രചന : ഒ.കെ.ശൈലജ ടീച്ചർ✍
പ്രകൃതിസുന്ദരമായ വിഷ്ണുമംഗലം ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ കൂലിപ്പണിക്കാരനായ രാഘവന്റേയും വീട്ടമ്മയായ കൗസല്യയുടേയും മൂന്ന് മക്കളിൽ മൂത്തവളായിരുന്നു രമ.
അഞ്ച് വയറുകൾ പോറ്റാനായിട്ടെന്നും അതിരാവിലെ ജോലിക്ക് പോകുന്ന രാഘവൻ തിരിച്ചുവരുന്നത് ഭക്ഷണത്തിന് വേണ്ട സാധനങ്ങളും, മക്കൾക്ക് പലഹാരപ്പൊതിയുമായിട്ടായിരുന്നു.
പക്ഷേ രാഘവനൊരു കുഴപ്പമുണ്ട് കേട്ടോ
അല്പമൊന്ന് വീശണം. അത് പതിവായത് കൊണ്ട് കൗസല്യയും മക്കളുമതങ്ങ് സഹിക്കുകയായിരുന്നു. ചില ദിവസങ്ങളിൽ എത്തിയ ഉടനെയങ്ങ് കേറി കിടക്കും. ചില ദിവസങ്ങളിൽ മക്കളെ അടുത്തിരുത്തി കൊച്ചു വർത്തമാനങ്ങളൊക്കെ പറയും.
കുടുംബത്തിലെ മൂത്തവളായ രമ അമ്മയോടൊപ്പം അടുക്കളപ്പണിയിലും, അടുക്കളത്തോട്ടത്തിലും അമ്മയെ സഹായിക്കും. തന്റെ ഇളയവരെ കുളിപ്പിക്കാനും പഠിപ്പിച്ചു കൊടുക്കാനും ശ്രദ്ധിച്ചിരുന്നു.
ഇതൊക്കെയാണേലും പഠിത്തത്തിലും രമ മുന്നിലാണ് കേട്ടോ . ക്ലാസ്സിൽ അവളാണ് ഒന്നാം സ്ഥാനം.
അദ്ധ്യാപകർക്ക് വളരെ സ്നേഹമായിരുന്നു രമയോട് .എല്ലാ കാര്യങ്ങൾക്കും അവൾ സ്മാർട്ടാണ്.
അങ്ങനെ പത്താം ക്ലാസ്സ് ഫുൾ എ പ്ലസ്സോടെ രമ പാസായതറിഞ്ഞപ്പോൾ ആ കൊച്ചു വീട്ടിൽ മാത്രമല്ല ആ ഗ്രാമം തന്നെ സന്തോഷിച്ചു. രാഘവനും കൗസല്യയും മോളെയും കൂട്ടി അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. ദൈവത്തിനോട് നന്ദി പറഞ്ഞു.
അവർ അമ്പലത്തിൽ നിന്നും വരുന്ന വഴി ആ നാട്ടിലെ പണക്കാരനായ ദാമോദരനും അയാളുടെ ഭാര്യയും അമ്പലത്തിലേക്ക് പോകാനായി വരുന്നു.
വളരെ സന്തോഷത്തോടെ വരുന്ന രാഘവനേയും കുടുംബത്തെയും കണ്ടപ്പോൾ ദാമോദരന്റെ മുഖത്തൊരു പുച്ഛഭാവം വിടർന്നു.
