രചന : അഫ്സൽ ബഷീർ തൃക്കോമല✍
ന്യൂസിലാൻഡിൽ ക്രൈസ്റ്റ് ചർച്ച് മസ്ജിദിൽ 2019 മാർച്ച് 15 വെള്ളിയാഴ്ച നിസ്കാരത്തിനിടെ വെള്ളക്കാരനായ വംശീയവാദി വെടിയുതിർത്തു 51 പേർ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമാണ് അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി
ആചരിക്കുന്നത് .
ഈ വര്ഷം യു എൻ നിർദേശ പ്രകാരം 140 രാജ്യങ്ങളാണ് പ്രഥമ ദിനാചരണത്തിന്റെ ഭാഗമാകുക. . ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ- ഓപറേഷന് (ഒ ഐ സി) വേണ്ടി പാക്കിസ്ഥാൻ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചാണ് ഇസ്ലാമോഫോബിയാ വിരുദ്ധ ദിനമായി ആചരിക്കാൻ യു എൻ പൊതുസഭ സമവായത്തിലൂടെ തീരുമാനമെടുത്ത് .60 ഒ ഐ സി അംഗരാജ്യങ്ങളും പ്രമേയം അംഗീകരിച്ചു.എന്നാൽ ഇന്ത്യയും ഫ്രാൻസും വിട്ടു നിന്നത് ഏറെ ഗൗരവത്തോടെ കാണണം.
2004ൽ സെക്രട്ടറി ജനറൽ ആയിരുന്ന കോഫീ അന്നന്റെ നേതൃത്വത്തിൽ ഇസ്ലാമോഫോബിയക്കെതിരായ ഗവേഷണ – നയ രൂപവത്കരണ ശ്രമങ്ങൾ യു.എൻ ആരംഭിച്ചിരുന്നു. ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ നസ്ർ ഐക്യരാഷ്ട്ര സഭയിൽ ഇസ് ലാമോഫോബിയയെക്കുറിച്ച് നടത്തിയ പ്രഭാഷണം ഇന്നും പ്രസക്തമാണ്.
തീവ്രവാദത്തെയും ഭീകരവാദത്തെയും മതവുമായോ വംശീയ വിഭാഗങ്ങളുമായോ ദേശീയതയുമായോ ബന്ധിപ്പിക്കാൻ പാടില്ലെന്ന് പ്രമേയത്തിൽ അടിവരയിടുന്നു . “ലോകത്തു ഇസ്ലാം വിഭാഗത്തോടുള്ള എതിർപ്പ്പ് പകർച്ചവ്യാധിയുടെ തലത്തിലേക്ക്’ വ്യാപിച്ചതായി യു എൻ പ്രത്യേക പ്രതിനിധിയുടെ റിപോർട്ടിൽ പറയുന്നുണ്ട് മാത്രമല്ല ഈ ജന വിഭാഗങ്ങൾ ന്യൂനപക്ഷമായ രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വിദ്യാഭ്യാസം ആരോഗ്യം തൊഴിൽ ആരാധനാ ക്രമങ്ങൾ തുടങ്ങി സമസ്ത മേഖലകളിലും വിവേചനവും ചൂഷണവും അനുഭവിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്.
ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടു പ്രകാരം ഇംഗ്ലീഷിൽ ഇസ്ലാമോഫോബിയ എന്ന പദം ആദ്യമായി രേഖപ്പെടുത്തിയത് 1923ൽ ‘ദി ജേണൽ ഓഫ് തിയോളജിക്കൽ സ്റ്റഡീസ്’ എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ്. എന്നാൽ അഗ്വേലി അഥവാ അബ്ദുൽ ഹാദി അൽ അഖീലി എന്ന സ്വീഡിഷ് പെയിന്ററാണ് ഈ വാക്കിന്റെ ഉപജ്ഞാതാവ്.
"ലോകത്തെ ഇരുനൂറ് കോടി മുസ്ലിംകൾ മനുഷ്യത്വത്തിന്റെ മഹനീയമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നുവെങ്കിലും അവർ പലപ്പോഴും മതവിദ്വേഷത്തിനും മുൻവിധിയോടെയുള്ള ആക്രമണങ്ങൾക്കും വിധേയമാകുന്നു" എന്നാണു അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനം പ്രഖ്യാപിച്ചുകൊണ്ട് യു എൻ സെക്രട്ടറി ജനറൽ ടെഡ്രോസ് അദാനോ ഗബ്രിയേസസ് പറഞ്ഞത്. മുസ്ലിം സ്ത്രീകൾ പല രൂപത്തിൽ മൂന്നിരട്ടി വിവേചനത്തിന് ഇരയാകുന്നുണ്ടെന്നും . സംവാദവും മതസൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള മത നേതാക്കളോട് യു.എൻ മേധാവി നന്ദി അറിയിച്ചു.
