രചന : മാധവ് കെ വാസുദേവ് ✍

ഉത്തരായന പാദം കടന്നാദിത്യന്‍ വരുന്നതുവരെ ഈവേദന കടിച്ചമര്‍ത്തി കാത്തുകിടക്കാന്‍ തീരുമാനിച്ചിരുന്നു മഹായുദ്ധം തുടങ്ങും മുന്‍പേ തന്നെ. യുദ്ധത്തിന്‍റെ പൂര്‍വ്വരാത്രിയില്‍ എല്ലാവരും ചര്‍ച്ചയില്‍ തങ്ങിക്കിടന്നപ്പോള്‍ മനസ്സ് അതില്‍നിന്നും ഒളിച്ചോടി. പണ്ടുകണ്ട ദു:സ്വപ്നം കൈയെത്തും ദൂരെനില്ക്കുന്നു. അതിന്‍റെയന്ത്യം ഇപ്പോള്‍ പേരമകന്‍ സമ്മാനിച്ചയീ ശരശയ്യയില്‍ ഇങ്ങിനെ. കണ്ണില്‍ ദു:ഖത്തിന്‍റെ ഉപ്പോ അതോ ആനന്ദത്തിന്‍റെ മധുര്യമോ ?


മനസ്സു പലതിലും മുഖം കാണിച്ചു തിരിച്ചുവരുന്നു ഒന്നിലും തങ്ങിനില്‍ക്കാതെ.
സന്ധ്യയുടെ നിഴല്‍പറ്റിയൊരു കറുത്തരൂപം ദൂരെനിന്നും നടന്നടുക്കുന്നതു ണ്ണില്‍പ്പെട്ടില്ല. തന്നിലെ യോദ്ധവീര്യം മറഞ്ഞു പോയോ എന്നൊരുനിമിഷം ശങ്കിച്ചുപ്പോയീ.


ഇരുട്ടിലാമുഖം വ്യക്തമല്ല. തലവഴിമുടിയ ഉത്തരീയം മാറ്റി പാദങ്ങള്‍ ചുംബിച്ചപ്പോള്‍ കാലുകളിലൂടെ ഒഴുകിയ ചുടുപ്രവാഹം. മനസ്സറിഞ്ഞു കണ്ടറിഞ്ഞു.
” അവള്‍ അവള്‍ തന്നെ മുജ്ജന്മത്തില്‍ തന്‍റെ മുന്നില്‍നിന്നും ജീവിതം യാചിച്ചവള്‍ കാശിരാജപുത്രി അംബ. സ്വയംവര മണ്ഡപത്തില്‍ നിന്നും താന്‍ പിടിച്ചിറക്കിയ രാജകന്യക. ശാല്യരാജന്‍റെ പ്രിയകാമുകി, അനുജനുവേണ്ടി കൈപിടിച്ചു തേരില്‍ കയറ്റിയ രാജകന്യക. അതിന്‍റെ പേരില്‍ ജീവിതം ഹോമികേണ്ടി വന്ന ഹത ഭാഗ്യ. ഇപ്പോള്‍ പടച്ചട്ട അണിഞ്ഞു കുനിഞ്ഞ ശിരസോടെ ഈ പടുവൃദ്ധന്‍റെ മുന്നില്‍ കരഞ്ഞുകൊണ്ട്‌.


നരച്ചതാടിരോമങ്ങള്‍ നിറഞ്ഞ കവിളിലൂടെ തലോടികൊണ്ടു കാതുകളോടു മുഖംചേര്‍ത്തമര്‍ത്തി അവള്‍ അതോ അവനോ പറഞ്ഞു.
“” മാപ്പ്”” പൊറുക്കണം ഈ അംബയോട് പൊറുക്കണം.
കൂരമ്പുകളെഴുന്നു നില്ല്കുന്ന കൈ വേദനയോടെ ഉയര്‍ത്തി അവളുടെതലയില്‍ തലോടി.പിന്നെ പതിയെ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു.
”ഈ ജന്മം ആണല്ലോ മകളെ ഞാന്‍ കാത്തിരുന്നത്”. നിന്നെ നിന്‍റെ വരവിനെ”.
തന്റെ ദുശ്ശളയോടു തോന്നുന്ന അതെ പുത്രിവാത്സല്യത്തോടെ അവളെ തഴുകി. എത്രനേരം അവള്‍ എന്നില്‍ ചേര്‍ന്നിരുന്നു തന്റെ വേദനകളെ ഏറ്റെടുത്തു.
പടപളയങ്ങളില്‍നിന്നും ഇരുപക്ഷവും ആവിശ്യങ്ങള്‍ക്കും അന്വേഷണങ്ങളും തേടിയെത്തുന്നതിനു മുമ്പേ, കനമൊഴിഞ്ഞ മനസ്സോടെ ഇരുളിന്‍റെ മറപറ്റി അവൾനടന്നു നീങ്ങി.