“എങ്ങോട്ടാടോ താൻ രാവിലെ തന്നെ”
ദാമോദരന്റെ ചോദ്യത്തിന് സന്തോഷത്തോടെ രാഘവൻ പറഞ്ഞു” സാറേ എന്റെ മോള് വലിയ മാർക്കോടെ പത്താം ക്ലാസ്സ് പാസായിരിക്കുന്നു. അമ്പലത്തിൽ പോയി വരുകയാ”
ഓ …. ഇതാണോ ഇത്ര ആനക്കാര്യം. നിന്റെ മോള് പഠിച്ചിട്ട് തന്നെയാണോ ജയിച്ചത്. അല്ലെങ്കിൽ വല്ലവളുടേയും കോപ്പിയടിച്ചതായിരിക്കും. ഉം അല്ലാതെ പള്ളിക്കൂടത്തിന്റെ പടി കാണാത്ത നിന്റെ മോള് ജയിക്ക്യേ … നടക്കട്ടെ”
ഇത്കേട്ട് രാഘവനും കൗസല്യയ്ക്കും വല്ലാത്ത വിഷമമായി. അവരുടെ സങ്കടം കണ്ടപ്പോൾ രമ അവരെയാശ്വസിപ്പിച്ചു.” സാരമില്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ. നിങ്ങളതൊന്നും കാര്യമാക്കേണ്ട . അസൂയകൊണ്ട് പറയുന്നതാ. ഞാനിതൊന്നും കാര്യമാക്കുന്നില്ല. എനിക്ക് തുടർന്നുപഠിക്കണം നമുക്ക് അതിനുള്ള വഴിയാണ് ഇനി ആലോചിക്കേണ്ടത്”.
പരിഹസിക്കുന്നവരുടെ മുന്നിൽ തോല്ക്കില്ലെന്നവൾ സ്വയം പറഞ്ഞുകൊണ്ട് ദൈവത്തിനോട് നൊന്തു പ്രാർത്ഥിച്ചു.
അവളും അമ്മയോടൊപ്പം കുടുംബശ്രീയിൽ ചേർന്നു. അതിൽ നിന്നും ചെറിയ സംഖ്യ ലോണെടുത്തു ഒരു സംരംഭം തുടങ്ങി.
അതിരാവിലെ എഴുന്നേറ്റു അമ്മയും മകളും ചേർന്ന് പലഹാരങ്ങൾ ഉണ്ടാക്കും. അത് കഴിഞ്ഞ് രമ സ്ക്കൂളിലേക്കും അമ്മ ടൗണിലേക്കും പോകും. ടൗണിലെ ചായക്കടകളിൽ പലഹാരം കൊടുത്തു അതിന്റെ പൈസയും കൊണ്ടുവരും. അതിൽ നിന്നും കിട്ടുന്ന ലാഭം അവൾ ലോണടയ്ക്കുകയും ബാക്കി കുടുംബശ്രീയിൽ നിക്ഷേപിക്കുകയും ചെയ്തു.
രമ ഡിഗ്രി കഴിഞ്ഞു. ഇളയവരേയും പഠനത്തിൽ സഹായിച്ചു. അതിനിടയിൽ രാഘവന് ജോലിക്കിടയിൽ കാലിന് പരിക്ക് പറ്റിയത് കാരണം വീട്ടിൽത്തന്നെയായി.
ഇതൊന്നും രമയെ തളർത്തിയില്ല. അവളുടെ ഉത്സാഹം കണ്ടപ്പോൾ ആ കുടുംബത്തിലുള്ളവർക്കാശ്വാസമായി.
അതിനിടയിൽ അവൾ ബിഎഡ്ഡിന് ചേർന്നു. പലഹാരനിർമ്മാണം വിപുലീകരിച്ചു. അച്ഛനും അമ്മയോടൊപ്പം ചേർന്നപ്പോൾ രമ സമീപത്തെ വീട്ടിലെ കുട്ടികൾക്ക് ട്യൂഷൻ കൊടുത്തു തുടങ്ങി.
അക്കൂട്ടത്തിൽ തന്നെ പരിഹസിച്ച ദാമോദരന്റെ കൊച്ചുമകനുമുണ്ടായിരുന്നു. മഹാകുസൃതിയായിരുന്നു അഭിലാഷ്. എല്ലാ വിഷയത്തിലും കുറഞ്ഞമാർക്ക് . വികൃതിയിൽ കേമനും. ആദ്യമൊക്കെ രമ പറയുന്ന തൊന്നും ചെവിക്കൊടുക്കില്ലായിരുന്നു.
രമയുടെ സ്നേഹത്തോടെയുള്ള സമീപനത്തിൽ അഭിലാഷിന്റെ വികൃതി അല്പം കുറഞ്ഞു പഠനത്തിൽ ശ്രദ്ധിച്ചു തുടങ്ങി.
