ കൈയിൽപ്പെട്ട ഒരു ബ്രെഡ്ടോസ്റ്റർ കണ്ട രതിച്ചേച്ചി പറഞ്ഞു. “അതെന്റെ കൂട്ടുകാരി സുമതി തന്നതാടോ. അവർക്കു കുറച്ചു പൈസക്കത്യാവശ്യം വന്നപ്പോ അവരിതും കൊണ്ടുവന്നിട്ട്, രതിയിതെടുത്തിട്ടെനിക്ക് ഒരായിരത്തഞ്ഞൂറു രൂപ തര്വോന്നു ചോദിച്ചു. എനിക്കിതൊന്നും വേണ്ട, താൻ പൈസ കൊണ്ടക്കോളൂന്ന് പറഞ്ഞിട്ട് ആ കുട്ടി കേട്ടില്യ. കാലം കൊറെയായി അതിവിടെയിരിക്കണു. ഞാനൊന്നുരണ്ടു തവണ നോക്കീട്ടും അതു വർക്കുചെയ്തില്ല”.

“അതുശരി, വർക്ക് ചെയ്യാത്ത സാധനാണോ നിങ്ങളീ വലിച്ചുകൊണ്ടന്നേക്കണേ”. നല്ലപാതി പിന്നേം ഇടക്കുകയറി.

“എന്റെ പൊന്നേ, അതുവർക്കു ചെയ്യും. ഇതു കഥയാണ്. പറയണോ വേണ്ടയോ?”
എന്നായി ഞാൻ.

“ഓ! എന്നാ പറഞ്ഞോ” എന്നവൾ

രതിച്ചേച്ചി തുടർന്നു.
“ആ കുട്ടീടെ കാര്യം ഭയങ്കര കഷ്ടാടോ. ഭർത്താവ് ഗൾഫിലായിരുന്നു. വല്യ സ്ഥിതീലൊക്കെ ജീവിച്ചതാ. കച്ചോടം നടത്തി പൊളിഞ്ഞപ്പോ മൂപ്പരു ഗൾഫിനു പോയതാ. രണ്ടു കൊല്ലം പണിയെടുത്തു തിരിച്ചുപോന്നു. ഞാനൊക്കെ അവസാനിപ്പിച്ചു പോരുവാണ്. നമ്മടെ കഷ്ടപ്പാടൊക്കെ ഇതോടെ തീർന്നൂന്നൊക്കെ ആ കുട്ടീനെ വിളിച്ചു പറഞ്ഞിട്ട് വന്നെറങ്ങീതാ. ഹാർട്ടറ്റാക്കായിരുന്നു. ആ കുട്ടീടെ മുന്നിലാ കുഴഞ്ഞുവീണത്. കൊണ്ടരാൻ പോയോര് നേരേ ആസ്പത്രീലോട്ടു കൊണ്ടോയി. അവടെത്തണേനു മുന്നേ ആളു മരിച്ചു. അതീപ്പിന്നെ ആ കുട്ടി വല്ലാത്ത ദാരിദ്ര്യത്തിലാ. അയാളെന്തുകണ്ടിട്ടാ കഷ്ടപ്പാടൊക്കെ തീരുംന്ന് പറഞ്ഞത്. ആരെങ്കിലും പൈസതരാനുണ്ടോ. വേറെവല്ല മൊതലൂണ്ടോ ഒന്നും ആ പാവത്തിനറിയില്ല. എന്താലേ ചെലരുടെയൊക്കെ ജീവതം” എന്ന് ഒരു നെടുവീർപ്പോടെ രതിച്ചേച്ചി പറഞ്ഞുനിർത്തി.
“ഹൊ! വല്ലാത്ത യോഗം” എന്നു ഞാനും തലയാട്ടി.

