രചന : സണ്ണി കല്ലൂർ✍
ഫസ്റ്റ് ഷോ കഴിഞ്ഞു… ഇന്ന് സിനിമക്ക് ആളു കുറവായിരുന്നു. കൂട്ടുകാരോട് യാത്ര പറഞ്ഞ് അയാൾ വീട്ടിലേക്ക് വേഗത്തിൽ നടക്കുകയാണ്.
ഇരുട്ടുപക്ഷം.. വഴിയിൽ ആരും ഇല്ല. കൽപൊടിയും ഉരുളൻകല്ലും വിതറിയ നാട്ടുവഴിയിൽ തൻറ കാൽ പതിയുന്ന ശബ്ദം മാത്രം. ഒരു ഭാഗത്ത് റബർതോട്ടം, ദൂരെ ഒരു വിളക്ക് കാണുന്നുണ്ട്. സ്ഥിരം പോകുന്ന വഴി.
കലുങ്കിനടുത്ത് അനക്കം പോലെ തോന്നി.. അയാൾ സൂക്ഷിച്ചു നോക്കി.
പതിവില്ലാതെ ആരാണ് ഈ സമയത്ത് അവിടെ ഇരിക്കുന്നത്. വേഗത കുറക്കാതെ നടന്നു.
തീപ്പെട്ടിയുണ്ടോ.. കലുങ്കിൽ ഇരുന്ന മനുഷ്യൻറ ചോദ്യം..
അയാൾക്ക് സമാധാനമായി.. അവിടെ നിന്നു.. കീശയിൽ നിന്നും തീപ്പെട്ടി എടുത്ത് നീട്ടി.
ആ രൂപം പതിയെ എഴുന്നേറ്റ് തീപ്പെട്ടി വാങ്ങിച്ച ഉരച്ചു. കത്തിച്ചു. ഒരു പഴയ ഇൻലൻറ് ആഗതൻറ നേരെ നീട്ടി ചോദിച്ചു.
ഈ സ്ഥലം അറിയുമോ…..
തീപ്പെട്ടി വെളിച്ചത്തിൽ അയാൾ അഡ്രസ് വായിച്ചു.
ശ്രീ ചേകരൻ. മുറുക്കാൻ കട അമ്പലത്തിന് മുൻവശം തിരുതേൻ വയൽ.
എനിക്കറിയാം പോകുന്ന വഴിയിലാണ്
ഞാനും കൂടെ വരട്ടെ….
അതിനെന്താ.. സ്ഥലം ഞാൻ കാണിച്ചു തരാം… അയാൾ
എഴുത്ത് തിരിച്ചു കൊടുത്തു. നടന്നു.
അവിടെ ആരെ കാണാനാണ്….. ചേകരൻചേട്ടൻ മരിച്ചിട്ട് ഏഴു വർഷമായി. ഇന്ന് മുറുക്കാൻ കട നടത്തുന്നത് അയാളുടെ അനിയനാണ്. ഇപ്പോൾ അടക്കാൻ വഴിയില്ല.
ചേകരനെ പരിചയമുണ്ടോ…..
പിന്നെ നല്ല പരിചയം.. സ്കൂളിൽ പഠിക്കുമ്പോൾ വറുത്ത കടലയും സർബത്തും ഞങ്ങൾ അവിടെ നിന്നാ വാങ്ങിക്കുന്നേ.. നല്ല ചൂടത്ത് മോരും വെള്ളവും. ബുക്കും പെൻസിലും കച്ചിയും എല്ലാം അവിടെയുണ്ട്. അങ്ങേര് വെറുതെ ഇരിക്കില്ല. ഇടക്ക് കയർ പിരിച്ചു കൊണ്ടിരിക്കും.
