രചന : സഫി അലി താഹ ✍
“അവളൊക്കെ പോക്കാ ന്നേ…..നമുക്ക് ജീവിക്കാൻ ഭർത്താവ് വേണ്ടെന്ന് പറഞ്ഞാണ് നടക്കുന്നത്. എന്നാലോ സന്ധ്യയായാൽ വാതിൽപ്പടിയിൽ ഊഴംകാത്ത് പകൽമാന്യന്മാരുടെ ചെരുപ്പുകൾ കിടക്കും. വെളുപ്പിന് തേങ്ങയിടാൻ പോയപ്പോഴാ കണ്ടത്.”
ഒറ്റപ്പെടലിന്റെ ആധികളോ വ്യായാമക്കുറവിന്റെ വ്യാധികളോ ഇല്ലാത്ത ഒരേ മനമുള്ള അഞ്ചു സഹോദരിമാർ എന്റെ നാട്ടിലുണ്ടായിരുന്നു.അവരെകുറിച്ചാണ് ഇതുപോലെ പ്രചരണം നടക്കുന്നത്.ആസഹോദരിമാരുടെ വീട്ടിലെ തേങ്ങ പറിക്കാൻ അതിരാവിലെ അവിടെയെത്തിയ ഗ്രാമവാസിയായ മനുഷ്യനാണ് ചെരിപ്പുകൾ കാണാനിടയായതും അതെല്ലാവരോടും നോട്ടീസില്ലാതെ പ്രചരിപ്പിച്ചതും.
സ്വാഭാവികമായും ഒന്നിൽനിന്നും മറ്റൊന്ന് പോലെ പരദൂഷണം വൈറസ് പടരുന്നതിനേക്കാൾ വേഗതയിൽ പടർന്നു.സത്യമാണോ കള്ളമാണോ എന്നറിയാതെ ഗ്രാമവാസികൾ ആശങ്കയിലായി.
അങ്ങാടിയിലെ ചായക്കടയിലിരുന്ന കോയക്കുട്ടി മാഷാണ് പറഞ്ഞത്, “ചിലപ്പോൾ സത്യമാകില്ല സത്യം ചെരുപ്പിട്ട് തുടങ്ങുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ ഉലകം ചുറ്റുമല്ലോ.!!എന്നാൽ കുറിച്ചേറെ പേര് അത് വിശ്വസിക്കാൻ തയ്യാറായി, എന്ന് മാത്രമല്ല കാര്യങ്ങൾക്ക് ചിറകും തുമ്പി കൈയും ദ്രംഷ്ട്രകളും വന്നുചേർന്നു.
“കിംവദന്തികൾ അറിഞ്ഞവർ ആ സ്ത്രീകളോട് അതിനെകുറിച്ച് ചോദിച്ചെങ്കിലും, സ്കൂളിൽ പോകാത്തതിനാൽ അനുഭവങ്ങൾ ചേർത്തുവെച്ച ജീവിതസത്യങ്ങളുടെ നിഘണ്ടുവിലെ കേട്ടാൽ അറയ്ക്കുന്ന ആട്ടും തുപ്പും കുടഞ്ഞിട്ട് സ്വാഭാവികമായി അവർ മുന്നോട്ട് പോയി. ഇന്നത്തെ പോലെ തോൽവികളിലും ആരോപണങ്ങളിലും സ്വയം കൊല്ലരുതെന്ന വലിയ പാഠം അദ്ധ്വാനശീലവും മറ്റുള്ളവരെ ഉപദ്രവിക്കാത്ത ചിന്താഗതിയും കൊണ്ട് അവർ നേടിയെടുത്തിരുന്നു. വർത്തമാനകാലത്തെ പല സംഭവങ്ങളും കാണുമ്പോൾ അല്ലെങ്കിൽ കേൾക്കുമ്പോൾ അവരെ കുറിച്ച് പറയാതിരിക്കാൻ കഴിയുന്നില്ല.
നീണ്ട പറമ്പിന്റെ അങ്ങേയറ്റത്ത് യാതൊരു ബഹളവുമില്ലാത്ത സാമാന്യം തരക്കേടില്ലാത്തൊരു വീടായിരുന്നു സഹോദരിമാരുടേത്.ഇല്ലായ്മയുടെയും വല്ലായ്മയുടെയും നിഴൽപ്പാടുകൾ ആ വീടിന്റെ സന്തോഷങ്ങളെ മറച്ചിരുന്നില്ല. അതിന് കാരണം അവരുടെ കഠിനാദ്ധ്വാനവും ആത്മവിശ്വാസവും തന്നെയായിരുന്നു.മറ്റുള്ളവരെ താരതമ്യം ചെയ്ത് സ്വപ്നങ്ങളുടെ പിറകെ കുതിരയെ പോലെ പായാൻ അവരുടെ മനസ്സിനെ അവർ സമ്മതിച്ചില്ല എന്നതും മറ്റൊരു കാരണമാണ്.
കശുമാവുകൾ അതിർത്തീർക്കുന്ന ആ പുരയിടത്തിൽ ചുറ്റാകെ വേലികെട്ടി സുരക്ഷിതമാക്കിയിരുന്നു.അവിടെ കപ്പയും ചേനയും ചേമ്പും യദേഷ്ടം നട്ടുവളർത്തിയിരുന്നു. തെങ്ങിൻ ചുവടുകൾ കിളയ്ക്കുവാൻ പോലും അവർ മറ്റൊരാളെ ആശ്രയിച്ചിരുന്നില്ല. ആകെപ്പാടെ വരുന്നത് തേങ്ങ വെട്ടാൻ വരുന്ന ആ മനുഷ്യനാണ്. അവരുടെ അദ്ധ്വാനഫലങ്ങൾ കടയിൽ കൊടുത്ത് അതിന് പകരമായി വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ബാർട്ടർ സമ്പ്രദായത്തെ അവർ സംരക്ഷിച്ചു പോന്നു.പകുതി മാത്രം നിറയുന്ന വയറുകൾ അവരുടെ സംതൃപ്തിയെ കെടുത്തിയില്ല.