വീട്ടിലെത്തി കരണ്ടിൽ കുത്തിനോക്കീട്ടൊന്നും ടോസ്റ്ററു വർക്കുചെയ്തില്ല. അങ്ങനെ അതും, ഇല്ലാത്ത സ്ഥലത്ത് അങ്ങോട്ടുവെച്ച് ഇങ്ങോട്ടുവെച്ച് സ്ഥലം മുടക്കിയായി. പത്തു ദിവസത്തിനുള്ളിൽ ഒരാറു പ്രാവശ്യമെങ്കിലും, കണ്ണീക്കണ്ട വേസ്റ്റാെക്കെ എവടെക്കണ്ടാലും വലിച്ചുകൊണ്ടന്നോളുമെന്ന ശ്രീമതിയുടെ വാക്കുകേട്ടു സഹികെട്ടപ്പോഴാണ് സ്ക്രൂ ഡ്രൈവറും ചുറ്റികയുമൊക്കെയായി ഞാനൊരു പൊളിച്ചുപണിക്കിരുന്നത്. ഏതൊരു കേടായ സാധനവും അഴിച്ചുപൊളിച്ചുനോക്കി എങ്ങനേലുമൊക്കെ തട്ടിക്കൂട്ടിനോക്കുമ്പോൾ ശരിയാകുന്ന ഒരു കൈപുണ്യം പണ്ടേയുള്ളതിന്റെ ബലത്തിൽ പ്രതീക്ഷയോടെത്തന്നെ ഞാനതിൽ കൈവച്ചു. കഞ്ഞിവെക്കുന്ന വലിയ ഹീറ്ററിനു പോലും ഇത്ര ഭാരമില്ലല്ലോയെന്നോർത്ത് തുരുമ്പെടുത്ത സ്ക്രൂവെല്ലാം പാടുപെട്ടഴിച്ചും തട്ടിയൂരിയും അതിന്റെ മൂടിതുറന്നപ്പോൾക്കണ്ട കാഴ്ച്ചയിൽ ഞാൻ ശരിക്കും ഞെട്ടിത്തരിച്ചു പോയി. അതിനുള്ളിൽ കോയിലുകളോ വയറോ ഒന്നുമില്ലായിരുന്നു പ്ലാസ്റ്റർ വെച്ച് ബോഡിയോടു ചേർത്തൊട്ടിച്ച നിലയിൽ അടിയിലും മുകളിലുമായി ഇരുപത് സ്വർണ്ണ ബിസ്ക്കറ്റുകൾ..

“ഈശ്വരാ!.. കൊള്ളാലോ കഥ” എന്നായി അവൾ.
എന്റെ ഒരു കഥയും വായിക്കാത്തവൾ, ഞാൻ പറഞ്ഞ ഒരു കഥ കൊള്ളാമെന്നു പറഞ്ഞുകേട്ട സംതൃപ്തിയോടെ, ക്ലൈമാക്സെനിക്കുതന്നൊരു തൃപ്തിയായില്ലെങ്കിലും നാളെത്തന്നെ ഇതെഴുതണമെന്നുദ്ദേശിച്ച് ഞാൻ സുഖമായി കിടന്നുറങ്ങി.

രാവിലെ വെട്ടംവീഴുംമുന്നേ അസാധ്യ തട്ടുംമുട്ടുമൊക്കെക്കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. ചെന്നു നോക്കുമ്പോൾ എന്റെ ബ്രെഡ്ടോസ്റ്റർ നാലുകഷ്ണമായിക്കിടക്കുന്നു. പിറകിൽ തലയിൽ കൈവെച്ച് പാതിയുമിരിക്കുന്നു.

“അതൊരു കഥയാണെന്നു ഞാൻ പറഞ്ഞതല്ലേ, വല്ല കാര്യണ്ടായിരുന്നോ?”
ഞാൻ ചോദിച്ചു.

“കഥയാണെന്നു തോന്നണ്ടേ. മനുഷ്യനിന്നലെ രാത്രി കെടന്നൊറങ്ങീട്ടില്യ” എന്നവൾ.

Wooow! ഇതിലും വലിയൊരവാർഡെനിക്കെന്തു കിട്ടാനാണ്. മുഖത്തു പരമാവധി ശോകംവരുത്തി എന്റെ മനസ്സൊന്നു തുള്ളിച്ചാടി.
♨ ശിവോഹം ♨

By ivayana