അതു ശരി… കടയുടെ കിഴക്കുഭാഗത്ത് രണ്ടുനില വീട് അവിടെ നല്ല ഉയരമുള്ള ടീച്ചർ അവർ ഇവിടത്തെ സ്കൂളിലായിരുന്നു. അപരിചിതൻ
പിന്നെ പിന്നെ. കാർത്തിമ്മാൾ.. നെറ്റിയിൽ വലിയ കറുത്ത പൊട്ട്. എല്ലാവരോടും സ്കൂളിൽ പിള്ളേരോട് സംസാരിക്കുന്ന പോലെയാ വിശേഷം പറയുന്നത്. അയാൾ ചിരിച്ചു. അവരുടെ ഭർത്താവ് മരിച്ചു പോയി, ഇപ്പോൾ മകൻറ കൂടെ പാലക്കാട്ടാണ് താമസം .. വീട് വാടകയ്ക്ക് കൊടുത്തിരിക്കയാ…
അപ്പോൾ അവർ ഇവിടെ ഇല്ല…. ഞാൻ കുറേ നാളായി യാത്രയിലായിരുന്നു. ഒന്നു രണ്ട് പരിചയക്കാരെ കാണണം, ഉൽസവം കഴിഞ്ഞിട്ട് അടുത്താഴ്ച തിരിച്ചു പോകണം.
കൊള്ളാം കട അടച്ചിട്ടില്ല, പിന്നിൽ കാണുന്നതാണ് അമ്പലം. ഞാൻ അങ്ങോട്ട് വരുന്നില്ല. ഇതിലേ പോകുമ്പോൾ അവസാനത്തെ വീട് ആണ് എൻറേത്.. ശരി. അയാൾ പറഞ്ഞു.
വളരെ ഉപകാരം… ആ രൂപം മറുപടി പറഞ്ഞു നേരെ കടയിലേക്ക് നടന്നു.
അയാൾ വലത്തേക്ക് തിരിഞ്ഞ് ഇടവഴിയിലേക്ക് കടന്നു. ഇരുട്ട് കൂടിയതു പോലെ…
അകലെ ചെണ്ട കൊട്ടുന്ന ശബ്ദം പുഴക്ക് അക്കരെ ആയിരിക്കണം. നല്ല ക്ഷീണം സിനിമാകോട്ടയിലിരുന്നു വിയർത്തു കുളിച്ചു.
അയാൾ താക്കോലെടുത്ത് വാതിൽ തുറന്നു. അകത്തേക്ക് കയറി. വിളക്ക് കത്തിക്കാൻ പോക്കറ്റിൽ തീപ്പെട്ടി തപ്പി…
ഓ….. തീപ്പെട്ടി തിരിച്ചു വാങ്ങിയില്ല. അടുക്കളയിലേക്ക് നടന്നു. ഭിത്തിയിലെ തട്ടിൽ നിന്നും തീപ്പെട്ടിയെടുത്ത് വിളക്ക് കത്തിച്ചു.
വസ്ത്രം മാറി തലയിൽ എണ്ണ തേച്ചു. സോപ്പു പെട്ടിയുമെടുത്ത് കിണറിനടുത്തേക്ക് പോകുവാൻ പിൻവാതിൽ തുറന്നു.
മുൻ വശത്തെ വാതിലിൽ മുട്ടുന്ന സ്വരം കേട്ടു
അയാൾ തിരിച്ച് നടന്നു… ആരാ .. എന്ന് ഉറക്കെ ചോദിച്ചു.
ഞാനാ.. തീപ്പെട്ടി തിരിച്ചു തരാൻ വന്നതാ..
അതു സാരമില്ല. ആ തിണ്ണയിൽ വച്ചേക്കു. അയാൾ പറഞ്ഞു.
ശ്ശെടാ.. തന്നോട് ഇയാൾ ഇത്ര നേരം സംസാരിച്ചിട്ടും കൂടെ നടന്നിട്ടും മുഖം ശരിക്ക് കണ്ടില്ലല്ലോ…. താനെന്ത് മനുഷ്യനാണ്.
വാതിൽ തുറക്കാതെ ജനലിനടുത്തേക്ക് നടന്നു.
അയാൾ പോയികാണും, ശബ്ദമൊന്നും കേൾക്കുന്നില്ല.
ജനലിലൂടെ പുറത്തേക്ക് നോക്കിയതും മുറ്റത്ത് തന്നെ നോക്കി കൊണ്ട് ചേകരൻചേട്ടൻ നിൽക്കുന്നു. കൈയ്യിൽ സർബത്ത് ഗ്ലാസ്സ്.
ജനലഴികളിൽ നിന്നും അയാളുടെ കൈവിരലുകൾ അയഞ്ഞു
ഭാരം കുറഞ്ഞ പോലെ… പതിയെ പിന്നിലേക്ക് മറിഞ്ഞു….