പടക്കളത്തിന്‍റെ ഭീകരതിയില്‍ മനസ്സില്‍ പേടിതോന്നിയില്ല. പക്ഷെ ഉള്ളിന്‍റെ യുള്ളില്‍ അംബ, അവള്‍നിന്നു ചിരിക്കുന്നു. അന്നുമിന്നുമെന്നും മകളായീ അവളെ കാണാന്‍ ഇഷ്ടം.
അതെ ആ രൂപം മനസ്സില്‍നിന്നും മായുന്നില്ല, അനുജനുവേണ്ടി ചെയ്ത അപരാധത്തിന്‍റെ ഇരുട്ടു മനസ്സില്‍ കണ്ണനീരായീ, അവളുടെ രോഷ മായീ, ശാപവാക്കുകളായീ. പിന്നെ ആളിപ്പടരുന്ന അഗ്നിയായീ അവള്‍ മനസ്സിനെ ഒരുപാടു നാള്‍ നീറിച്ചു. ഉറങ്ങാന്‍ കഴിയാതിരുന്ന ദിനങ്ങള്‍ അഭയം അമ്മമാത്രമായ ദിവസങ്ങള്‍. ആഴങ്ങളുടെ ഉള്‍ത്തടങ്ങളില്‍ നിന്നും അമ്മ ഉയര്‍ന്നു വന്നു. പിന്നെ ഓളങ്ങളിലൂടെ നടന്നു മുന്നില്‍ നിന്നു.


”അവള്‍ നിന്‍റെ കുലമൊടുക്കാന്‍ പിറന്നവള്‍. ഈ ചന്ദ്രവംശത്തിന്‍റെ അവസാനത്തിന്റെ ആരംഭം. അതാണു മകനെ അംബ. അതിനു നീ കാരണകാരന്‍ ആയീല്ലെ, ഗംഗദത്ത”.
അന്നമ്മ പറഞ്ഞ വാക്കുകൾ സത്യമായി ഭവിച്ചിരിക്കുന്നു. മനസ്സിലൊരു കനല്‍കോരിയിട്ടു അമ്മ ഓളങ്ങളിലൂടെ ആഴങ്ങളുടെ ഉള്‍ത്തടങ്ങളിലേയ്ക്കു ഒളിച്ചു. പിന്നെ ശന്തയായീ ഒഴുകി. അമ്മ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ വളര്‍ന്നപ്പോള്‍ അവയെ നേരിടാനുള്ള ഉള്‍ക്കരുത്തു കിട്ടി.


ചന്ദ്രവംശം അതിന്റെയെല്ലാ അപചയങ്ങളിലൂടെ, മൂല്യച്ചുതികളിലൂടെ, അധര്‍മ്മപാതയിലൂടെ നാശത്തിലേയ്ക്കു വളരെവേഗം വീഴുന്നതു, പിന്നെ ബന്ധങ്ങളുടെ ചങ്ങലകള്‍ തേഞ്ഞുമുറിയുന്നതിനും സാക്ഷി ആകേണ്ടിവന്നു. അതിനും എത്രയോ മുന്‍പേ അംബയുടെ വരവും ഈ ശരശയ്യയും താന്‍ സ്വപ്നം കണ്ടിരുന്നു, ഇന്നവള്‍ വന്നപ്പോള്‍ ഒരു കുറ്റബോധത്തോടെ തലതാഴ്ത്തി നിന്നപ്പോള്‍ മനസ്സ് പറഞ്ഞു.


”വേണ്ട പുത്രി, കരയേണ്ട. നീ ആണ് ശരി. നീ ആയീരുന്നു ശരി”.
കണ്ണുകള്‍ മെല്ലെയടയുന്നു ഇപ്പോള്‍ മനസ്സു ശാന്തം, അലകളില്ലാത്ത തടാകം പോലെ. ജീവന്‍റെ തുടുപ്പിലൊരു സ്പന്ദനം മാത്രം ഒരു മുഖം മാത്രം അംബ. സൂര്യൻ ഉത്തരായണപാദത്തിലോട്ടു കളടെടുത്തു വെയ്ക്കുന്നതും അറിയുന്നു.

മാധവ് കെ വാസുദേവ്

By ivayana