ഇത്രയധികം സമാധാനവും മാനുഷികതയും അവകാശങ്ങളും പഠിപ്പിക്കുന്ന മതത്തെ ഇത്രയധികം
തെറ്റിദ്ധാരണക്കു കാരണമായതിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരേണ്ടിയിരിക്കുന്നു. ഭീകരവാദികളും തീവ്ര വാദികളിലും പകുതിയോളം ഈ മതത്തിൽ പെട്ടവർ
ഉൾപെടുകയോ സാഹചര്യങ്ങൾ അതിനിടവരുത്തുകയോ ചെയ്യുന്നത് കൊണ്ട് മാത്രമല്ല ഇസ്ലാമോഫോബിയ ഉയർന്നു വന്നതെന്ന് ഉറപ്പിച്ചു പറയാം. അതിൽ മറ്റു ചില കാരണങ്ങളും ഉണ്ട് .
മറ്റു സംസ്കാരങ്ങളുമായി ഇസ്ലാമിന് ഒരു പൊതുമൂല്യവും അവകാശപ്പെടാനില്ലെന്നും പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോൾ അക്രമോല്സുക രാഷ്ട്രീയ പ്രത്യശാസ്ത്രപര മായ ഒരു കൂട്ടം മാത്രമാണ് ഇസ്ലാമെന്നുമാണ് ഇസ്ലാമോഫോബിയ ഉയർത്തുന്നവരുടെ മുൻവിധി.ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മതവും ലോകത്തിലില്ല .ലോക ജനസംഖ്യയുടെ 24.9 ശതമാനം പ്രതിനിധാനം ചെയ്യുന്ന ഇസ്ലാം, ക്രിസ്തുമതം കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ മതമാണ്. ദിവസം അഞ്ചു നേരം ആരാധനയുടെയും ആഴ്ചയിൽ ഒരു ദിവസം കൃത്യമായി ആരാധനാലയത്തിൽ ഒരുമിച്ചു കൂടുകയും വർഷത്തിലൊരിക്കൽ ലോകം മുഴുവൻ ഒരിടത്തു സംഗമിക്കുകയും വർഷത്തിൽ ഒരു മാസം വൃതമനുഷ്ഠിക്കുകയും ചെയ്യുന്ന ഇത്രയധികം കെട്ടുറപ്പുള്ള പകരം വെക്കാനില്ലാത്ത വേദ ഗ്രന്ഥവുമുള്ള ഒരു
മതത്തെ ഇത്രയധികം ദുർവ്യാഖ്യാനങ്ങൾക്കു വിധേയമാക്കിയത് എന്തുകൊണ്ടെന്ന് ഈ ദിനം ആലോചിക്കണം.
ഇന്ത്യയിൽ അടുത്ത കാലത്ത് സർക്കാറിന് സമർപ്പിക്കപ്പെട്ട സച്ചാർ സമിതി റിപ്പോർട്ട് പ്രകാരം വിവിധ സർക്കാർ മേഖലകളിലും സാമൂഹ്യ രംഗത്തും മുസ്ലിംകളുടെ പ്രാതിനിധ്യം എത്രയോ ചെറുതാണ ന്നും പശ്ചിമ ബംഗാളിൽ മുസ്ലിംകൾ 27 ശതമാനമുണ്ടെങ്കിലും സർക്കാർ മേഖലയിൽ അവരുടെ തൊഴിൽ പ്രാതിനിധ്യം വെറും 3 ശതമാനമാണ് എന്നും പറയുന്നു .
ലോകത്തെ അന്നദാദാക്കളിൽ മുൻപന്തിയിലുള്ള ഇസ്ലാമിക രാഷ്ട്രങ്ങളിലെ ഭരണ സംവിധാനങ്ങളും
വിദേശീയരെ ഉൾപ്പടെ അവർ സംരക്ഷണവലയത്തിലുൾപ്പെടുത്തി
തീറ്റി പോറ്റുന്നതും ഒന്നും ഇസ്ലാമോഫോബിയ ഉയർത്തുന്നവർ കാണുന്നില്ലേ.അവിടെ ഇസ്ലാം നിഷിദ്ധമാക്കിയ ഭക്ഷണം പോലും മറ്റു
രാജ്യങ്ങളിലെ ഇതര മതസ്ഥർ കൈവശം വെക്കുന്നതിനോ കഴിക്കുന്നതിനോ തടസ്സങ്ങളൊന്നുമില്ലെന്നിരിക്കെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു സ്വാഭാവികമായി എല്ലാവരും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ പോലും കൊലപാതകം ഉൾപ്പടെ അരങ്ങേറുന്നില്ലേ?
ഇസ്ലാം സമാധാനത്തിന്റെയും കെട്ടുറപ്പിന്റെയും
ശാസ്ത്രബോധത്തിന്റെയും കരുണയുടെയും മതമാണ് മറ്റു മതങ്ങളെ സഹോദര സമുദായം എന്നാണുവിളിക്കുന്നത് .അതിന്റെ നേതാവ് ലോക മാതൃക മുഹമ്മദ് നബി (സ .അ )ആണ്. “ഇസ്ലാമിനെ പേടിക്കുകയല്ല പഠിക്കുകയാണ് വേണ്ടത്.” അത്രമാത്രമേ ഈ ദിനത്തിൽ പങ്കു വെക്കാനാകൂ.