അത്വരെ ഓരോ വിഷയത്തിലും പത്തിൽ താഴെ മാർക്ക് വാങ്ങിയ അഭിലാഷ് ഓണപ്പരീക്ഷയിൽ എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസായി.
ഇത് കണ്ടപ്പോൾ ദാമോദരന് പശ്ചാത്താപം തോന്നി. ഇത്ര നല്ല കഴിവുള്ള കുട്ടിയെ ആണല്ലോ താനന്ന് ആക്ഷേപിച്ചത് ! എന്നിട്ടും തന്റെ വികൃതിയും മടിയനുമായ കൊച്ചുമകനെ പഠനത്തിൽ കേമനാക്കിയല്ലോ.
അയാൾ രമയുടെ വീട്ടിലെത്തി രാഘവനെ കണ്ടു. അവരുടെ സ്ഥിതി കണ്ടപ്പോൾ വലിയ പ്രയാസം തോന്നുകയും ചെയ്തു.
“എടോ രാഘവാ താൻ ഭാഗ്യവാനാണെടോ. തന്റെ മോൾ മിടുക്കിയാണ് കേട്ടോ . മോളുടെ പഠനത്തിന് ഞാൻ സഹായിക്കാം.”
“വേണ്ട സാറെ ഞങ്ങൾ തന്നെ അതിനുവേണ്ടി കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കുന്നുണ്ട്.”
ശരി എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാൻ മറക്കണ്ട . മടിയും വേണ്ട കേട്ടോ .”
ദാമോദരന് മാറ്റം വന്നതിൽ ആ ദമ്പതികൾ അത്ഭുതപ്പെട്ടു.
കാലം കടന്നുപോയി. ഋതുക്കൾ മാറിമാറി വന്നത് പോലെ രമയുടെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വന്നു.
തനിക്കെന്നും തുണയായ മാതാപിതാക്കളുടെ വേർപാടിൽ അവൾ തളർന്നുപോയെങ്കിലും തന്റെ സഹോദരങ്ങൾക്കവൾ രക്ഷിതാവായി.
രമ്യയേയും രാഗേഷിനെയും പഠിപ്പിക്കേണ്ട ചുമതല കൂടി വന്നതോടെ എത്രയും വേഗം നല്ലൊരു ജോലി നേടേണ്ടത് ആവശ്യമായി വന്നു.
അടുത്തുള്ള സ്ക്കൂളിൽ അവൾക്ക് ജോലികിട്ടി. അതിനുവേണ്ടി സഹായിച്ചത് ദാമോദരനായിരുന്നു. തന്നെ ഒരു സമയത്ത് പരിഹസിച്ച ദാമോദരന് വന്ന മനംമാറ്റത്തിനു കാരണം രമയുടെ നല്ല സ്വഭാവവും കഴിവും കൊണ്ട് അഭിലാഷ് പത്താം ക്ലാസ്സ് ഫുൾ എ പ്ലസ്സോടു കൂടി പാസായതായിരുന്നു.
: നാട്ടുകാർക്ക് പ്രിയങ്കരിയായ രമ ടീച്ചർ അവധിദിവസങ്ങളിൽ ആ നാട്ടിലെ പാവപ്പെട്ട കുട്ടികൾക്ക് ട്യൂഷൻ കൊടുത്തുതുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടർന്നു പഠിക്കാനാവാതെ വിഷമിക്കുന്നവർക്ക് സൗജന്യമായി വിദ്യ പകർന്നു കൊടുക്കാൻ തുടങ്ങിയത് വാർഡ്മെമ്പറുടെ ശ്രദ്ധയിൽ പെട്ടു. ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു.
ആ കൂട്ടത്തിൽ അക്ഷരമെഴുതാനും വായിക്കാനും പ്രയാസമുള്ള പ്രായമായവർക്കും അക്ഷരാഭ്യാസം നൽകി. മുഴുവൻ സമയം അവൾ ആ നാടിന്റെ അദ്ധ്യാപികയായി .ഒപ്പം തന്നെ വൃദ്ധരായ രോഗികൾക്കാശ്വാസമായി പാലിയേറ്റീവ് പ്രവർത്തനവും തുടങ്ങി.
