രചന : ലത അനിൽ ✍
അക്ഷരങ്ങളക്ഷയപാത്രങ്ങൾ.
അക്ഷരങ്ങൾ ചിരകാലബന്ധുക്കൾ.
മണ്ണിൽ തൊട്ട്,വിരലുമകവു० നൊന്ത,മ്മയെന്നാദ്യമറിഞ്ഞു.
അച്ഛനുമമ്മയും ഭൂമി,യാകാശവു० തീരാപ്പാഠങ്ങളെന്നറിഞ്ഞു.
അണിയാൻ ശ്രമിക്കെ, പൊട്ടുന്ന കുപ്പിവളകളായ്
ചില്ലേറ്റു ചോര വാർന്നു०, കൊത്തങ്കല്ലു കളിപ്പിച്ചു०
എന്നോ നിലാവിന്റെ കവാടം തുറന്നവർ.
ഇലപ്പച്ച, മലർഗന്ധ०, വേരാഴ० ,
പുഴയുമാഴിയുമിപ്പറവകളൊക്കെയു० വ്യഞ്ജനങ്ങൾ ,
നീ സ്വരാക്ഷരമാകുകെന്നു ഗുരുക്കന്മാർ.
ചിത്തമാ० പത്തായ० നിറച്ച അക്ഷരധാന്യങ്ങൾ.
വാക്കൊന്നു പഠിക്കവേയതിൽ ഉപ്പു രുചിക്കുന്നു ,
സാഗരസ०ഗീതമുയരുന്നു.
വാക്കു മധുരിക്കുന്നു,തേനറകളിലാഷാഢമൊരുങ്ങുന്നു.
വാക്കു കയ്ക്കുന്നു , പനി തൊട്ട നാവാൽ ചവയ്ക്കാതെ വിഴുങ്ങിപ്പോകുന്നു.
അരുതെന്നോതാൻ ജനനിയായി,
ഉയരെന്നോതാൻ താതനായി,
ഉരുകരുതെന്നോതാൻ ഗുരുവായി,
അരികത്തുണ്ടെന്നു കാമുകനായി
വാക്കുമർത്ഥവു० കൂടെ നടക്കുന്നു.
എന്നിട്ടു० ചില്ലക്ഷരമായി ഞാനൊതുങ്ങുന്നു.