രചന : ശ്രീകുമാർ എം പി ✍
ചിരിയെന്നും ചൊരിയുന്ന
കൃഷ്ണാ തിരയെല്ലാമടങ്ങിയ ദേവ
തിരനോട്ടമാടിയകന്നു മാറി
തിരശ്ശീലയ്ക്കപ്പുറം നില്പല്ലെ !
മഹിത മനോഹരം നിൻ ചരിതം
മണ്ണിലെ പൊന്നായി തിളങ്ങുന്നു
മാധവകഥകൾ പാടിടുന്ന
മാലോകരാമോദം കൊണ്ടീടവെ
മാധവഹൃദയം വിതുമ്പിനിന്നൊ
ആരുമതൊട്ടുമെ കണ്ടതില്ല
കദന വഴികൾ താണ്ടിയങ്ങ്
കണ്ണീർപ്പുഴകൾ ചിരിച്ചു നീന്തി
കർമ്മപാശത്തിൽ കുരുങ്ങിടാതെ
കർമ്മബന്ധങ്ങളഴിച്ചു ദേവൻ
കർത്തവ്യമുജ്ജ്വലം ധർമ്മനിഷ്ഠം
കൃത്യം കമനീയകാവ്യാത്മകം !
പ്രൗഢം ഹൃഷീകേശ സന്ദേശങ്ങൾ
പാരിലെ പാർവ്വണ ശശിബിംബം !
സോദരരാറിനേം കൊന്നൊടുക്കി
ശോണിതമാക്കിയ ബാല്യകാലം
അമ്മയുമച്ഛനുമകലെയായ്
ശൈശവമമ്പാടി തന്നിലായ്
മഥുരയിൽ നിന്നും മധുരമല്ല
മരണം മാതുലനയയ്ക്കവെ
ഭീതി പടർന്നയാ നാളുകളിൽ
ഭഗവാനു ഭീതിയന്യമല്ലൊ
അമ്പാടിയിൽ നിന്നകന്നു പിന്നെ
വൃന്ദാവനത്തെയും വിട്ടുപോയി
രാഗാർദ്ര രാധയെ വേർപിരിഞ്ഞു
രാക്കിളി പോലവെ വേണുവൂതി
കദനമൊ കൃഷ്ണവർണ്ണമായി
കായം കമനീയകാന്തിമയം!
മനസ്സിൻ മധുര പ്രയാണമായ്
മധുവൊഴുക്കിയാ വേണുഗാനം
കാളിന്ദിയാറ്റിലഹങ്കാരത്തിൻ
പത്തിയമർത്തിയ ചിലമ്പൊലി
ഒരു മുളന്തണ്ടിലൂടൊഴുകും
ഒരു ദിവ്യരാഗമധുരഗീതം
ഒരു തുണ്ടുഭൂമിക്കു ധാർഷ്ട്യത്തിന്റെ
മുന്നിൽ കെഞ്ചിയ ദൂതനാദം
പാതി തളർന്ന പാർത്ഥൻ ഭാരത
യുദ്ധം ജയിച്ച വിജയഗീത
കുരുക്ഷേത്രഭൂമിയിൽ നിന്നുയരും
പാഞ്ചജന്യത്തിന്റെ ശംഖനാദം
അധർമ്മസിംഹാസനങ്ങൾ വീഴ്ത്തി
ധർമ്മത്തെ വാഴിച്ചു പിൻമാറി
നിസ്വനായ് നീങ്ങുന്ന ഭഗവാന്റെ
പദസ്വനങ്ങളും കേട്ടുവല്ലൊ
ചിരിയെന്നും ചൊരിയുന്ന കൃഷ്ണാ
തിരയെല്ലാമടങ്ങിയ ദേവ
തിരനോട്ടമാടിയകന്നുമാറി
തിരശ്ശീലയ്ക്കപ്പുറം നില്പല്ലെ.