ആഹാരം ഒരുമിച്ചൊരുക്കി ഒരുമിച്ച് വിളമ്പി ഒരുമയോടെ കഴിക്കുന്നത്കൊണ്ട് വയർ പൂർണ്ണമായി നിറഞ്ഞ പ്രതീതിയുണ്ടാക്കും. ഇല്ലായ്മകൾ അവരുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. അത്രയേറെ ആത്മവിശ്വാസത്തോടെ ഏതൊരു കാര്യവും ചെയ്യുവാൻ അവർക്ക് കഴിഞ്ഞിരുന്നു.
ഒരാൾക്ക് അസുഖം വന്നാൽ മറ്റുള്ളവർ മൗനികളാകും. കണ്ണിലെണ്ണയൊഴിച്ചെന്നു പറയുന്നത് പോലെ ഊഴംവെച്ച് അവർക്ക് കാവലിരുന്ന് ശുഷ്രൂഷിക്കും.
ആവശ്യമില്ലാതെ ആരുടേയും വീട്ടിലോ സ്വത്തുവകകളിലോ കടന്നുകയറാത്ത അവർ മറ്റുള്ളവരിൽനിന്നും ആ മര്യാദ പ്രതീക്ഷിച്ചിരുന്നു. അതിന് വിഘ്നം വരുത്തുന്ന മനുഷ്യരെ അവർ നക്ഷശിഖാന്തം എതിർത്തുപോന്നു…..
ഓരോ വീട്ടിലെയും ഗൃഹനാഥൻ പുറത്തുപോയി അദ്ധ്വാനിച്ച് വീട്ടു സാധനങ്ങൾ വാങ്ങി, തന്റെ പ്രിയതമയെ പലവിധത്തിൽ സഹായിച്ചാലും എന്നും പരാതികളുടെ വിഴുപ്പ് ഭാണ്ഡങ്ങൾ ഓരോ വീട്ടിലെയും അടുക്കളയിൽ ചീഞ്ഞുനാറികൊണ്ടിരിക്കുന്നത് എനിക്ക് തൊട്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട് .സന്തോഷം നിറയേണ്ട മുറികളിൽ കണ്ണുകളിൽനിന്നും ഉപ്പുനീരിറ്റി കട്ടിൽക്കാലുകൾ ദ്രവിച്ചുകൊണ്ടിരിക്കുന്നു . അപ്പോഴും ആരുടേയും സഹായമില്ലാതെ അഞ്ചുപെണ്ണുങ്ങൾ നിറഞ്ഞ സന്തോഷത്തെ വീടകത്ത് കുടിയിരുത്തി എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടിരുന്നു.
ഇതിന്റെയെല്ലാം രഹസ്യം അസമയത്തെ ആ ചെരിപ്പുകളാണെന്ന് ഓരോരുത്തരും വിശ്വസിച്ചു.പലരും അതൊക്കെ മനസ്സിൽ വെച്ച് പെരുമാറിയെങ്കിലും ആ സഹോദരിമാരെ വിഷമിപ്പിക്കാൻ അതിനൊന്നും തെല്ലും ശക്തിയുണ്ടായിരുന്നില്ല.
ചാഞ്ഞുനിൽക്കുന്ന പേരമരത്തിൽ കുട്ടിമനസ്സിന്റെ ആകാംക്ഷയടക്കാൻ കഴിയാതെ ആ വീട്ടിലേക്ക് ചുഴിഞ്ഞുനോക്കിനിന്ന് മടുത്ത എനിക്ക് അവസാനം അവിശ്വസനീയമായ ഒരു കാഴ്ച കാണേണ്ടി വന്നു. വാതിൽ തുറന്ന് പുരുഷന്മാരുടെ കുറെയേറെ ചെരുപ്പുകൾ ആ സഹോദരിമാർ പടികളിൽ കൊണ്ടിടുന്നതായിരുന്നു അത്.
ഉശിരുള്ള പുരുഷന്മാർ വീട്ടിലുള്ളതിന് പുറമെ നായ്ക്കളെ കാവൽനിർത്തി ഓരോ വീടും തങ്ങളുടെ സുരക്ഷിതത്വം നിലനിർത്തിയപ്പോൾ പുരുഷന്മാരുടെ ചെരുപ്പുകൾ പുറത്തിട്ട് പുരുഷസാന്നിദ്ധ്യം അവിടെയുണ്ടെന്ന് വരുത്തിതീർക്കുകയാണിവർ ചെയ്യുന്നതെന്നോർത്തപ്പോൾ അവരോടുള്ള എന്റെ ബഹുമാനം എത്രത്തോളം കൂടിയെന്ന് പറയുക അസാധ്യമാണ്. മാത്രമല്ല അവരുടെ വീടകത്തിന്റെ സന്തോഷം ആ തെളിമയുള്ള മനസ്സുകൾ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.
അപ്പുറത്തെ വീടിന്റെ പടിക്കെട്ടിൽ അന്ന് രാത്രിയും മൂന്ന് ജോഡി ചെരുപ്പുകളിട്ട് അവർ വാതിലടച്ച് വിളക്കുകൾ അണയ്ക്കുന്നതിന് പിന്നെയെന്നും ഞാൻ സാക്ഷിയായി.