ഇതിനിടയിൽ രമയുടെ അനിയത്തി രമ്യ എംകോം പാസായി. ഒരു ദിവസം രണ്ടു പേർ അവരുടെ വീട്ടിൽ വന്നു. രമ്യയ്ക്ക് വിവാഹാലോചനയുമായി വന്നതായിരുന്നു.
അപ്പോഴാണ് തന്റെ അനിയത്തിക്ക് വിവാഹ പ്രായമെന്നും തന്റെ വിവാഹത്തെപ്പറ്റി താനിത്വരെ ചിന്തിച്ചിട്ടില്ലല്ലേ എന്ന് അവളോർത്തത്.
രമ്യയും സുഭാഷും തമ്മിൽ ഇഷ്ടത്തിലാണെന്നും അവരുടെ വിവാഹം നടത്തിക്കൊടുക്കണമെന്നും സുഭാഷിന്റെ കൂടെ വന്ന സുഹൃത്ത് പറഞ്ഞപ്പോഴാണ് അനിയത്തിക്കങ്ങനെയൊരു സ്നേഹബന്ധം ഉണ്ടായിരുന്നുവെന്നത് അവളറിയുന്നത്.
” രമേച്ചിയുടെ വിവാഹം കഴിയാതെയാണോ രമ്യേച്ചിയുടെ വിവാഹം നടത്തുന്നത്” രാഗേഷിന്റെ ചോദ്യം കേട്ടപ്പോൾ സുഭാഷാണതിന് മറുപടി പറഞ്ഞത്.” ചേച്ചിയുടെ വിവാഹവും നമുക്ക് ഉടനെ നടത്താം. ഞങ്ങൾ അതേപ്പറ്റി ചിന്തിച്ചിട്ടുണ്ട്”.
ഏയ് അതൊന്നും വേണ്ട ഇപ്പോൾ രമ്യയുടെ വിവാഹത്തെപ്പറ്റി ആലോചിച്ചാൽ മതി. രാഗേഷിന് ഒരു ജോലിയാവട്ടെ അവന്റെ കൂടി വിവാഹം കഴിഞ്ഞിട്ട് മതി എന്റെ കാര്യം” രമയുടെ തീരുമാനം പോലെ കാര്യങ്ങൾ നടന്നു.
രമ്യയും രാഗേഷ്യം വിവാഹിതരായി. അവർക്ക് കുടുംബമായി. തന്റെ ജീവിത ലക്ഷ്യം പൂർത്തീകരിച്ച ചാരിതാർത്ഥ്യത്തോടെ തന്റെ നാട്ടുകാരുടെ പ്രിയപ്പെട്ട അദ്ധ്യാപികയായി മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുമ്പോൾ വിവാഹപ്രായം കഴിയുന്നുണ്ടെന്നുള്ള കാര്യം രമ അറിഞ്ഞതേയില്ല. പക്ഷേ ഈശ്വരനറിയുന്നുണ്ടായിരുന്നു.
അവിചാരിതമായി ടൗണിൽ വെച്ച് അവളുടെ ക്ലാസ്മേറ്റായ ബിജുവിനെ കാണാനിടയാകുകയും ആ സമാഗമം അവരുടെ വിവാഹത്തിന് വഴിയൊരുക്കുകയും ചെയ്തതോടെ രമ ടീച്ചറുടെ ജീവിതവും പൂവണിഞ്ഞു. രക്ഷിതാവിന്റെ സ്ഥാനത്ത് നിന്നു കൊണ്ട് ദാമോദരൻ അവരുടെ വിവാഹകർമ്മം മംഗള കരമായി നിർവ്വഹിച്ചു. വധൂവരന്മാരെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“നമ്മുടെ നാടിന്റെ അഭിമാനമായ രമ ടീച്ചർ ഇനി കുന്നമംഗലം ഗ്രാമത്തിന്റെ അഭിമാനമാകട്ടെ” .
നാട്ടുകാർ സന്തോഷത്തോടെ അവരെ ആശീർവദിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.