രചന : സതി സുധാകരൻ പൊന്നുരുന്നി.✍
അറബിക്കടലിൻ്റെ റാണിയായ കൊച്ചി .
കൊച്ചി കണ്ടാൽ അച്ചി വേണ്ടെന്നു പറയുന്ന നമ്മുടെ പ്രിയപ്പെട്ട കൊച്ചിയുടെ കണ്ണിൽ നിന്നും ഉരുണ്ടു വീഴുന്നത് സങ്കടക്കണ്ണുനീരോ? കൊച്ചിയിലെ കൊതുക് നാടൊട്ടുക്ക് പേരുകേട്ടതാണെങ്കിലും മഹാരോഗങ്ങളൊന്നും കൂടുതലായിട്ട് ഉണ്ടാകാറില്ല .മൂളിപ്പാട്ടും പാടി ഇടയ്ക്ക് ഒരു കുത്തും തന്നിട്ട് പോകും എന്നു മാത്രം ..നേരെ മറിച്ച് നാട്ടിൻ പുറത്തെ റബ്ബർ തോട്ടത്തിലും ജാതിത്തോട്ടത്തിലും ഉള്ള കൊത്ക് ഇത്തിരി വീരപരാക്രമിയാണ്. ഡങ്കിപ്പനിയും സാധാരണ പനിയുടേയും വിത്തു വിതച്ചിട്ടേ പോകാറുള്ളു കൂടാതെ ചൊറിച്ചിലും… “
“കൊച്ചിയിലെ കൊതുക് കൊച്ചിക്കാരെപ്പോലെ ശാന്തരാണ്.”
ഇത്രയും നാൾ നമ്മുടെ കൊച്ചിയെ കടൽ വാരിക്കൊണ്ടു പോകും എന്നുള്ള പറച്ചിലായിരുന്നു.അതു കേട്ടു പേടിച്ച് എപ്പോഴാണോ തിരമാലകൾക്കിടയിലൂടെ നീന്തിത്തുടിച്ച് നടക്കുന്നത് എന്നോർത്ത് പേടിച്ചിരിക്കുമ്പോഴാണ് കുടിവെള്ളത്തിന് കേണു കൊണ്ടിരുന്നത്.അതിനു കുറച്ചൊരു ശമനം വന്നപ്പോഴാണ് ഗ്യാസ്സിൻ്റെ പൈപ്പ് ലൈൻ കണക്ഷനു വേണ്ടി റോഡായ റോഡും, വീടായ വീടും മുഴുവൻ കുത്തിപ്പൊളിച്ച് പൊടികൊണ്ട് ആറാടി മൂക്കും വായും പൊത്തി നില്ക്കുന്ന അവസ്ഥയിലാണ് നമ്മുടെ ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് .എത്രയോ പേരുടെ കഠിന പ്രയത്നം ഉണ്ടായിട്ടു പോലും തീയണയ്ക്കാൻ പറ്റിയിട്ടില്ല.
പുക പടലങ്ങൾ സൂര്യനേയും മറച്ച് പുകച്ചുരുളുകൾ അന്തരീക്ഷത്തിലേയ്ക്കുയർന്ന് വായു വിനെ മലിനമാക്കുന്നു. പാവം സൂര്യൻ ശ്വാസം മുട്ടി ചുവന്നു തുടുത്ത് പുഞ്ചിരിയൊന്നുമില്ലാതെ വിഷാദത്തോടെ നില്ക്കുന്നു. സൂര്യന് ശ്വാസം മുട്ടുന്നുണ്ടോ ആവോ?
മലിനവായു, ജീവജാലങ്ങളെല്ലാം ശ്വസിക്കുന്നു. എന്തെല്ലാം അസുഖങ്ങൾ വന്നു കൂടുമെന്ന് പറയാൻ പറ്റില്ലല്ലൊ.കുറ്റം കണ്ടു പിടിക്കാൻ ഓരോരുത്തരും മിടുക്കരാണ്.എല്ലാവരും സഹകരിച്ചു നിന്നാലെ ഇതിനൊരു പരിഹാരം കാണാൻ കഴിയൂ.
നമ്മുടെ നാടിൻ്റെ അഭിവൃദ്ധിയിൽ അസൂയ മൂത്ത്, കത്തിക്കഴിഞ്ഞ സിഗററ്റ് കുറ്റി വലിച്ചെറിഞ്ഞതാണോ എന്നാർക്കറിയാം.
എന്തായാലും ഒന്നും അറിയാത്ത പാവം ജനങ്ങൾ നല്ല പ്രാണവായുവിനു വേണ്ടി കേഴുന്നു.
കൊച്ചി കണ്ടവനച്ചിവേണ്ട എന്ന പഴഞ്ചൊല്ല് തിരുത്തിക്കുറിക്കുമോ?
അന്നം തന്നു വളർത്തിയ കൊച്ചിയെ വിട്ട് എവിടെ പോകാൻ.