രചന: സുരേഷ് പൊൻകുന്നം✍
കണ്ടിട്ടുമൊന്നും മിണ്ടാതെ പോകുന്ന
മൗനത്തെ ഞാനെന്ത്
പേര് വിളിക്കണം
നാം നടന്ന് നടന്ന് തീരാഞ്ഞ
നാട്ടിടവഴിയിലെ ചാഞ്ഞ് ചതഞ്ഞ
പൂക്കളെ കണ്ടുവോ
മാരിവിൽ മാരിയും മാനത്ത് വന്നിട്ടും
നടനം മറന്ന മയിൽ പോലെ നീയും
ഇരുളും പൊരുളും തിരിയാതെ
നാം നവ വ്യഥ തിന്ന് തീരുന്നു
ഒഴുകുന്ന മിഴിനീരിലലിയുന്നു ജീവിതം
തിരയാർത്ത് ആർത്തലച്ചെത്തുമീ തീരം
തീത്തീരമായി നാം വേവുന്നു നോവുന്നു
മരുഭൂമി പോലെയാകുന്ന കടലും
കരളിലൊരു ചൂണ്ട
പിടയുന്ന മീൻപോലെ പിടച്ചിൽ
തിരികെ നടക്കുന്നു നാം കടലിലോ
കാമന ദ്വീപ് ഇല്ല
കരുണയില്ലല്ലോ കരയിലും
കണ്ണടച്ചേക്കുക
നിന്നെ ഞാൻ കണ്ടില്ലയെന്നെയും
കണ്ടിട്ടുമൊന്നും മിണ്ടാതെ പോകുന്ന
മൗനത്തെ ഞാനെന്ത്
പേര് വിളിക്കണം.